PRAVASI

രാക്ഷസൻ്റെ കട്ടിൽ

Blog Image

ഒരിക്കൽ ഒരു രാക്ഷസന് പട്ടും പരവതാനിയും വിരിച്ച അതിമനോഹരമായ ഒരു കട്ടിൽ ഉണ്ടായിരുന്നു.  ഈ കട്ടിൽ കാണുവാൻ ദേശത്തിൻ്റെ എല്ലായിടത്തുനിന്നും ആളുകൾ 
വന്നിരുന്നു.  സന്ദർശക ഫീസ് ഒന്നും ഈടാക്കിയിരുന്നില്ലങ്കിലും സന്ദർശകർ ഒരു  കാര്യം ചെയ്യണമെന്ന് രാക്ഷസന് നിർബന്ധമായിരുന്നു.  കട്ടില് കണ്ടവർ കട്ടിലിൽ ഒന്ന് കയറി കിടക്കണം.  നീളം കുറവുള്ളയാളാണ് കിടക്കുന്നതെങ്കിൽ രാക്ഷസൻ ആളിനെ കട്ടിലിൻ്റെ നീളത്തോളം വലിച്ചു നീട്ടും.  നീളം കൂടുതലുള്ളയാളാണെങ്കിൽ രാക്ഷസൻ ആളിനെ കട്ടിലിൻ്റെ നീളത്തോടു ഒപ്പം വെച്ച് മുറിക്കും.  ചുരുക്കി പറയട്ടെ കട്ടിലിൻ്റെ ഭംഗി കണ്ട് ആരെങ്കിലും കിടന്നാൽ കിടക്കുന്നവൻ്റെ കാര്യം പോക്കാണ്.  

വെറുമൊരു കഥയെന്ന് ചിന്തിച്ച് തള്ളിയാലും ഈ കൊച്ചു കഥയിൽ ചില യാഥാർത്ഥ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്.  ഇന്നുള്ള ലോകം കാഴ്ചയിൽ അതിമനോഹരമാണ് എല്ലാം സുന്ദരം മാടിവിളിക്കുന്നു.  കാണുവാനും ആസ്വദിക്കുവാനും അടിച്ചു പൊളിക്കുവാനും തിക്കി തിരക്കുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു.  തുളുമ്പി നിൽക്കുന്ന കായലിൻ്റെ കാഴ്ച എത്ര മനോഹരം.  ആ വെള്ളത്തിൽ ഒന്ന് എടുത്തുചാടി നീന്തി തുടിക്കുവാൻ  കൊതിക്കുന്നവർ നിരവധി.  എന്നാൽ പലർക്കും അറിയില്ല കായലിൻ്റെ ആഴങ്ങളിൽ മരണച്ചുഴി മറഞ്ഞിരിക്കുന്നു.  അതെല്ലാ ശക്തിയും ഉപയോഗിച്ച് ജീവിതങ്ങളെ ആഴങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ് ഒരിക്കലും പൊങ്ങിവരാതവണ്ണം.   ഈ ചുഴിയിൽ കുടുങ്ങി എത്രയെത്ര ജീവിതങ്ങൾ ആഴങ്ങളിൽ മറയപ്പെട്ടു.  ദുഃഖം എന്നു പറയട്ടെ ഇതാണ് ഇന്നുള്ള നമ്മുടെ ലോകം. 
 
