LITERATURE

പുഴുവരിച്ച മനസുകൾ

Blog Image
മറ്റു പലർക്കും വളരെ വ്യത്യസ്തങ്ങളായ അനുഭവം ആയിരിക്കാൻ എല്ലാ സാധ്യതകളും ഉണ്ട്. അല്ലെങ്കിലും നമ്മൾ നായകന്റെ സ്ഥാനത്ത് നമ്മളെ തന്നെ പ്രതിഷ്ഠിച്ചാണല്ലോ സിനിമ കാണുന്നത്, അതുകൊണ്ട് നമ്മുടെ അനുഭവങ്ങളുടെ പശ്ചാത്തലം സിനിമ ആസ്വാദനത്തെ വളരെയധികം സ്വാധീനിക്കുമെന്ന് തോന്നുന്നു.

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇരുപത്തിനാല് വർഷമായിട്ടും, ഗോമതിയുടെ ചേച്ചിയുടെ ഭർത്താവിനെ ഞാനിതുവരെ കണ്ടിട്ടില്ല. പുള്ളിക്കാരൻ, മുസ്ലിങ്ങളോട് ഒരു വിധത്തിലുള്ള സമ്പർക്കവും പുലർത്താനിഷ്ടപ്പെടാത്ത, ഒരു ആർഎസ്എസ് അനുഭാവിയാണ്. 
കല്യാണം കഴിഞ്ഞ ഇടക്ക് ഒരിക്കൽ ഞാൻ അയാളെ വിളിച്ചിരുന്നു. മണ്ഡൂക്യ ഉപനിഷത്തിലെ തുരീയം എന്ന സങ്കല്പത്തെ  കുറിച്ചൊക്കെ പറഞ്ഞു നമ്മളൊക്കെ ഒന്നല്ലേ എന്ന് സ്ഥാപിക്കാനാണ് വിളിച്ചത്. വേദവ്യാസന്റെ അമ്മ ഒരു മുക്കുവസ്ത്രീയാണെന്നൊക്കെ ഞാൻ പറഞ്ഞു തുടങ്ങിയപ്പോഴാണ് പുള്ളിക്ക് അതൊന്നും അറിയില്ലെന്ന് മനസിലായത്.  ഞാൻ പിന്നെ മണ്ഡൂക്യത്തെ കുറിച്ചൊന്നും പറയാൻ പോയില്ല. 
ഞങ്ങൾ നാട്ടിൽ പോകുമ്പോൾ, പുള്ളിയെ ഒളിച്ചാണ് ചേച്ചി ഗോമതിയെ കാണാൻ വരുന്നത് തന്നെ. അവരുടെ മകൾക്ക് കമ്പ്യൂട്ടർ വാങ്ങി കൊടുത്തത് അമ്മ വഴിയാണ്, ഞാൻ നേരിട്ട് കൊടുത്താൽ അയാൾ വാങ്ങാൻ സമ്മതിക്കില്ല. ഗോമതിയുടെ പെരിയപ്പ അന്ന് പറഞ്ഞത് ഞങ്ങൾ മുസ്ലിങ്ങളുടെ വീട്ടിൽ നിന്ന് വെള്ളം പോലും കുടിക്കില്ല എന്നാണ്, വെള്ളം കുടിച്ചില്ലെങ്കിൽ ചായ ഉണ്ടാക്കി തരാമെന്നു ഞാൻ മറുപടിയും പറഞ്ഞു. വളിച്ച തമാശ കേട്ടിട്ടാകണം അങ്ങേരും ഇതുവരെ എന്നെ കണ്ടിട്ടുമില്ല, അത് കഴിഞ്ഞു സംസാരിച്ചിട്ടുമില്ല.
