പ്രവാസി മലയാളികളുടെ ശബ്ദം നയരൂപികരണ പ്രക്രിയയിലേക്കെത്തിക്കുന്ന കേരളത്തിൻ്റെ പൊതു ജനാധിപത്യ വേദിയായ ലോക കേരള സഭയിലേക്ക് അമേരിക്കയിൽ നിന്നും റോയി മുളകുന്നം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
അകം കേരളവും പുറം കേരളവുമായി ബന്ധം ശക്തിപ്പെടുത്തുക, സാമൂഹിക സാമ്പത്തിക സാംസ്ക്കാരിക വിഷയങ്ങൾക്ക് ഊന്നൽ നൽകി പ്രവാസികളെ സംസ്ഥാനത്തിൻ്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ലോക കേരള സഭയുടെ പ്രവർത്തനങ്ങൾ. പ്രവാസി സമൂഹത്തെ ഭരണനിർവ്വഹണത്തിലും വികസന പ്രക്രിയയിലും സജീവമായി പങ്കാളികളാക്കുന്നതിൽ കേരളം നടപ്പിലാക്കിയ ലോക കേരള സഭ എന്ന നൂതന ആശയത്തെ കേന്ദ്ര സർക്കാർ ഒരു മാതൃകാപരമായ ചുവടുവെപ്പായി അംഗീകരിച്ചിരിക്കുകയാണ്. ഈ മാതൃക മറ്റു സംസ്ഥാനങ്ങളും പ്രാവർത്തികമാക്കണമെന്ന് ഔദ്യോഗികമായി ശുപാർശ ചെയ്തിരിക്കയാണ് വിദേശകാര്യ വകുപ്പിൻ്റെ പാർലിമെൻ്ററി സ്റ്റാൻ്റിംഗ് കമ്മറ്റി.
പ്രവാസികളുടെ പ്രാതിനിധ്യം ഭരണകാര്യങ്ങളിൽ ഉറപ്പുവരുത്തുന്നതിലൂടെ ആഗോളതലത്തിൽ തന്നെ സമാനതകളില്ലാത്ത ഒരു ജനാധിപത്യ വേദിയായി മാറി ക്കഴിഞ്ഞ ലോക കേരള സഭയുടെ അടുത്ത സമ്മേളനം 2026 ജനുവരി 29,30,31 തിയതികളിൽ കേരള നിയമസഭ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ ആരംഭിക്കുകയാണ്.


