സംസ്ഥാന സർക്കാർ മാതാ അമൃതാനന്ദമയിയെ ആദരിച്ച സംഭവം വിവാദത്തിൽ. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാംപസിൽ ഇന്നലെ വൈകിട്ട് നടന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അമൃതാനന്ദമയിയെ ആദരിച്ചതാണ് വിവാദമായിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ മാതാ അമൃതാനന്ദമയി മലയാളത്തിൽ പ്രസംഗിച്ചതിന്റെ രജത ജൂബിലി ആഘോഷ വേളയിലാണ് സംസ്ഥാന സർക്കാരിൻ്റെ ആദരം. മുഖ്യമന്ത്രിയുടെ ആശംസയും ആദരവും മന്ത്രി സജി ചെറിയാൻ അറിയിച്ചു.
സർക്കാറിനു വേണ്ടി മന്ത്രി അമൃതാനന്ദമയിക്ക് മൊമെന്റോ നൽകി. കൂടാതെ അമൃതാനന്ദമയിയെ സജി ചെറിയാൻ നെറുകയിൽ ചുംബിക്കുകയും ചെയ്തു. ആൾദൈവങ്ങളെയും പൗരോഹിത്യത്തെയും എതിർത്തിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടിനുണ്ടായ അപചയമാണ് മന്ത്രിയുടെ പ്രവർത്തിയിലൂടെ വെളിവായത് എന്ന ആരോപണം ഉയർന്നു. മന്ത്രിയെ കളിയാക്കിക്കൊണ്ടും വിമർശിച്ചുകൊണ്ടുള്ള പോസ്റ്റുകളും കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഏതു വിധേനയും വോട്ട് നേടാനുള്ള നീക്കങ്ങളാണ് സർക്കാർ നടത്തുന്നത് എന്നാണ് വിമർശനം. അഡ്വക്കേറ്റ് ജയശങ്കർ, നടൻ ജോയ് മാത്യു എന്നിവർ വിമർശനങ്ങൾ ഫെയ്സ് ബുക്കിൽ കുറിക്കുകയായിരുന്നു. “അമ്മയ്ക്കൊരുമ്മ. കമ്മ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) മാതാ അമൃതാനന്ദമയി ദേവിയെ നവോത്ഥാന നായികയായി വീണ്ടും അംഗീകരിച്ചു” എന്ന് പറഞ്ഞുകൊണ്ടാണ് ജയശങ്കറിന്റെ ഫെയ്സ്ബുക് പോസ്റ്റ് ആരംഭിക്കുന്നത്. സ്വതസിദ്ധമായ നർമ്മ ശൈലിയിൽ എഴുതിയിരിക്കുന്ന പോസ്റ്റിൽ മുൻകാലങ്ങളിൽ കമ്മ്യൂണിസ്റ്റ് നേതാക്കൾ അമൃതാനന്ദമയിയെ ആക്ഷേപിച്ചിരുന്ന പേരുകളും എടുത്തുപറയുന്നുണ്ട്.
അമൃതാനന്ദമയിയെ കുറിച്ച് പുസ്തകം എഴുതിയ അമേരിക്കക്കാരിയെ അഭിമുഖം നടത്തിയ ജോൺ ബ്രിട്ടാസിനെ കടന്നാക്രമിക്കുന്നതാണ് നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ പോസ്റ്റ്. “ആദ്യം അയ്യപ്പന്റെ മഹത്വം തിരിച്ചറിഞ്ഞു, ഇപ്പോഴിതാ മാതാ അമൃതാനന്ദമയിയുടെ മഹത്വവും സഖാക്കൾ തിരിച്ചറിഞ്ഞിരിക്കുന്നു. വൈകിയാണെങ്കിലും വിപ്ലവകാരികൾ ഇതൊക്കെ തിരിച്ചറിഞ്ഞതിൽ നമുക്ക് സന്തോഷിക്കാം” എന്ന് പറഞ്ഞുകൊണ്ടാണ് ജോയ് മാത്യുവിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