ഗോമതിയുടെ അച്ഛനും അമ്മയും അമേരിക്കയിൽ ഞങ്ങളുടെ വീട്ടിൽ വന്നിടക്ക് , എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്ത് ശ്രീകുമാർ രാത്രി ഡിന്നറിനു ക്ഷണിച്ചിരുന്നു. കുറെ തവണ നിർബന്ധിച്ചിട്ടാണ് അവർ കൂട്ടുകാരന്റെ വീട്ടിലേക്ക് വന്നതുതന്നെ. പക്ഷെ വന്നപ്പോൾ വീട്ടിൽ നിന്ന് കഴിച്ചിട്ടാണ് വന്നത്.  അച്ഛനും അമ്മയ്ക്കും വേണ്ടി പച്ചക്കറി ഒക്കെ പാചകം ചെയ്ത അവന്റെ മുഖത്ത് എനിക്ക് നോക്കാൻ കഴിഞ്ഞില്ല. എന്നാൽ പിന്നീട് ഒരു അയ്യർ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാൻ അവർക്ക് പ്രശ്നം ഉണ്ടായതുമില്ല. പിന്നീടാണ് എന്റെ കൂട്ടുകാരൻ ഒരു  ഈഴവനായത് കൊണ്ടാണ് അവിടെ നിന്ന് ഭക്ഷണം കഴിക്കാൻ അവർ വിസമ്മതിച്ചത് എന്ന വസ്തുത എനിക്ക് കത്തിയത്. ഇന്നും അവരുടെ വീട്ടിൽ ജോലിക്ക് വരുന്ന സ്ത്രീയെ മുൻ വാതിലിൽ കൂടി കയറ്റുകയോ, അടുക്കളയിൽ കയറ്റുകയോ ചെയ്യാറില്ല. മകൾ ഒരു മുസ്ലിമിനെ വിവാഹം കഴിച്ചത് പോലും പതുക്കെയാണെങ്കിലും കൂടി  അംഗീകരിക്കാൻ മനസ് കാണിച്ച അവർക്ക് പോലും ഇതുവരെ ജാതിയുടെ പുറത്തേക്ക് വരാൻ കഴിഞ്ഞിട്ടില്ല. പ്രായമായ അവരെ സംരക്ഷിക്കാൻ പാചകക്കാരെയും ഹോം നഴ്സിനെയും പോലുള്ള ആളുകളെ നോക്കുമ്പോൾ ഏറ്റവും വലിയ പ്രശ്നം ജാതിയാണ്.  
എല്ലാ മതസ്ഥർക്കും പ്രയാസമുണ്ടാകുന്ന ഒരു കാര്യമാണ് സ്വന്തം മതത്തിലെ പെൺകുട്ടികൾ പുറത്തുനിന്ന് ഒരു പുരുഷനെ കണ്ടെത്തുന്നത്. അതിൽ തന്നെ ബ്രാഹ്മിൺസിന് പ്രത്യേകിച്ചും ഏറ്റവും പ്രയാസമുണ്ടാക്കുന്ന ഒരു കാര്യമാണ് അവരുടെ സമുദായത്തിൽ നിന്ന് ഒരു പെൺകുട്ടി ഒരു ദളിത് അല്ലെങ്കിൽ മുസ്ലിം യുവാവിനെ വിവാഹം കഴിക്കുക എന്നത്. സ്ത്രീയെ, സ്വന്തം വികാര വിചാരങ്ങളില്ലാത്ത, സ്വയം തീരുമാനം എടുക്കാൻ കഴിയാത്ത, ഒരു വസ്തു (commodity) കണക്കാക്കുന്ന പഴയകാല ശീലങ്ങളുടെ തുടർച്ചയാണ് അതിന്റെ അടിസ്ഥാന കാരണം. സ്ത്രീകളെ, commodity യുടെ മലയാളമായ "ചരക്ക്" എന്ന, അപകീർത്തികരമായ പരാമർശം നടത്തുന്നതിന്റെ അടിസ്ഥാനവും ഇതുതന്നെയാണ്. അതിന്റെ കൂടെ ജാതി കൂടി കയറിയാൽ അവർക്കുണ്ടാകുന്ന മാനസിക വിഭ്രാന്തിയാണ് പുഴു എന്ന സിനിമ കൈകാര്യം ചെയ്‍തത്. ജാതി സമൂഹത്തിൽ നിശബ്ദമായി എങ്ങിനെ പ്രവർത്തിക്കുന്നു എന്ന കാണിച്ചുതന്ന സിനിമ , ഉന്നതകുലജാതിക്കാരെ വിളറി പിടിപ്പിച്ചതിൽ അത്ഭുതപ്പെടാനില്ല. പൂനെ ചിത്പാവൻ ബ്രാഹ്മിൻസ് തുടങ്ങി വച്ച ആർഎസ്എസിനെയും അവരുടെ രാഷ്ട്രീയ സംഘടനായ ബിജെപിയെയും അത് വിളറിപിടിപ്പിച്ചത് സ്വാഭാവികമായ കാര്യമാണ്. 
പുഴു ഇറങ്ങിയ ഇടക്ക് ഞാനെഴുതിയ കുറിപ്പ് താഴെ. 
