മനോഹരമായ ഒരു കൊച്ചുസിനിമ. ഒരു ചെറുകഥ വായിക്കുന്ന സുഖത്തോടെ കാണാം. വാർദ്ധക്യം സ്വന്തം ഇഷ്ടത്തിന് ജീവിക്കാൻ അനുവാദമില്ലാത്ത നിസ്സഹായരായ മുതിർന്ന പൗരന്മാരുടെ ജീവിതത്തിലേക്കാണ് ഈ സിനിമ വിരൽ ചൂണ്ടുന്നത്.
മനോഹരമായ ഒരു കൊച്ചുസിനിമ. ഒരു ചെറുകഥ വായിക്കുന്ന സുഖത്തോടെ കാണാം.
വാർദ്ധക്യം സ്വന്തം ഇഷ്ടത്തിന് ജീവിക്കാൻ അനുവാദമില്ലാത്ത നിസ്സഹായരായ മുതിർന്ന പൗരന്മാരുടെ ജീവിതത്തിലേക്കാണ് ഈ സിനിമ വിരൽ ചൂണ്ടുന്നത്.
വൃദ്ധസദനങ്ങളിൽ എത്തിപ്പെട്ടു കഴിഞ്ഞാൽ പിന്നെ മരണം കാത്തിരിക്കണം എന്ന ചിന്തയാണ് നമ്മൾ ഒട്ടുമിക്ക ആളുകളുടെയും ഉള്ളിൽ ഉള്ളതും, സിനിമകൾ പറയുന്നതും .
ഭക്ഷണം കഴിക്കാതെ , സങ്കടപ്പെട്ട്, ഒന്നിനോടും താല്പര്യമില്ലാതെ നെടുവീർപ്പുകളോടെ ജീവിക്കുന്ന കുറച്ച് ആളുകൾ അതായിരിക്കും നമ്മുടെ മനസ്സിലുള്ള വൃദ്ധസദനങ്ങൾ അല്ലേ !
എന്നാൽ അങ്ങനെ അല്ല, മരണമെന്ന പൂർണ്ണ വിരാമത്തിന് മുൻപായി സ്വയം സന്തോഷിക്കാൻ കഴിയുമെന്നും, മറ്റുള്ളവർക് സ്നേഹവും സംരക്ഷണവും പകർന്നു നൽകാൻ കഴിയുമെന്നും, പറയുന്ന, വൃദ്ധസദനത്തിൽ വെച്ച് കണ്ടുമുട്ടിയ ശിവന്റെയും ഗൗരി ടീച്ചറുടെയും അതിമനോഹരമായ കഥയാണ് ഈ സിനിമ.
അവരുടെ ജീവിതസായാഹ്നത്തിലെ ചില സന്തോഷ നിമിഷങ്ങളാണ് ഈ സിനിമയുടെ പ്രമേയം.
ലീല സാംസൺ ഗൗരി ടീച്ചറായും, കോഴിക്കോട് ജയരാജൻ ശിവനായും മനോഹരമായി അഭിനയിച്ച ഈ ചിത്രത്തിന്റെ സംവിധായകൻ അഭിജിത് അശോകൻ ആണ്.
നോബി, ഇർഷാദ്, അനു സിതാര, ദീപക് തുടങ്ങിയവരും ഇതിൽ അഭിനയിച്ചിട്ടുണ്ട്.
നിരവധി പുരസ്‌കാരങ്ങൾ നേടിയെടുത്തിട്ടുണ്ട് നായകനായി അഭിനയിച്ച കോഴിക്കോട് ജയരാജും, അഭിജിത് അശോകൻ എന്ന സംവിധായകനും അവരുടെ ഈ കൊച്ചു സിനിമയും.
കഥാപാത്രങ്ങളുടെ, ചിന്തകളും നിസ്സഹായതകളും നമ്മുടെ മനസ്സിൽ ആഴത്തിൽ പതിപ്പിക്കാൻ ഈ കൊച്ചു സിനിമക്ക് കഴിഞ്ഞു എങ്കിൽ അത് തീർച്ചയായും സംവിധായകന്റെ കഴിവ് തന്നെയാണ്. അഭിജിത് അശോകന്റെ തന്നെ ആണ് തിരക്കഥ. ഗോവിന്ദ് വസന്തയുടെ മ്യൂസിക് ഗ്രാമഭംഗിക്ക് മാറ്റുകൂട്ടുന്നു.
എന്തിനാണ് നമ്മൾ ആയുസ് മുഴുവൻ അദ്ധ്വാനിക്കുന്നത്,ആർക്ക് വേണ്ടിയാണ് വിശ്രമമില്ലാതെ പണിയെടുത്തു തളരുന്നത്, ജീവിത സായാഹ്നത്തിൽ കൂട്ടിനുണ്ടാവുന്നത് ചിലപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ വന്നു കയറുന്നവർ ആകാം എന്ന സന്ദേശത്തോടെയാണ് ഈ സിനിമ അവസാനിപ്പിക്കുന്നത്.
മനോരമ മാക്സ് ൽ ആണ് ഇത് കാണാൻ കഴിയുന്നത്.
Iffk യിൽ പ്രദർശിപ്പിച്ചിരുന്നു ഈ സിനിമ.
(എനിക്ക് ഏറ്റവും കൗതുകം തോന്നിയ കാര്യം 70 കാരൻ ആയ നായകനും 28 കാരൻ ആയ സംവിധായകനും എന്നതാണ്.)
രമ്യ മനോജ് ,നോർത്ത് കരോലിന