PRAVASI

റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍; കുക്കൂ പരമേശ്വരന്‍ വൈസ് ചെയര്‍മാന്‍

Blog Image

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയെ നിയമിച്ചു. നടിയും താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറിയുമായ കുക്കൂ പരമേശ്വരനാണ് വൈസ് ചെയര്‍പേഴ്‌സണ്‍. സി അജോയ് ആണ് സെക്രട്ടറി. 26 അംഗങ്ങളാണ് ബോർഡിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ടത്. മൂന്നുവർഷത്തേക്കാണ് അക്കാദമി ഭരണസമിതിയുടെ കാലാവധി. ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങൾക്കും ഇത് ബാധകമാണ്.
സന്തോഷ് കീഴാറ്റൂര്‍, നിഖില വിമല്‍, ബി രാകേഷ്, സുധീര്‍ കരമന, റെജി എം ദാമോദരന്‍, സിത്താര കൃഷ്ണകുമാര്‍, മിന്‍ഹാജ് മേഡര്‍, സോഹന്‍ സീനുലാല്‍, ജി എസ് വിജയന്‍, ശ്യാം പുഷ്‌കരന്‍, അമല്‍ നീരദ്, സാജു നവോദയ, എന്‍ അരുണ്‍, പൂജപ്പുര രാധാകൃഷ്ണന്‍, യൂ ശ്രീഗണേഷ് എന്നിവരടങ്ങുന്നതാണ് ജനറല്‍ കൗണ്‍സില്‍.
2022 ജനുവരിയിലാണ് രഞ്ജിത്ത് ചെയർമാൻ ആയിട്ടുള്ള നിലവിലെ ഭരണസമിതി ചലച്ചിത്ര അക്കാദമിയിലെ അധികാരത്തിൽ വരുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നുണ്ടായ കൊടുങ്കാറ്റിൽ രഞ്ജിത് രാജിവച്ചു. തുടർന്നാണ് വൈസ് ചെയർമാൻ ആയിരുന്ന പ്രേംകുമാർ ചുമതല ഏറ്റെടുക്കുകയായിരുന്നു.സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം, സിനിമാ കോൺക്ലേവ്, കേരള രാജ്യാന്തര ചലച്ചിത്ര മേള എന്നിവയെല്ലാം പ്രേം കുമാറിന്റെ നേതൃത്വത്തിൽ നടന്നിരുന്നു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി സംവിധായകനല്ലാത്ത വ്യക്തി അധികാരമേൽക്കുന്നത് ആദ്യമായിരുന്നു. തുടർന്ന് റസൂൽ പൂക്കുട്ടിയും ആ സ്ഥാനത്തെത്തുകയാണ്. ഷാജി എന്‍ കരുണിന്റെ മരണത്തെത്തുടര്‍ന്ന് ചലച്ചിത്ര വികസന കോർപറേഷന്‍ ചെയര്‍മാനായി സംവിധായകന്‍ കെ മധുവിനെ നിയമിച്ചിരുന്നു.
മികച്ച ശബ്ദമിശ്രണത്തിനുള്ള ഓസ്കാർ പുരസ്കാരവും ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷൻ ആർട്ട്സ് (ബാഫ്റ്റ) പുരസ്കാരവും നേടിയ ആളാണ് റസൂൽ പൂക്കുട്ടി . ഏറെയും ബോളിവുഡ് സിനിമകളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. കൊല്ലം ജില്ലയിലെ അഞ്ചൽ,വിളക്കുപാറ സ്വദേശിയാണ് റസൂൽ. പൂനെയിലെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് 1995-ലാണ് ഇദ്ദേഹം ബിരുദം നേടിയത്. ഹോളിവുഡ് സിനിമകൾക്കും റസൂൽ ശബ്ദമിശ്രണം നിർവ്വഹിച്ചിട്ടുണ്ട്. 2008ലാണ് റസൂൽ പൂക്കുട്ടിക്ക് ഓസ്കർ ലഭിക്കുന്നത്. സ്ലംഡോഗ് മില്യണയർ എന്ന സിനിമയിലെ ശബ്ദമിശ്രണത്തിനാണ് ഇദ്ദേഹത്തിന് ഓസ്കാർ ലഭിച്ചത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.