നിങ്ങൾ ഒരു സിനിമാ സംവിധായകൻ അല്ലെങ്കിൽ സംവിധായിക ആണെന്ന് കരുതുക. താഴെ പറയുന്ന സീൻ നിങ്ങൾ ചിത്രീകരിക്കുന്നു എന്നും  മനസ്സിൽ ചിന്തിക്കുക. നിങ്ങളാണ് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതും അവരോട് അഭിനയിക്കാൻ ആവശ്യപ്പെടുന്നതുമെല്ലാം. ഒരു നല്ല സംവിധായകൻ ആകണമെങ്കിൽ  മനസ്സിൽ ഓരോ സീനും ഒരു സ്‌ക്രീനിൽ എന്ന പോലെ നിങ്ങള്ക്ക് കാണുവാൻ സാധിക്കണം. ഇത് വായിക്കുമ്പോൾ ഈ സംഭവങ്ങൾ നിങ്ങൾ മനസ്സിൽ കാണണം. എന്നിട്ട് മാത്രം തുടർന്ന് വായിക്കുക.
"ഒരു പ്രശസ്ത വക്കീൽ ആണ് ഈ സീനിലെ പ്രധാന  കഥാപാത്രം. ഈ വക്കീൽ തന്റെ കക്ഷിയെ കാണാനായി യാത്ര പുറപ്പെടുന്നു. ഒരു സ്കൂട്ടറിലാണ് വക്കീൽ പോകുന്നത്. നഗരത്തിനടുത്തുള്ള ബീച്ചിൽ സ്ഥിതി ചെയ്യുന്ന ഒരു റെസ്റ്റാറ്റാന്റിലാണ് കക്ഷി വരാമെന്ന് പറഞ്ഞിട്ടുള്ളത്. വക്കീൽ  അവിടെയെത്തി  സ്കൂട്ടർ പാർക്ക് ചെയ്തു കക്ഷിയെ കാണാനായി പോകുന്ന വഴിക്ക്, മദ്യപിച്ച് ലക്കുകെട്ട  ഒരാൾ  പെട്ടെന്ന്  വക്കീലിനെ ആക്രമിക്കുന്നു. അസഭ്യം പറയുന്നു, വക്കീലിന്റെ കയ്യിലെ ഫോണെടുത്ത് വലിച്ചെറിയുന്നു. ഒരു  നിമിഷത്തേക്ക് പകച്ച് പോയ വക്കീൽ പെട്ടെന്ന് മനഃസാന്നിധ്യം വീണ്ടെടുക്കുകയും അക്രമിയെ നേരിടാൻ ശ്രമിക്കുകയും ചെയ്യുന്നു. കുറെ പേര് ഇത് മൊബൈൽ ഫോണിൽ പകർത്തുന്നു"
ഇത്രയും നിങ്ങൾ മനസ്സിൽ കണ്ടുകഴിഞ്ഞുവെങ്കിൽ  മാത്രം താഴെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയുക. 
1. വക്കീൽ കഥാപാത്രം ഒരു പുരുഷൻ ആയിരുന്നോ സ്ത്രീ ആയിരുന്നോ 
2. വക്കീൽ കഥാപാത്രം ഒരു ദളിത് ആയിരുന്നോ ബ്രാഹ്മണൻ  ആയിരുന്നോ?
3. വകീൽ കഥാപാത്രം അഭിനയിച്ച ആൾ കറുത്തിട്ട്  ആയിരുന്നോ വെളുത്തിട്ട് ആയിരുന്നോ?  
3. വഴക്കിട്ട ആൾ കറുത്തിട്ട ആയിരുന്നോ വെളുത്തിട്ട് ആയിരുന്നോ?
4. വഴക്കിട്ട ആൾ ഒരു "ഉയർന്ന" ജാതിയിൽ പെട്ട ഒരാൾ ആയിരുന്നോ?     
