LITERATURE

പുനർജനികൾ (അമ്മമണം)

Blog Image
അമ്മയുടെ ഞാൻ അറിയാതെ പോയ സ്വപ്നങ്ങൾ ഇനി, അമ്മക്ക് അജ്ഞാതമായ മണ്ണുകളിൽ വേരൂന്നും...ആ സ്വപ്നപൂവുകൾക്ക് എവിടെയോ ഇരുന്ന് അമ്മ സ്നേഹഗന്ധവും സുന്ദരനിറങ്ങളും നൽകുമെന്ന് ഞാൻ ആശിച്ചു പോകുന്നു!!!  എന്റെ തീരാനഷ്ടത്തെ തീയിട്ട് നശിപ്പിക്കാതെ ഞാൻ തുടർച്ചയുടെ തീരം തേടുന്നു!!

ഇന്ന് വൈകിട്ട് തൊട്ടുളള ഈ മേക്കാച്ചിൽ ഇന്ന് മുതൽ ഞാൻ അറിയാൻ പോകുന്ന ഒറ്റപ്പെടലിന്റെ തുടക്കം അല്ലേ??
വിധി ആഞ്ഞടിച്ച അലയിൽ ഞാൻ ഒഴുകി അടിഞ്ഞിരിക്കുന്നത് ഒരു അനാഥദ്വീപിൽ ആണ്. കമിഴ്ന്നടിച്ച് കിടന്ന് ഈ രാത്രി ഉറങ്ങിയുണർന്നാലും ഇത് ഭേദമാകാൻ പോകുന്നില്ലല്ലോ.ആ നൊമ്പരം കനം വെച്ച്, കനം വെച്ച് ഒരു മഞ്ഞുമല പോലെ നെഞ്ചിൽ ഉറഞ്ഞ് പോവില്ലേ.

അച്ഛൻ ഇനിയില്ല എന്ന് മനസ്സിനെ പറഞ്ഞ് വിശ്വസിപ്പിച്ച ആ സന്ധ്യയിലും ഈ നഷ്ടനൊമ്പരം ഞാനറിഞ്ഞതല്ലേ.. നിന്നും വിസ്മരകിരണങ്ങളിലെ തിളങ്ങുന്ന സ്മൃതിരേണുക്കളായ് മറഞ്ഞ ആ സന്ധ്യയിലും ഇത് ഞാൻ അറിഞ്ഞത് അല്ലേ...  പക്ഷെ, അന്നത്തെ ആ സ്നേഹശൂന്യതയിൽ എനിക്ക് ചേർന്ന് നിൽക്കാൻ അമ്മ ഉണ്ടായിരുന്നു കൂടെ..... ഇന്ന് ആ വത്സലമേഘം ആണ്,എന്നെ സ്നേഹദരിദ്രനാക്കി പെയ്തകന്നത്....

യൗവനം ഇനിയും ഇറങ്ങിപ്പോവാത്ത ആ മുഖത്ത് അണയാൻ പോവുന്ന ഒരു ലക്ഷണവും ഞാൻ കണ്ടിരുന്നില്ലല്ലോ...അതോ ഓടിക്കിതക്കുന്ന ചര്യാചിട്ടകൾക്കപ്പുറം അമ്മയെ ഞാൻ ശ്രദ്ധയോടെ നോക്കിയിരുന്നില്ലേ??? ഒന്ന് കുഴഞ്ഞു വീണപ്പോൾ കുടഞ്ഞെണീക്കാൻ പറ്റാത്തത്രയും തളർന്നു പോയിരുന്നോ അമ്മ!!

ഇനിയുമേറെക്കാലം കൂടെ ഉണ്ടാവും എന്ന് വിചാരിച്ച് അമ്മയോട് ഞാൻ ഇഷ്ടങ്ങളും, ഇഷ്ടക്കേടും, ആഗ്രഹങ്ങളും, സ്വപ്നങ്ങളും ഒന്നും തന്നെ ചോദിച്ചില്ല... എന്തൊക്കെ ആഗ്രഹിച്ചിട്ടുണ്ടാകുമോ ആവോ...എന്നാലും അമ്മേ, എന്തിനാ ഇത്ര വേഗം എന്റെ ഓർമ്മകളിൽ മാത്രമായ് ഒതുങ്ങാൻ പോയത്? എന്നിലേക്ക് ഇനി നടന്നുകയറുന്ന ബന്ധങ്ങൾക്ക് എല്ലാം എന്റെ ഓർമ്മവരികളിലെ അമ്മയെ മാത്രമല്ലേ അറിയാൻ പറ്റൂ!!!...അമ്മയോട് ഒട്ടിനിന്നിരുന്ന ദോശമണം, ചന്ദനത്തിന്റെ മണം,മഷിപ്പേനയുടെ മണം - ഇതെല്ലാം വെടിപ്പാക്കി മടക്കിവെച്ച സാരികൾക്കും, വെടിപ്പാക്കി വിരിച്ചിട്ട കിടക്കവിരിക്കും എത്ര കാലം ഇവിടെ പിടിച്ചു നിർത്താനാവും? ഉപേക്ഷിക്കപ്പെട്ടതറിയാതെ ഊഴം കാത്തിരിക്കുന്ന ആ സാരികളിൽ മുഖം പൂഴ്ത്തിവെച്ചിട്ടും എന്റെ ഉള്ളം ഉരുകുന്നല്ലോ അമ്മേ !!!! മുടി നീക്കി നെറ്റിയിൽ തലോടി എന്റെ അല്ലലുകൾ എല്ലാം അമ്മ അലിയിച്ചു കളയാറുളളതല്ലേ.... ഒരിക്കൽ കൂടി, കവിളുകളിൽ ആ സ്നേഹസ്പർശം അറിയാൻ പറ്റിയിരുന്നെങ്കിൽ!!!!

