കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്താൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ‘ജെൻ സി’ (Gen Z) തലമുറയിൽപ്പെട്ട യുവനേതാവിനെ നിയമിക്കുമെന്ന് പ്രതീക്ഷയുള്ളതായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ഹൈദരാബാദിൽ നടന്ന ഒരു പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാജ്യത്തെ രാഷ്ട്രീയ രംഗത്ത് വൻ ചർച്ചയ്ക്ക് വഴിവെച്ച ഈ പ്രഖ്യാപനം അദ്ദേഹം നടത്തിയത്.
രാജ്യത്തെ ജനസംഖ്യയുടെ മുപ്പത് ശതമാനത്തോളം ‘ജെൻ സി’ വിഭാഗത്തിൽ പെട്ടവരാണെങ്കിലും പാർലമെന്റിൽ അവരുടെ പ്രാതിനിധ്യം വെറും ഒരു ശതമാനം മാത്രമാണെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി, യുവാക്കൾക്ക് കൂടുതൽ രാഷ്ട്രീയ പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു.
ALSO READ;പ്രശ്നമാണ്..! ഹോർമുസ് കടലിടുക്കിൽ വൻ സ്ഫോടനം; നാവിക ഖനിയിൽ ഇടിച്ച് എണ്ണ ടാങ്കർ പൊട്ടിത്തെറിച്ചു
ഇതിന് പുറമെ ലോകസഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനുള്ള കുറഞ്ഞ പ്രായപരിധി കുറയ്ക്കണമെന്നും രേവന്ത് റെഡ്ഡി ശക്തമായി ആവശ്യപ്പെട്ടു. ഇരുപത്തിയൊന്ന് വയസ്സുള്ള ഒരാൾക്ക് ഐ.എ.എസ് ഉദ്യോഗസ്ഥനാകാനും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും കഴിയുമെങ്കിൽ, എന്തുകൊണ്ട് അതേ പ്രായത്തിലുള്ളവർക്ക് നിയമസഭയിലേക്കും പാർലമെന്റിലേക്കും മത്സരിച്ചുകൂടാ എന്നാണ് അദ്ദേഹം ചോദിച്ചത്. വോട്ടവകാശത്തിനുള്ള പ്രായം 21-ൽ നിന്ന് 18 ആയി കുറച്ച രാജീവ് ഗാന്ധിയുടെയും, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനുള്ള പ്രായം 21 ആക്കിയ പി.വി. നരസിംഹറാവുവിന്റെയും ചരിത്രപരമായ ഭരണഘടനാ ഭേദഗതികളെയും അദ്ദേഹം അനുസ്മരിച്ചു. മത്സരിക്കാനുള്ള പ്രായപരിധി കുറയ്ക്കുന്നത് സംബന്ധിച്ച് ഭരണഘടനാ ഭേദഗതി പാസാക്കാനായി ഓഗസ്റ്റ് ആദ്യവാരം തെലങ്കാന നിയമസഭയുടെയും ലെജിസ്ലേറ്റീവ് കൗൺസിലിന്റെയും പ്രത്യേക സമ്മേളനം വിളിച്ചുചേർക്കുമെന്നും അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യവ്യാപകമായി വിദ്യാർത്ഥികൾ നടത്തിയ ശക്തമായ സമരങ്ങളെ പ്രശംസിച്ച രേവന്ത് റെഡ്ഡി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ചത് ഈ യുവജനങ്ങളുടെ പോരാട്ടമാണെന്നും കൂട്ടിച്ചേർത്തു. പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ എടുത്ത മുഴുവൻ കേസുകളും കേന്ദ്ര സർക്കാർ ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