ഇത്  വായിച്ച ഭൂരിപക്ഷം പേരും  ഒരു ദളിത് സ്ത്രീയെ മേല്പറഞ്ഞ സീനിലെ വക്കീലായി മനസ്സിൽ കണ്ടു കാണില്ല എന്നുറപ്പാണ്. അത്രയ്ക്ക് പുരോഗമനമൊന്നും നമ്മുടെ നാട്ടിൽ ആയിട്ടില്ല.  പക്ഷെ ഞാൻ ഒരു കഥ പോലെ പറഞ്ഞ സംഭവം യഥാർത്ഥത്തിൽ നടന്ന ഒരു സംഭവമാണ്. കോഴിക്കോട് ബീച്ചിൽ വച്ച് അഭിഭാഷകയായ ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ട സംഭവം. ആ  വക്കീൽ കറുത്ത നിറമുള്ള ദളിത് സ്ത്രീ ആയിരുന്നു. പക്ഷെ നമ്മുടെ പലരുടെയും മനസ്സിൽ വക്കീലായി വന്നത് "ഉന്നത" കുല ജാതനായ കഴുത്തിൽ രുദ്രാക്ഷം ഇട്ട നരസിംഹത്തിലെ  "നന്ദഗോപാൽ മാരാർ" തരത്തിലുള്ള വക്കീലോ മറ്റോ ആയിരിക്കും. എന്തായാലും ഒരു ദളിത് സ്ത്രീ വക്കീലിനെ അത്ര പെട്ടെന്ന് മനസ്സിൽ ആലോചിക്കാൻ മാത്രം നമ്മുടെ സമൂഹം വളർന്നിട്ടില്ല, കാരണം അത്രയ്ക്ക് മാത്രം ദളിത് വക്കീലന്മാരെ തന്നെ കേരളവും കണ്ട് തുടങ്ങിയിട്ടില്ല. (ഞാനുൾപ്പടയുള്ള ആളുകൾ ഈ ബയാസിന്റെ അടിമകളാണ്, ചിലർ അത് മാറ്റിയെടുക്കാൻ ശ്രമിക്കുന്നുണ്ടെന്ന് മാത്രം. പുരുഷന്മാർ  ഫെമിനിസം സംസാരിക്കുന്നത് പോലെയാണ് ജാതിയുടെ തിക്തഫലം അനുഭവിക്കാത്തവർ ജാതിയെക്കുറിച്ച് സംസാരിക്കുന്നത്. അനുഭവവും  ആനുഭാവവും വേറെ വേറെ സംഗതികളാണ്)  
സുപ്രീം കോടതിയിൽ തന്നെ  മുപ്പത്തി മൂന്ന് ജഡ്ജിമാരിൽ വെറും രണ്ടുപേരാണ് ദളിത് വിഭാഗത്തിൽ നിന്നുള്ളത്. വെറും മൂന്ന് വർഷങ്ങൾക്ക് മുൻപാണ് കേരള ഹൈക്കോടതിയിലെ ഒരു ന്യായാധിപൻ  ബ്രാഹ്മണർ മനുഷ്യർക്ക് കിട്ടാവുന്ന എല്ലാ ഗുണങ്ങളും ലഭിച്ച് മുൻജന്മ സത്കർമ ഫലമായി ജനിച്ചവരാണെന്നു പ്രസംഗിച്ചത്. അടുത്ത ജന്മത്തിൽ ബ്രാഹ്മണൻ ആകണമെന്ന് വാശി പിടിക്കുന്ന സിനിമാ നടൻ രാജ്യസഭാംഗമായിരുന്നതും  കേരളത്തിൽ നിന്നാണ്.  സർക്കാർ സർവീസിലും രാഷ്ട്രീയത്തിലും, അധികാരത്തിലും മാധ്യമങ്ങളിലും  അനർഹമായ തോതിൽ പ്രാധിനിത്യം ഉള്ള ഇവർ തന്നെ ജാതി സംവരണത്തിന് എതിരെ തരം കിട്ടുമ്പോൾ സംസാരിക്കുന്നതും കാണാം. 
ജാതി പ്രവർത്തിക്കുന്നത് വളരെ നിശബ്ദമായി നമ്മുടെ മനസുകളിൽ തന്നെയാണ് എന്ന് കാണിക്കാൻ വേണ്ടിയാണു ഞാൻ ഈ ചിന്താ പരീക്ഷണം പറഞ്ഞത്. ഇത് നമ്മുടെ നാട്ടിലെ മാത്രം പ്രശ്നമല്ല, പ്രസിഡന്റ് ആകുന്നതിനു ഏതാണ്ട് ഏഴു വർഷങ്ങൾക്ക് മുൻപ്,  അമേരിക്കയിൽ ഒരു സംസ്ഥാനത്തെ സെനറ്റർ ആയിരിക്കുന്ന സമയത്ത്, ഒരു മീറ്റിംഗിൽ പങ്കെടുത്ത ബരാക് ഒബാമയോട് , അദ്ദേഹം റെസ്റ്റാറ്റാന്റിലെ ഒരു ജോലിക്കാരൻ ആണെന്ന് തെറ്റിദ്ധരിച്ച്, ഒരു വെള്ളക്കാരൻ  വെള്ളം കൊണ്ടുവരാൻ പറഞ്ഞു വിട്ട സംഭവം ഉണ്ടായിട്ടുണ്ട്.   