PRAVASI

രമേശ് പിഷാരടിയുടെ വിജയം; അഭിനന്ദനങ്ങളുമായി മലയാള സിനിമാ ലോകം

Blog Image

വാശിയേറിയ പോരാട്ടം നടന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെ അട്ടിമറിച്ച് കോൺഗ്രസ് സ്ഥാനാർത്ഥിയും നടനുമായ രമേശ് പിഷാരടിക്ക് ഉജ്ജ്വല വിജയം. ഏകദേശം 12,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് താരം തന്റെ കന്നി അങ്കം അവിസ്മരണീയമാക്കിയത്. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 55,302 വോട്ടുകൾ രമേശ് പിഷാരടി സ്വന്തമാക്കിയപ്പോൾ, ശക്തമായ ഭീഷണി ഉയർത്തിയ ശോഭ സുരേന്ദ്രന് 42,880 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച എൻ.എം.ആർ റസാഖ് 27,227 വോട്ടുകളുമായി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

വിജയത്തിന് പിന്നാലെ വോട്ടർമാർക്കും യു.ഡി.എഫ് നേതൃത്വത്തിനും പിഷാരടി നന്ദി അറിയിച്ചു. കേരളത്തിന്റെ മഹാവിജയത്തിനൊപ്പം പാലക്കാടിനെ ചേർത്തുനിർത്തിയതിൽ സന്തോഷമുണ്ടെന്നും, തന്നെ വിശ്വസിച്ച നേതൃത്വത്തിനും കൂടെനിന്ന പ്രവർത്തകർക്കും പ്രാർത്ഥിച്ച സുമനസ്സുകൾക്കും ഈ വിജയം സമർപ്പിക്കുന്നുവെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. വി.ഐ.പി മണ്ഡലമായ പാലക്കാട് ആദ്യ മത്സരത്തിൽ തന്നെ പിടിച്ചെടുക്കാനായതിന്റെ ആവേശത്തിലാണ് യു.ഡി.എഫ് ക്യാമ്പ്.

രമേശ് പിഷാരടിയുടെ ഈ രാഷ്ട്രീയ വിജയത്തെ സിനിമാ ലോകം വലിയ ആഘോഷമായാണ് ഏറ്റെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ നിരവധി സഹപ്രവർത്തകർ താരത്തിന് ആശംസകളുമായി രംഗത്തെത്തി. “ഒന്നും പറയാനില്ല, ക്ലാസ്സായി തൂക്കി” എന്നായിരുന്നു സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ പ്രതികരണം. തന്റെ പ്രിയ സുഹൃത്തിന്റെ വിജയം ഏറെ ആഗ്രഹിച്ചിരുന്നുവെന്നും കന്മഷമില്ലാത്ത വ്യക്തിത്വമാണ് പിഷാരടിയുടേതെന്നും നടൻ മോഹൻ ജോസ് കുറിച്ചു. ധർമജൻ ബോൾഗാട്ടി, ടിനി ടോം, ശ്വേത മേനോൻ തുടങ്ങി മലയാള സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തങ്ങളുടെ പ്രിയ സഹപ്രവർത്തകന് സ്‌നേഹാഭിവാദ്യങ്ങൾ നേർന്നു.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.