PRAVASI

വാസുവിനെ കസേരയിട്ട് ഇരുത്തിയ സിപിഎം മറുപടി പറയേണ്ടിവരും!! മാര്‍ച്ച് 19ന് സ്വര്‍ണപ്പാളിയെ ചെമ്പെന്ന് രേഖപ്പെടുത്തി; 31ന് വിരമിച്ചു

Blog Image

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഎമ്മിനെ ആകെ പ്രതികൂട്ടിലാക്കുന്നതാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റായ എന്‍ വാസുവിന്റെ അറസ്റ്റ്. ഒരു ഉദ്യോഗസ്ഥന്‍ എന്നതില്‍ ഉപരിയായി സിപിഎമ്മുമായി അത്രമേല്‍ ചേര്‍ന്ന് നില്‍ക്കുന്ന ആളാണ് വാസു. പല അവസരങ്ങളിലും വാസുവിന് പദവികള്‍ നല്‍കാന്‍ സിപിഎം ഒരിക്കലും മടി കാണിച്ചിട്ടില്ല.

അഭിഭാഷകനായിട്ടാണ് വാസുവിന്റെ കരിയര്‍ തുടങ്ങിയത്. പിന്നാലെ വിജിലന്‍സ് ട്രൈബ്യൂണല്‍ അംഗമായി ജുഡീഷ്യറി പദവിയിലേക്ക് എത്തി. 2006 മുതല്‍ 2011 വരെ പികെ ഗുരുദാസന്‍ മന്ത്രി ആയിരുന്നപ്പോള്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായും സിപിഎം നിയോഗിച്ചത് വാസുവിനെ ആയിരുന്നു. പിന്നാലെയാണ് ദേവസ്വം ബോര്‍ഡിലേക്കുളള വാസുവിന്റെ കടന്നുവരവ്. രണ്ടു തവണ ദേവസ്വം കമ്മിഷണറായി ദേവസ്വം ബോര്‍ഡ് വാസു അടക്കി ഭരിക്കുക ആയിരുന്നു. അതിന് സാഹയകമായത് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പം തന്നെയാണ്.

2019ല്‍ സ്വര്‍ണക്കൊള്ള നടത്തിയതില്‍ ഗൂഢാലോചന വ്യക്തമായ കാര്യമാണ്. തങ്കത്തില്‍ പൊതിഞ്ഞതാണ് എന്നത് പരസ്യമായ കാര്യമായിട്ടും ശബരിമല ശ്രീകോവിലില്‍ നിന്ന് അഴിച്ചെടുത്ത പാളികള്‍ ചെമ്പെന്ന് രേഖപ്പെടുത്തി. ഇത് സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയും ദേവസ്വം ഉദ്യോഗസ്ഥരായ മുരാരി ബാബുവും സുധീഷ് കുമാറും മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ല. അതുകൊണ്ട് തന്നെയാണ് അന്ന് ദേവസ്വം കമ്മിഷണറായിരുന്ന വാസുവിലേക്ക് അന്വേഷണം എത്തിയത്.

2019 ഫെബ്രുവരി 26ന് വാസു നല്‍കിയ കത്ത് അംഗീകരിച്ചാണ് മാര്‍ച്ച് 19 ലെ ബോര്‍ഡ് യോഗം പോറ്റിയുടെ കൈയില്‍ ശ്രീകോവിലില്‍ നിന്ന് അഴിച്ചെടുത്ത പാളികള്‍ കൊടുത്തുവിട്ടത്. ഇതിനു പിന്നാലെ മാര്‍ച്ച് 31 വാസു വിരമിക്കുകയും ചെയ്തു. പിന്നീട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ പത്മകുമാര്‍ വിരമിച്ചപ്പോള്‍ വാസുവിനെ ആ സ്ഥാനത്തേക്ക് പിണറായി സര്‍ക്കാര്‍ നിയമിച്ചു. ഈ സമയത്താണ് ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം പൊതിഞ്ഞതിന്റെ ബാക്കി സ്വര്‍ണം കയ്യിലുണ്ടെന്ന് ഇമെയില്‍ അയച്ചത്. എന്നാല്‍ ഇതില്‍ വാസു ഒരു നടപടിയും സ്വീകരിച്ചില്ല. ഇങ്ങനെ ശബരിമലയില്‍ നടന്ന കൊളളയില്‍ എല്ലാം പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് വാസുവിനെ പലവട്ടം ചോദ്യം ചെയ്തതും മൂന്നാം പ്രതിയാക്കിയതും അറസ്റ്റ് രേഖപ്പെടുത്തിയതും.

ശബരിമലയില്‍ സ്ത്രീപ്രവേശനം ആകാമെന്ന് സുപ്രീം കോടതിയില്‍ പിണറായി സര്‍ക്കാരെടുത്ത നിലപാടിനോട് അന്നത്തെ ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ വാസുവിനെ മുന്നില്‍ നിര്‍ത്തിയാണ് ബോര്‍ഡിലെ കാര്യങ്ങളെല്ലാം പിണറായി നിയന്ത്രിച്ചത്. ഇതിന്റെ പ്രത്യുപകാരമാണ് വാസുവിന് ലഭിച്ച ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം എന്നത് അന്ന് തന്നെ ചര്‍ച്ച ആയ സംഭവമാണ്. അതുകൊണ്ട് തന്നെയാണ് വാസുവിനെ കസേരയിട്ട് ഇരുത്തിയവര്‍ മൗനംപാലിക്കാതെ മറുപടി പറയണം എന്ന ആവശ്യം ഉയരുന്നതും.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.