കേരളത്തിലെ ജാതിയും  അമേരിക്കയിലെ വർണവെറിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ തന്നെയാണ്.  കറുത്തവർ വില്ലന്മാരും വെളുത്തവർ നായകരും ആയ ഇന്ത്യൻ സിനിമകൾ നമ്മൾ എത്ര കണ്ടതാണ്. കറുത്തവർ അല്ലെങ്കിൽ ദളിത് ജാതിക്കാർ എത്ര ഉയർന്ന വിദ്യാഭ്യാസം ലഭിച്ചാലും അവരുടെ കഴിവ് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരുന്നില്ലെങ്കിൽ അവർ അംഗീകരിക്കപ്പെടില്ല, ന്യൂയോർക്കിലെ  കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന്  ബിരുദാനന്ദ ബിരുദവും, ലണ്ടൺ സ്കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്ന് രണ്ട് ഡോക്ടറേറ്റുകളും  കിട്ടിയ,  ഇന്ത്യ കണ്ട ഏറ്റവും വലിയ ജ്ഞാനിയായ  ബാബാസാഹേബ് അംബേദ്കറെ പോലും വെറുമൊരു ദളിത് നേതാവ് മാത്രമായിട്ടാണ് നമ്മൾ കാണുന്നത്. അതേസമയം ഒരു ബ്രാഹ്മണൻ ആണെങ്കിൽ പത്താം ക്ലാസ് പാസ്സായിട്ടില്ലാത്ത ഒരാളാണെങ്കിൽ പോലും സമൂഹം ഭയഭക്തി ബഹുമാനത്തോടെ കാണും എന്നതാണ് ഇന്നത്തെ സാമൂഹിക യാഥാർഥ്യം. പൂണൂലും, കുറച്ച് മന്ത്രങ്ങളും അറിഞ്ഞാൽ നമ്മുടെ നാട്ടിലെ റോക്കറ്റ് വിടാൻ പോലും  അവരുടെ അനുമതി വേണ്ടിവരും.  ജനനം കൊണ്ടുതന്നെ തങ്ങൾ ആരൊക്കെയോ ആണെന്ന് കരുതിയിരിക്കുന്ന നാർസിസ്റ്റുകളാണ് ഇവർ. 
അമേരിക്കയിലെ വംശീയതയും ഇന്ത്യയിലെ ജാതിയെയും താരതമ്യപ്പെടുത്തിക്കൊണ്ട് "കാസ്റ്റ്" എന്ന പുസ്തകമെഴുതിയ ഇസബെൽ വിൽക്കേഴ്‌സാൻ ഇന്ത്യയിൽ വന്നപ്പോൾ നിരീക്ഷിച്ച ഒരു കാര്യം ഈ പുസ്തകത്തിൽ പറയുന്നുണ്ട്. ഇന്ത്യയിൽ  ആരൊക്കെ ഏതു ജാതിയിൽ പെടുന്നു എന്ന് ഒരു പിടിയുമില്ലാതിരുന്ന അവർ  ജാതിയെ കുറിച്ച് ചർച്ച ചെയ്യാൻ കൂടിയ ഒരു സെമിനാറിൽ വച്ച് ആരൊക്കെ ആണ് "ഉന്നത" ജാതിക്കാർ, ആരൊക്കെയാണ് "താഴ്ന്ന" ജാതിയിൽ പെടുന്നത് എന്ന് കൃത്യമായി, ആളുകളുടെ ശരീര ഭാഷ നിരീക്ഷിച്ച്, പറയാൻ കഴിഞ്ഞു എന്നെഴുതിയിട്ടുണ്ട്. ഇന്ത്യയിലെ ജാതിയെ കുറിച്ച് വളരെ വിശദമായി ആഴത്തിൽ സംസാരിച്ച് ഒരു ദളിത് പ്രൊഫെസ്സറെ അധികാര മനോഭാവത്തോടെ ചോദ്യം ചെയുകയും മറ്റും ചെയ്ത, ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ പകുതി വിവരം പോലുമില്ലാത്ത ഒരു "ഉന്നത" കുലജാതയെ  തിരിച്ചറിയാൻ വളരെ എളുപ്പമായിരുന്നു എന്നാണ്  അവർ പറയുന്നത്. ആളുകളുടെ ശരീര ഭാഷ തന്നെ തങ്ങൾ "ഉയർന്നത്" "താഴ്ന്നത്" എന്ന് കരുതുന്ന ജാതികളുടെ സാനിധ്യത്തിൽ വ്യത്യാസപ്പെടുന്നു എന്നുള്ള കൗതുകപൂർവ്വമായ എന്നാൽ സത്യമായ  ഒരു നിരീക്ഷണം. പഠിക്കുന്ന സമയത്ത് ഇത് കണ്ടിട്ടുള്ളത് കൊണ്ട് എനിക്ക് വളരെ പെട്ടെന്ന് അവർ പറയുന്നത് മനസിലാവുകയും ചെയ്തു.   
