മലയാളം ടെലിവിഷൻ അവതാരിക രഞ്ജിനി ഹരിദാസ് തന്റെ മുപ്പത് വർഷത്തെ കരിയറിൽ നേരിടേണ്ടി വന്ന കടുത്ത മാനസികാവസ്ഥകളെയും വ്യക്തിപരമായ ദുരനുഭവങ്ങളെയും കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകൾ ചർച്ചയാകുന്നു. സ്വതന്ത്രമായി ജീവിക്കുന്ന സ്ത്രീകളെ മോശമായി മുദ്രകുത്തുന്ന സമൂഹത്തിന്റെ മനോഭാവത്തെയും, വിദേശ ഷോകളുടെയും പരസ്യചിത്രീകരണങ്ങളുടെയും മറവിൽ നടന്ന അനാശ്വാസ്യ ശ്രമങ്ങളെയും താൻ എങ്ങനെ നേരിട്ടു എന്ന് സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെ താരം തുറന്നടിച്ചു. ദുബായ് ഷോയ്ക്കിടയിൽ കെണിയിലാക്കാൻ നോക്കിയ സംഘാടകർക്കെതിരെ പ്രതികരിച്ചതും കണ്ണൂരിലെ പരസ്യചിത്രീകരണത്തിന് ശേഷം അനാവശ്യ ആവശ്യവുമായി സമീപിച്ച വ്യക്തിയെ പൊതുമധ്യത്തിൽ ചോദ്യം ചെയ്തതുമടക്കം ഞെട്ടിക്കുന്ന സംഭവങ്ങളാണ് രഞ്ജിനി വെളിപ്പെടുത്തിയത്.
തന്റെ പതിനെട്ടാമത്തെ വയസ്സിൽ മിസ് കേരള പദവിയോടെ വിദേശ ഷോകളിൽ പങ്കെടുത്തു തുടങ്ങിയ കാലത്ത് വലിയ താരങ്ങളിൽ നിന്നും മാന്യമായ പെരുമാറ്റമാണ് ലഭിച്ചതെന്നും എന്നാൽ പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞെന്നും രഞ്ജിനി പറയുന്നു. ഒരിക്കൽ ദുബായിൽ ഷോയ്ക്ക് പോയപ്പോൾ കൂടെയുണ്ടായിരുന്ന വനിതാ ആർട്ടിസ്റ്റുകളുടെ മുറികളിലേക്ക് അപരിചിതർ ഫോൺ വിളിക്കുകയും വാതിലിൽ മുട്ടുകയും ചെയ്ത സംഭവം ഉണ്ടായി. അതിനിടയിൽ ഷോയുടെ സ്പോൺസർമാരിൽ ഒരാൾ തനിക്ക് മൊബൈൽ ഫോൺ വാഗ്ദാനം ചെയ്തെങ്കിലും താൻ അത് നിരസിച്ചു. ഷോ കഴിഞ്ഞ ദിവസം രാത്രി, ഡിന്നർ എന്ന് പറഞ്ഞ് കള്ളം ബോധിപ്പിച്ച് തങ്ങളെ ഒന്നര മണിക്കൂറോളം ദൂരെയുള്ള ഒരു ഉൾപ്രദേശത്താണ് സംഘാടകർ എത്തിച്ചത്. അവിടെയെത്തിയപ്പോൾ ഡിന്നറിന് പകരം മദ്യവും മറ്റ് അനാശ്വാസ്യ കാര്യങ്ങളുമാണ് നടന്നിരുന്നത്. കടുത്ത അപകടം പിടിച്ച ആ സാഹചര്യത്തിൽ ഒരു സ്ത്രീയെന്ന നിലയിൽ വലിയ അപമാനം തോന്നിയെന്നും, ഒടുവിൽ താൻ തന്നെ മുൻകൈയെടുത്ത് വലിയ ഒച്ചപ്പാടും ബഹളവുമുണ്ടാക്കിയാണ് എല്ലാവരെയും കൊണ്ട് അവിടെനിന്ന് രക്ഷപ്പെട്ടതെന്നും രഞ്ജിനി ഓർത്തെടുത്തു.
Also Read: ഊള ചോദ്യങ്ങളുമായി പിന്നാലെ നടക്കുന്നു; ചന്തുവിനെതിരായ സൈബർ ആക്രമണം സങ്കടകരം! ലാൽ ജോസ്
വർഷങ്ങൾക്ക് ശേഷം കണ്ണൂരിൽ വെച്ച് നടന്ന മറ്റൊരു സംഭവവും താരം വെളിപ്പെടുത്തി. ഒരു പരസ്യചിത്രീകരണത്തിന് ശേഷം പ്രതിഫലം നൽകിയ വ്യക്തി, രാത്രി അവിടെ തങ്ങുന്നത് കരാറിന്റെ ഭാഗമാണെന്ന് നേരിട്ട് പറയുകയായിരുന്നു. പരസ്യത്തിന്റെ കോർഡിനേറ്ററാണ് തനിക്ക് ഈ ഉറപ്പ് നൽകിയതെന്ന് അയാൾ വെളിപ്പെടുത്തിയതോടെ, അയാളെ മുറിക്ക് പുറത്താക്കി താഴേക്ക് കൊണ്ടുപോവുകയും തന്റെ ഡ്രൈവർ ആശിഖിനെ സാക്ഷിനിർത്തി ഹോട്ടലിന് പുറത്തുവെച്ച് കോർഡിനേറ്ററെയും ആ വ്യക്തിയെയും പരസ്യമായി ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് പേടിച്ചുപോയ ആ വ്യക്തിയുടെ വീട്ടിലേക്ക് തന്നെ വണ്ടിയിൽ കയറ്റി കൊണ്ടുപോവുകയും, ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തിന്റെ മുന്നിൽ വെച്ച് അയാളുടെ മുഖംമൂടി അഴിക്കാൻ തുനിയുകയും ചെയ്തു. പുറമെ മാന്യന്മാരായി ജീവിക്കുകയും മറുഭാഗത്ത് സ്ത്രീകളോട് വൃത്തികെട്ട രീതിയിൽ പെരുമാറുകയും ചെയ്യുന്ന ഇത്തരം മനുഷ്യരോട് കടുത്ത അറപ്പാണ് തോന്നിയതെന്ന് രഞ്ജിനി വ്യക്തമാക്കുന്നു.