ഒന്ന് ഓർക്കുന്നതും ചിന്തിക്കുന്നതും നന്നായിരിക്കും ആകർഷണീയത എല്ലാം അനുകരണീയമല്ല.  മാടി വിളിക്കുന്ന മധുര ശബ്ദങ്ങൾ ഒടുവിൽ മനം മടുപ്പിക്കും പിന്നീടത് മരണത്തിലേക്ക് നയിക്കും.  കാണുന്നതിനും കേൾക്കുന്നതിനും പുറകെ ചാടിയോടുന്ന ഒരു കാലഘട്ടത്തിൽ നാം എത്തിയിരിക്കുന്നു. ഭേദാ ഭേദങ്ങളെ  വിലയിരുത്തുകയും പ്രയോജനം ഉള്ളത് നടപ്പിൽ വരുത്തി പിൻപറ്റുവാനും അനുകരിക്കുവാനും നാം തയ്യാറാകുന്നുവെങ്കിൽ സമൂഹം ഉദ്ധരിക്കപ്പെടും.  കേവലം പുറമേയുള്ള അലങ്കാരങ്ങൾ കണ്ടുകൊണ്ട് കാലെടുത്തുവെക്കുന്നത് മനുഷ്യനെ നിരാശയിലേക്കും അപകർഷതാ ബോധത്തിലേക്കും ഒടുവിൽ  ജീവിതങ്ങൾക്ക് അത് മരണ കിണറുകളും ആയി മാറുന്നു.  കാഴ്ചയിൽ ആ വൃക്ഷഫലം ആകർഷണീയവും ഭംഗിയുള്ളതും കൊതിപ്പിക്കുന്നതും ആയിരുന്നു.   എന്നാൽ മരണം അതിൽ മറഞ്ഞിരുന്നു എന്നുള്ളത്  ഗ്രഹിക്കുവാൻ ഹവ്വാ അമ്മച്ചി പരാജയപ്പെടുകയാണ്. അതുനിമിത്തം മനുഷ്യരാശിയുടെ വീഴ്ച്ച എന്ന മഹാ ദുരന്തത്തിന് പച്ചക്കൊടി വീശപ്പെടുകയാണ്.  തിരുവചനം നമ്മോട് ഇങ്ങനെ സംസാരിക്കുന്നു നിൻ്റെ വഴി യഹോവയെ ഭരമേൽപ്പിക്ക അവനിൽ തന്നെ ആശ്രയിക്ക അവൻ അത് നിർവഹിക്കും.  പലരും പലതും ആസ്വദിക്കുവാനും ആശ്ലേഷിക്കുവാനും എടുത്തു ചാടുന്നത് ആരോ സോഷ്യൽ മീഡിയയിൽ പറഞ്ഞു കണ്ടു എന്നൊക്കെ  ആരവം ഇട്ടാണ് തുടക്കം   കുറിക്കുന്നത്.  ജഡമോഹം കൺമോഹം ജീവനത്തിൻ്റെ പ്രതാപം ഇതൊക്കെ ഇന്ന് മാടി വിളിക്കുന്ന മരണം പതിയിരിക്കുന്ന രാക്ഷസൻ്റെ കട്ടിലത്രേ.  ഈ ചതിയിലും വഞ്ചനയിലും അകപ്പെട്ട് ഒത്തിരി ജീവിതങ്ങൾ അതിൻ്റെ പരിണിതഫലവും നഷ്ടവും  ജീവിതത്തിൽ ഇന്നും നിരന്തരം നേരിട്ടുകൊണ്ടിരിക്കുകയാണ്.  

സമൂഹത്തിലും സഭയിലും കുടുംബ ബന്ധങ്ങളിലും ആരോടും ഒരു പ്രതിബദ്ധതയും ഇല്ലാതെ ഞാൻ എൻ്റെ വഴി എൻ്റെ കാര്യം എന്ന് ചിന്തിച്ചു കൊണ്ട് ഓടുന്നവർ അനവധിയാണ്.   ഇവർ കുടുക്കിലും കണ്ണിയിലും ചെന്നുപെടും എന്നുള്ളത് ഒരു യാഥാർത്ഥ്യം മാത്രം.  പലപ്പോഴും സ്വന്ത വിവേകത്തിൽ  ഊന്നിക്കൊണ്ട് സ്വന്ത വഴികളിൽ നടന്ന് ഞാനാണ് കപ്പിത്താൻ  എന്നു പറയുന്നവർ  ഓർക്കണം നിങ്ങൾ ടൈറ്റാനിക്കിൻ്റെ കപ്പിത്താൻ അത്രേ.  തിരുവചനം ഇങ്ങനെ പറയുന്നു നിൻ്റെ വഴി യഹോവയെ ഭരമേൽപ്പിക്ക അവനിൽ തന്നെ ആശ്രയിക്ക അവൻ അത് നിർവഹിക്കും (സങ്കീർത്തനം 37: 5).