ഞാൻ എംസിഎ കോഴ്സ് ചേരാനായി തിരുവനന്തപുരത്ത് ചെന്നപ്പോൾ ഒരു സമാന അനുഭവമുണ്ടായി. സംസ്ഥാനതലത്തിൽ  ഇരുപത്തിനാലാം റാങ്ക് ഉണ്ടായിരുന്ന എന്നോട് അവിടെയിരുന്ന് അദ്ധ്യാപകൻ ചോദിച്ചത് മുസ്ലിം quota ആണോ എന്നാണ്. സംവരണത്തിന്റെ കുറിച്ചും അതിന്റെ അടിയൊഴുക്കളെ കുറിച്ചും , വിദ്യാർഥികൾ ചേരുന്ന സമയത്ത് അവിടെയിരിക്കുന്ന അദ്ധ്യാപകർ സംവരണം അട്ടിമറിക്കാൻ ശ്രമിക്കാൻ സാധ്യതയുണ്ടോ എന്നതിനെക്കുറിച്ചൊന്നും  ഒരു പിടിയും ഇല്ലാതിരുന്ന ഞാൻ എനിക്കറിയില്ല എന്ന് മറുപടി നൽകുകയും ചെയ്തു. കോളേജ് അഡ്മിഷൻ സമയത്ത്  വിദ്യാർത്ഥികളുടെ സംവരണം ശരിയായി നടപ്പിലാകുന്നുണ്ടോ എന്ന് പരിശോധിക്കാൻ സർക്കാർ ക്രമീകരണങ്ങൾ ഉണ്ടാകും എന്നാണ് എന്റെ വിശ്വാസം. അല്ലെങ്കിൽ വിദ്യാർത്ഥി സംവരണമൊക്കെ നിശബ്ദമായി അട്ടിമറിക്കപെടും.
മേല്പറഞ്ഞ ലോകത്തിന്റെ ഇതിന്റെ നേർ വിപരീതമാണ് പുഴു എന്ന സിനിമ അവതരിപ്പിക്കുന്ന ലോകം. നായകൻ കറുത്തും വില്ലൻ വെളുത്തുമിരിക്കുന്ന, നായകൻ ദളിതനും വില്ലൻ ബ്രാഹ്മണനും ആയിരിക്കുന്ന ഒരു ലോകക്രമം. ഏതാണ്ട് ഇടവേള കഴിയുന്നത് വരെ   യാഥാർഥ്യത്തോട് വളരെയടുത്ത് നിൽക്കുന്നത്  കൊണ്ടും, മേല്പറഞ്ഞ പോലെ നമ്മൾ ഇങ്ങിനെയെന്നുള്ള സംഭവങ്ങളോട്  വളരെയധികം ബയാസ് ആയതുകൊണ്ടും, ഇതിൽ കഥ ഇല്ലല്ലോ, ഇതൊരു അവാർഡ് സിനിമയാണോ, വളരെ പതുക്കെയാണല്ലോ പോകുന്നത്  എന്നൊക്കെ സംശയിച്ച് പോകുന്ന അത്ര യാഥാർഥ്യത്തോട് അടുത്ത് നിൽക്കുന്ന, വളരെ നിശബ്ദമായി വയലൻസ് അവതരിപ്പിക്കുന്ന ഒരു സിനിമ. ദളിത് നായകൻ താൻ പ്രണയിച്ച് വിവാഹം കഴിച്ച "ഉന്നത" ജാതി പങ്കാളിയെ അവളുടെ വീട്ടുകാരുടെ മുന്നിൽ വച്ച് അഭിമാനത്തോടെ തല ഉയർത്തിപിടിച്ച് വരുന്നത് നമ്മുടെ നിലവിലുളള കാഴ്ചശീലങ്ങളെ വെല്ലുവിളിക്കുന്ന ഒന്നാണ്. പലരും പറയുന്ന പോലെ അവസാനത്തിൽ അല്ല മറിച്ച് സിനിമയുടെ ആരംഭത്തിലാണ് ഈ സിനിമയിലെ ഏറ്റവും വലിയ വയലൻസുകൾ നടക്കുന്നത്. 
