പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയിലെ അമൃത സ്നാന ചടങ്ങിനിടയിൽ തിക്കും തിരക്കും കാരണം രണ്ട് തവണ അപകടമുണ്ടായതായി റിപ്പോർട്ടുകൾ. യുപി സർക്കാർ പുറത്തുവിട്ട മരിച്ചവരുടെ വിവരങ്ങളും ദൃക്സാക്ഷികളുടെ വാക്കുകളും അത് ശരി വയ്ക്കുന്നതാണ്. ത്രിവേണി (ഗംഗ, യമുന, സരസ്വതി) സംഗമസ്ഥാനത്തിന് സമീപം (സംഗമ് ഘാട്ട്) പുലർച്ചെ ഒന്നിനും രണ്ടിനും ഇടയിൽ ഉണ്ടായ അപകടത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് അടുത്തത് സംഭവിച്ചത്. ഝൂസിയിലായിരുന്നു രണ്ടാമത്തെ അപകടം.
ഝൂസിയിലെ തിക്കിലും തിരക്കിലും ഉണ്ടായ അപകടം ആരും റിപ്പോർട്ട് ചെയ്തില്ലെന്ന് അവിടെയുള്ളവർ ആരോപിക്കുന്നു. ഇവിടെ ഉണ്ടായ അപകടം ഒരിടത്തും ഉന്നയിക്കപ്പെട്ടിട്ടില്ല. ത്രിവേണി സംഗമസ്ഥാനത്ത് തിക്കിലും തിരക്കിലും പെട്ടാണ് ആളുകൾ മരിച്ചതെന്ന് മാത്രമാണ് പുറംലോകമറിഞ്ഞതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
ഈ രണ്ട് അപകടങ്ങളിലുമായി മരിച്ച 30 പേരുടെ വിവരങ്ങളാണ് കഴിഞ്ഞ ദിവസം സർക്കാർ പുറത്തുവിട്ടിരുന്നത്. രാവിലെ ആറു മണിയോടെയാണ് ഝൂസിയിൽ അപകടം നടന്നത്. ഗംഗാ നദിക്ക് കുറുകേയുള്ള സ്ഥലത്താണ് തിക്കും തിരക്കും ഉണ്ടായതെന്ന് ദൃക്സാക്ഷികൾ വിവരിക്കുന്നു.
“അപകടം കഴിഞ്ഞ് മണിക്കൂറുകളോളം മൃതദേഹങ്ങൾ ഇവിടെ കിടന്നു. അധികൃതർ ആരും മരിച്ചവരെപ്പറ്റിയോ അപകടത്തെപ്പറ്റിയോ അന്വേഷിച്ചല്ല. രാവിലെ ആറുമണിക്ക് തിക്കിലും തിരക്കിലുംപെട്ട് ശ്വാസം മുട്ടി മരിച്ചവരുടെ മൃതദേഹത്ത ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് മാറ്റിയത്. അപകടം നടന്ന് മണിക്കൂറിന് ശേഷം ഒരു വനിതാ പോലീസ് കോൺസ്റ്റബിൾ ആണ് ആദ്യം എത്തിയത്. പിന്നീട് പോലീസ് വീഡിയോ ഷൂട്ട് ചെയ്യു നിന്നും ആളുകളെ തടയുകയായിരുന്നു ചെയ്തതെന്നും” ജുസിയിലെ ഹൽദിറാം കിയോസ്കിലെ നേഹ ഓജ പറഞ്ഞു.
“ഝൂസിയിലേക്ക് അധികൃതർ ആരും തിരിഞ്ഞു നോക്കിയിലെന്നും അപകട ശേഷം സഹായിക്കാൻ പോലും ആരും എത്തിയില്ലെന്നും” – മറ്റൊരു ദ്യക്സാക്ഷിയും പറഞ്ഞു. “ആൾക്കൂട്ടം വളരെ കൂടുതലായിരുന്നു. പെട്ടന്ന് അത് പൂർണ്ണമായും നിയന്ത്രണാതീതമായി. ആളുകൾ ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് പോകാൻ തുടങ്ങി” – അപകടം സംഭവിച്ചതിനെപ്പറ്റി ദൃക്സാക്ഷിയായ പ്രയാഗ് രാജ് സ്വദേശി ഹർഷിദ് പറയുന്നു.
അതേസമയം വിഐപികൾക്ക് വേണ്ടി നടത്തിയ ക്രമീകരണമാണ് അപകടത്തിന് ഇടയാക്കിയത് എന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. മൗനി അമാവാസിയിലെ അമൃത് സ്‌നാനം മഹാ കുംഭമേളയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ്. ഈ ചടങ്ങിന് പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ എത്തിയതാണ് കഴിഞ്ഞ ദിവസം അപകടത്തിന് കാരണമായത്.
144 വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന ‘ത്രിവേണി യോഗ്’ എന്നറിയപ്പെടുന്ന അപൂര്‍വ ആകാശ വിന്യാസം കൂടി സംഭവിക്കുന്നതിനാല്‍ ചടങ്ങിന് ഭക്തര്‍ക്കിടയില്‍ വലിയ ആത്മീയ പ്രാധാന്യമുണ്ട്. സന്യാസി, ബൈരാഗി, ഉദസീന്‍ എന്നീ മൂന്ന് വിഭാഗങ്ങളില്‍പ്പെട്ട അഖാരകരുടെ സംഘം ഘോഷയാത്രയായി എത്തി ഒരു നിശ്ചിത ക്രമത്തില്‍ ഗംഗയില്‍ സ്‌നാനം നടത്തുന്നതാണ് ചടങ്ങ്.