ഇതുകൂടാതെ സിനിമ-സംഗീത മേഖലകളിൽ നിന്നുള്ള പ്രമുഖരിൽ നിന്നുണ്ടായ മോശം അനുഭവങ്ങളും താരം പങ്കുവെച്ചു. എല്ലാവർക്കും അറിയാവുന്ന, തന്റെ നല്ല സുഹൃത്തായിരുന്ന ഒരു നടൻ ഒരിക്കൽ തനിക്ക് ഷർട്ട് ഇടാത്ത ചിത്രം അയച്ചു തരികയും തിരിച്ച് അത്തരമൊരു ഫോട്ടോ ആവശ്യപ്പെടുകയും ചെയ്തു. അതുപോലെ സംഗീതലോകത്ത് പ്രശസ്തനായ മറ്റൊരു വ്യക്തി തന്നോട് കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടപ്പോൾ താൻ ശക്തമായി പ്രതികരിച്ചതായും രഞ്ജിനി പറയുന്നു. ചോദിക്കുന്നത്ര പണം വാഗ്ദാനം ചെയ്ത് ഉദ്ഘാടന പരിപാടികൾക്ക് വിളിക്കുകയും അതിനൊപ്പം ‘മറ്റ് ചില ആവശ്യങ്ങൾ’ കൂടി ഉണ്ടെന്ന് സൂചിപ്പിക്കുകയും ചെയ്യുന്ന പ്രമുഖ മോഡൽ-ഷോ കോർഡിനേറ്റർമാർ ഇന്നും ഈ നാട്ടിലുണ്ടെന്നത് സങ്കടകരമായ വസ്തുതയാണെന്നും താരം കൂട്ടിച്ചേർത്തു.
തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വ്യാജ വാർത്തകളെയും എം.എം.എസ് വീഡിയോ വിവാദങ്ങളെയും രഞ്ജിനി ശക്തമായി തള്ളിക്കളഞ്ഞു. മുൻപ് ബോയ്ഫ്രണ്ടിനൊപ്പം ഒരു പാർട്ടിയിൽ ടെകീല ഷോട്ട് എടുക്കുന്ന ഫോട്ടോ പുറത്തുവന്നപ്പോൾ താൻ മദ്യപാനിയാണെന്ന രീതിയിലാണ് വാർത്തകൾ വന്നത്. ഒരു പ്രായപൂർത്തിയായ സ്ത്രീ എന്ന നിലയിൽ അതിനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും രഹസ്യമായി ഫോട്ടോയെടുത്തവനാണ് യഥാർത്ഥ കുറ്റക്കാരനെന്നും താരം പറയുന്നു. വ്യാജ എം.എം.എസ് വീഡിയോകളെക്കുറിച്ച് ഇന്നും ആളുകൾ കമന്റ് ബോക്സിൽ ചോദിക്കാറുണ്ടെന്നും സാങ്കേതികവിദ്യ മാറിയ ഇക്കാലത്ത് ഫെയ്ക്ക് വീഡിയോകൾ തിരിച്ചറിയാൻ എളുപ്പമാണെന്നും രഞ്ജിനി ഓർമ്മിപ്പിച്ചു.
ഒരു സ്ത്രീ കരിയറിൽ വിജയിക്കുന്നതും സ്വതന്ത്രമായി ഒറ്റയ്ക്ക് ജീവിക്കുന്നതും സഹിക്കാൻ സമൂഹത്തിന് ബുദ്ധിമുട്ടാണ്. ഒരു സ്ത്രീ പണമുണ്ടാക്കുന്നത് മറ്റുള്ളവർക്കൊപ്പം കിടക്ക പങ്കിട്ടിട്ടാണ് എന്ന് വളരെ എളുപ്പത്തിൽ ആളുകൾ പറഞ്ഞുണ്ടാക്കും. താൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാകാത്ത കടുപ്പക്കാരിയായതുകൊണ്ട് മാത്രമാണ് ഇത്രയും കാലം ഇൻഡസ്ട്രിയിൽ അന്തസ്സോടെ പിടിച്ചുനിന്നതെന്നും, പ്രതികരിക്കാൻ ഭയപ്പെടുന്ന മറ്റ് പെൺകുട്ടികളുടെ അവസ്ഥ ഓർക്കുമ്പോൾ ആശങ്കയുണ്ടെന്നും രഞ്ജിനി വിഡിയോയിൽ തുറന്നുപറയുന്നു.