പക്ഷെ ഇതിലെ പല രംഗങ്ങളും വയലൻസ് ആണെന്ന് കേരളത്തിൽ താമസിക്കുന്നവർക്ക് മനസിലാക്കണമെന്നില്ല.  ഉദാഹണത്തിന്, ലിഫ്റ്റിൽ വച്ച് പിറ്റ്‌സ കൊണ്ടുവരുന്ന യുവാവിനെ കണ്ടിട്ട് , ഇതൊക്കെ ആളുകൾ എങ്ങിനെ കഴിക്കുന്നു എന്ന് അത്ഭുതപെടുന്നത് വയലൻസ് ആയി നമുക്ക് കാണാൻ സാധിക്കില്ല. മറ്റൊരു ജാതിയിൽ പെട്ട സ്ത്രീയെ വിവാഹം കഴിച്ചത് കൊണ്ട് വീട്ടിൽ നിന്ന് അകറ്റി നിർത്തിയ സഹോദരിയുടെ വീട്ടിൽ ഭക്ഷണം കഴിച്ചിട്ട് കൈ തുടച്ചു കഴിഞ്ഞിട്ട് അറപ്പോടെ  മുഖം തിരിക്കുന്ന സീനും വയലൻസ് ആയി നമുക്ക് അനുഭവപ്പെടില്ല. "നമ്മളെ" പോലുള്ളവർക്ക് മാത്രമേ ഫ്ലാറ്റ് വാടകക്ക് കൊടുക്കൂ എന്നൊക്കെ പറയുന്നതും നമുക്ക് വയലൻസ് ആയി അനുഭവപ്പെടില്ല. ഇതൊക്കെ വയലൻസ് ആണെന്ന് മനസിലാക്കണമെങ്കിൽ നമ്മൾക്ക് ഒരു പുതിയ  സാംസ്‌കാരിക വിദ്യാഭ്യാസം ലഭിക്കണം. സ്കൂളുകളിൽ ഇത് വിഷയമായി തന്നെ പഠിപ്പിക്കണം. ജാതി അടിസ്ഥാനമാക്കി സിബിഐ ഡയറിക്കുറിപ്പുകൾ മുതൽ അനേകം സിനിമകൾ ഉണ്ടാക്കി വച്ചിട്ടുള്ള   നമ്മുടെ  നിശബ്ദ ബയാസ് മാറ്റി എടുക്കാൻ അങ്ങിനെ മാത്രമേ കഴിയൂ.  അടുത്ത തലമുറയിലേക്ക് ഈ ജാതി ചിന്തകൾ എങ്ങിനെയാണ് കടത്തിവിടുന്നത് എന്ന് വ്യക്തമായി  വില്ലനും മകനുമായുള്ള രംഗങ്ങളിൽ ഇതിൽ കാണിക്കുന്നുണ്ട്. സ്കൂളിന് പുറത്ത് വീടുകളുടെ അകത്ത് നടക്കുന്ന  നിശബ്ദ ക്ലാസ് ക്ലാസുകൾ ആണത്. നമ്മൾ അവരെ പോലെയല്ല, വ്യത്യസ്‍തരാണ്, അവരെ ദൂരെ നിർത്തണം, നമ്മൾ എന്തോ ആഭിജാത്യം ഉള്ളവരാണ് എന്നൊക്കെയുള്ള പഠനങ്ങൾ വീടുകളിലെ ഇത്തരം ചെറിയ സംഭാഷണങ്ങളിലാണ്  കുട്ടികൾ പഠിക്കുന്നത്.  