എവിടെയോ ആരോ പറഞ്ഞത് കേട്ട് കാണുവാൻ ഇറങ്ങിത്തിരിച്ച അനവധി  ബുദ്ധിമാന്മാരും ബുദ്ധിമതികളും അരുതാത്തിടത്ത് ഇരിക്കുവാനും കിടക്കുവാനും തുനിഞ്ഞപ്പോൾ ലക്ഷ്യം തെറ്റി.  ഒടുവിൽ അത് മരണത്തിലേക്കുള്ള യാത്രയായി.  
 ഈ ദിനങ്ങളിൽ ഒരു തലമുറ തിളങ്ങുന്നതിൻ്റെയും വിളങ്ങുന്നതിൻ്റെയും ആകർഷണീയതയുടെയും പുറകെ പരക്കം പറയുകയാണ്.  ബന്ധങ്ങൾ അവർക്ക് ബന്ധനമാണ്, നിയമങ്ങൾ അവർക്ക് നിന്ദയാണ്.  അരുത് എന്നുള്ള ശബ്ദം അവർക്ക് അരോചകമാണ്. കടപ്പാട് എന്നുള്ളത് തികച്ചും ഒരു കാപട്യം ആയി മാറിക്കൊണ്ടിരിക്കുന്ന ലോകം, കാശ് കൂടുന്നു കരുണ കുറയുന്നു.  സമ്പത്ത് വർദ്ധിച്ചാൽ അതിൽ മനസ്സുവെക്കരുത് എന്നുള്ള പ്രമാണം ഇവർക്ക് വെറുമൊരു പ്രഹസനം അത്രേ.  ഓർക്കണം രാക്ഷസൻ്റെ കട്ടിലിൽ പട്ടു മെത്തയും പരവതാനിയും ഉണ്ട് കാഴ്ചയിൽ ആകർഷണീയം അതിമനോഹരം എങ്കിലും മരണം അതിൽ ഒളിഞ്ഞിരിക്കുന്നു.  ഈ സത്യം നാം തിരിച്ചറിയണം.

 മനുഷ്യൻ്റെ വ്യർത്ഥമായ ദുർമോഹം അവനെ ദുരന്തത്തിലേക്ക് നടത്തുന്നു.  എല്ലാം ആസ്വദിക്കുവാനും അടിച്ചുപൊളിക്കുവാനും അരങ്ങേറ്റം കുറിക്കുന്നവർ പലപ്പോഴും അറക്കുന്നിടത്തേക്ക് കാളയും ചങ്ങലയിലേക്ക് ഭോഷനും പോകുന്നതുപോലെയും പക്ഷി ജീവഹാനിക്കുള്ളത് എന്നറിയാതെ കണിയിലേക്ക് ബദ്ധപ്പെടുന്നതുപോലെയും (സദൃശ്യ 7: 22 23) കുതിച്ച് ഓടുകയാണ്.  മദ്യവും മയക്കുമരുന്നും അശുദ്ധിയും അനുരാഗങ്ങളും ലാവാ പ്രവഹിക്കുന്നതുപോലെ സമൂഹത്തെ മൂടുകയാണ്.  ഇതിൻ്റെ കാരണം മറ്റൊന്നുമല്ല സർവ ലോകവും ദുഷ്ടന്‍റെ അതീനതയിൽ കിടക്കുന്നു.  പിശാച് അറുക്കുവാനും മുടിക്കുവാനും കൊല്ലുവാനും തലമുറകളെ ഇല്ലാതാക്കുവാനും എല്ലാ വജ്റായുധങ്ങളും ഇന്ന് പുറത്തെടുക്കുകയാണ്.  എല്ലാ ചെണ്ടമേളങ്ങൾക്കും നാം കൈയ്യടിക്കരുത്.  കാണുന്നതും കേൾക്കുന്നതും കണ്ണടച്ച് നാം വിശ്വസിക്കരുത്.  ഇവിടെ കിടന്നോളൂ ഇതാസ്വദിക്കൂ എന്നൊക്കെയുള്ള ശബ്ദങ്ങൾക്ക് ചെവി കൊടുക്കരുത് 
അത് നന്മയ്ക്കല്ല തിന്മയ്ക്കത്രേ!

പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.