മരണം മനോഹരമൗനമായും മിഥ്യാമൃതിയായും എത്ര വായിച്ചറിഞ്ഞതും എഴുതിപ്പറഞ്ഞതും ആണ്... 
എന്നാലും ഈ നീറ്റൽ ഇന്ന് എന്റെ നെഞ്ചിലെ വിളളലുകളിൽ ചുവന്ന് കത്തി ഒലിക്കുന്നു....

ഈ സങ്കടക്കടലിന്റെ നടുവിൽ നിൽക്കുമ്പോഴും ഞാൻ അറിയുന്നു - ചില കുടുംബങ്ങളിൽ എന്റെ അമ്മ പ്രതീക്ഷകളുടെ തിരിനാളമായ് തെളിയുന്നത്...
കണ്ണിൽ പരന്ന ഈറൻമറക്കുളളിലെ മങ്ങിയ കാഴ്ചയിലും ഞാൻ കണ്ടു-- എന്റെ ഒരു ഒപ്പ് കൊണ്ട്, എന്റെ അമ്മ ഒരു കെടാവിളക്ക് പോലെ തെളിയുന്നതും കാറ്റത്ത് അണയാൻ പോകുന്ന കുറച്ച് തിരികൾക്ക് വെളിച്ചം പകരുന്നതും!!!

നിശ്ചലമായ നിഴലിന്റെ മൂകരാഗത്തിൽ നിന്നും ഒരു വീട് ഇനി എന്റെ അമ്മയുടെ ഹൃദയതാളത്തിന്റെ നവരാഗം കേട്ടുണരും..

ഉൾക്കാഴ്ചയിൽ കേട്ടറിഞ്ഞ ഇരുട്ടിന്റെ ഒരു കുഞ്ഞു ലോകത്ത് ഇനി, എന്റെ അമ്മയുടെ കണ്ണുകൾ, നിറങ്ങളുടെ വെളിച്ചമുളള കാഴ്ചകൾ കൊണ്ട് ചിത്രം വരയ്ക്കും..

നിവൃത്തിക്കേടിന്റെ നീലിച്ച നിശ്വാസങ്ങൾ  നീന്തിക്കടന്ന് ഒരു കുടുംബം ശുദ്ധമായ് ശ്വസിച്ചുണരും!!

നീർവെച്ച് വീർത്ത് നിരാശയുടെ നീരിറക്കി നാൾകളെണ്ണിയവർ നല്ലമനസ്സുകളുടെ നന്മയിൽ നാളെകളെ നോക്കി നിറഞ്ഞ് ചിരിക്കും..

അനാരോഗ്യ അവശതയിൽ ജീവസുറ്റ് പോയ കുറച്ച് ജീവിതങ്ങൾക്ക് അമ്മ പുനർജന്മത്തിന്റെ ഓജസ്സ് പകർന്നു കൊടുക്കും..

അമ്മയുടെ ഞാൻ അറിയാതെ പോയ സ്വപ്നങ്ങൾ ഇനി, അമ്മക്ക് അജ്ഞാതമായ മണ്ണുകളിൽ വേരൂന്നും...ആ സ്വപ്നപൂവുകൾക്ക് എവിടെയോ ഇരുന്ന് അമ്മ സ്നേഹഗന്ധവും സുന്ദരനിറങ്ങളും നൽകുമെന്ന് ഞാൻ ആശിച്ചു പോകുന്നു!!! 

എന്റെ തീരാനഷ്ടത്തെ തീയിട്ട് നശിപ്പിക്കാതെ ഞാൻ തുടർച്ചയുടെ തീരം തേടുന്നു!!

ദിവ്യ,ഡാളസ് 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.