ഇതിലെ നായകനെ പോലെ വേറെ ഒരു സമുദായത്തിൽ നിന്ന് വിവാഹം കഴിച്ച ഒരാളാണ് ഞാൻ. മുസ്ലിങ്ങളുടെ വീട്ടിൽ നിന്ന് വെള്ളം പോലും കുടിക്കില്ല എന്നാണു എന്റെ ഭാര്യയുടെ പെരിയപ്പ അന്നെന്നോട് പറഞ്ഞത്. വെള്ളം കുടിച്ചില്ലെങ്കിൽ ചായ ഉണ്ടാക്കിത്തരാം എന്ന അനവസരത്തിലെ  തമാശ മറുപടിയായി  പറഞ്ഞു എന്നല്ലാതെ ആ പറഞ്ഞതിലെ  വയലൻസ് അന്നെനിക്ക് മാനസിലായിരുന്നില്ല.  വർഷങ്ങൾ കഴിഞ്ഞു അദ്ദേഹത്തിന്റെ മകൾ ഒരു ക്രിസ്ത്യൻ യുവാവിനെ പ്രേമിച്ച് വിവാഹം ചെയ്തു. ഏതാണ്ട് ജാതി മത ചിന്തകൾ ഒന്നുമില്ലാത്ത വിശാലമനസ്കർ ആയി അവർ മകളുടെ വിവാഹം നടത്തികൊടുത്തപ്പോൾ എന്ത് സംഭവിച്ചു  ഞാൻ അത്ഭുതപ്പെട്ടു. വലിയ ബിസിനസ്കാരുടെ കുടുംബത്തിലേക്ക് ആണ് മകൾ വിവാഹം ചെയ്തു പോയതെന്ന് അറിഞ്ഞപ്പോൾ ആ അത്ഭുതം അവസാനിക്കുകയും ചെയ്തു. വേറെ ജാതിയിൽ നിന്ന് കുട്ടികളെ വിവാഹം കഴിക്കാൻ സമ്മതിക്കില്ല എന്ന് പറയുന്ന പലരോടും, മറുവശത്ത് യൂസഫലിയുടെയോ വിൽ സ്മിത്തോ ഒക്കെയാണെങ്കിൽ വിശാലമനസ്കരാവുന്നത് കാണാം. വേറെ ജാതിയിൽ പെട്ട സൃഹുതിന്റെ വീട്ടിൽ വിരുന്നിന് പോയിട്ട് എന്റെ ഭാര്യയുടെ മാതാപിതാക്കൾ  അവിടെ നിന്ന് ഭക്ഷണം കഴിക്കാതെ പോന്ന സംഭവങ്ങൾ ഒക്കെ ഈ സിനിമ കണ്ടപ്പോൾ ഓർമ്മ  വന്നു. 
പുഴുവിനോട് എനിക്കുള്ള ഒരു വിയോജിപ്പ്, സിനിമയുടെ അവസാനത്തോട് അടുപ്പിച്ചുള്ള രംഗങ്ങളോടാണ്. ഇന്ത്യയിലെ "ഉന്നത" ജാതിക്കാർ ഈ നൂറ്റാണ്ടിൽ  കാര്യങ്ങൾ നടത്തുന്നത് നേരിട്ടുള്ള വയലൻസ് വഴിയല്ല. മറിച്ച് വളരെ നിശബ്ദമായി കാര്യങ്ങൾ നടത്തിയാണ്. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്ന സമയത്ത് ഉണ്ടായ ഒരു പുകിലും സംവരണം എന്തിനാണോ നിലവിൽ വന്നത് , അതിന്റെ നേർ വിപരീത ദിശയിലുള്ള, "സവർണ" സംവരണം നടപ്പിലാക്കിയപ്പോൾ കണ്ടില്ല എന്നത് തന്നെ കാര്യങ്ങൾ എത്ര സ്മൂത്ത് ആയിട്ടാണ് ഇവർ നടപ്പിലാകുന്നത് എന്നതിന്റെ ഉദാഹരണമാണ്. ഒരു രാഷ്ട്രീയ  പാർട്ടിയും ഇതിൽ നിന്ന് മുക്തം അല്ല. കാരണം സമൂഹത്തിന്റെ ഒരു പരിച്ഛേദം മാത്രമാണ് നമ്മുടെ രാഷ്ട്രീയ പാർട്ടികൾ.  അതുപോലെ ഇതിൽ വില്ലനെ കൊല്ലാനായി  "പുഴു" ആയി വരുന്ന ആളുടെ കഥകൾ ഒക്കെ  വിഷയത്തിൽ നിന്ന് സ്ഥാനം തെറ്റി വന്നത് പോലെയും തോന്നി. 
അവസാന ഭാഗങ്ങൾ ഒഴിച്ച് സീരിയസ് ആയി പല ആവർത്തി കാഴ്ച ആവശ്യപ്പെടുന്ന ഒരു സിനിമയായിട്ടാണ് എനിക്കനുഭവപെട്ടത്. മറ്റു പലർക്കും വളരെ വ്യത്യസ്തങ്ങളായ അനുഭവം ആയിരിക്കാൻ എല്ലാ സാധ്യതകളും ഉണ്ട്. അല്ലെങ്കിലും നമ്മൾ നായകന്റെ സ്ഥാനത്ത് നമ്മളെ തന്നെ പ്രതിഷ്ഠിച്ചാണല്ലോ സിനിമ കാണുന്നത്, അതുകൊണ്ട് നമ്മുടെ അനുഭവങ്ങളുടെ പശ്ചാത്തലം സിനിമ ആസ്വാദനത്തെ വളരെയധികം സ്വാധീനിക്കുമെന്ന് തോന്നുന്നു.

നസീർ ഹുസൈൻ കിഴക്കേടത്ത് ,ന്യൂജേഴ്‌സി

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.