കേരളത്തിൽ പുതിയ മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ മന്ത്രിമാരുടെ ഓഫീസുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമായി. സെക്രട്ടേറിയറ്റിലെ വിവിധ ബ്ലോക്കുകളിലും അനക്‌സ് മന്ദിരങ്ങളിലുമായാണ് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഓഫീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഭരണത്തിന്റെ പ്രധാന കേന്ദ്രമായ നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രി ഉൾപ്പെടെ ആറ് പ്രമുഖരാണ് ഉണ്ടാകുക. നോർത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലാകും മുഖ്യമന്ത്രിയുടെയും പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകൾ പ്രവർത്തിക്കുക.
നോർത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിൽ കെ മുരളീധരൻ, രമേശ് ചെന്നിത്തല എന്നിവർക്കും ഒന്നാം നിലയിൽ മോൻസ് ജോസഫ്, ഷിബു ബേബി ജോൺ എന്നിവർക്കുമാണ് ഓഫീസുകൾ. നോർത്ത് സാൻഡ്‌വിച്ച് ബ്ലോക്കിന്റെ മൂന്നാം നിലയിൽ സണ്ണി ജോസഫും രണ്ടാം നിലയിൽ അനൂപ് ജേക്കബും. മെയിൻ ബ്ലോക്കിന്റെ ഒന്നാം നിലയിൽ സി പി ജോണിന്റെയും എ പി അനിൽകുമാറിന്റെയും ഓഫീസുകളും, സൗത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിൽ ടി സിദ്ദിഖും മൂന്നാം നിലയിൽ കെ എ തുളസിയും ചുമതലയേൽക്കും.
സെക്രട്ടേറിയറ്റ് അനക്സ് മന്ദിരങ്ങളിൽ അനക്സ് ഒന്നിന്റെ നാലാം നിലയിൽ റോജി എം ജോണും അഞ്ചാം നിലയിൽ കെ എം ഷാജിയും ആറാം നിലയിൽ ഒ ജെ ജനീഷിനും ഓഫീസുകൾ തുറക്കും. രണ്ടിൽ ഒന്നാം നില മുതൽ എം ലിജു, വി ഇ അബ്ദുൽ ഗഫൂർ, ബിന്ദു കൃഷ്ണ എന്നിവരും അഞ്ചാം നിലയിൽ പി കെ ബഷീർ ആറാം നിലയിൽ പി സി വിഷ്ണുനാഥ് ഏഴാം നിലയിൽ എൻ ഷംസുദ്ദീൻ എന്നിവരുടെ ഓഫീസ് പ്രവർത്തിക്കും.

