ചരിത്രത്തിലെ എല്ലാ കുരിശുമരങ്ങളിലും ജീവനോടെ തറയ്ക്കപ്പെട്ട പ്രണയക്രിസ്തുവാണ് ഞാൻ....
ഭൂമിയിലെ
എല്ലാ മരങ്ങളിലും
കൂടുള്ള പക്ഷിയാണ് ഞാൻ
എല്ലാ ഇലകളുടെയും
പ്രണയമറിഞ്ഞ കാറ്റാണ്
എന്റെ വിയർപ്പു ഗന്ധം
കലരാത്ത
സമുദ്രങ്ങളില്ല
എന്റെ പാദമുദ്രകൾ
പതിയാത്ത
പർവ്വതങ്ങളുമില്ല
എല്ലാ വേടന്മാരുടെയും
അമ്പിന്റെ ഉന്നമാണ്
എന്റെ ഹൃദയം
എല്ലാ ചൂണ്ടക്കൊളുത്തിലെയും
ഇര വിഴുങ്ങുന്ന
മീനാണ് ഞാൻ
എല്ലാ ഋതുക്കളെയും
അടക്കം ചെയ്യുന്ന
ശ്മശാനമാണ്
എന്റെ രക്‌തമൊഴുകാത്ത
ഒരു യുദ്ധവും
നടന്നിട്ടില്ല ഇന്നോളം
എന്റെ ജഡം
തൂങ്ങിയാടാത്ത
ഒരു തൂക്കു മരവും
നിർമ്മിക്കപ്പെട്ടിട്ടില്ല
ഇതുവരെ
ഇത്രയും കാലം പെയ്ത
പേമാരിയേക്കാൾ
ഭൂമിയെ നനച്ചിട്ടുണ്ട്
എന്റെ കണ്ണുനീർ
എന്റെ ഏകാന്തത തിന്ന്
തടിച്ചു കൊഴുക്കാത്ത
ദ്വീപുകളില്ല
എന്റെ മൗനം കുടിച്ച്
ഉന്മത്തരാകാത്ത
കവികളില്ല
ചരിത്രത്തിലെ
എല്ലാ കുരിശുമരങ്ങളിലും
ജീവനോടെ തറയ്ക്കപ്പെട്ട
പ്രണയക്രിസ്തുവാണ് ഞാൻ....
എം ബഷീർ