PRAVASI

തൊട്ടതെല്ലാം പൊന്നാക്കി സൗത്ത് ഇന്ത്യയുടെ പുതിയ ലക്കി സ്റ്റാർ മമിത ബൈജു

Blog Image

സിനിമയുടെ തുടക്കം മുതൽ തന്നെ അന്ധവിശ്വാസങ്ങളും ‘രാശിയും’ ഒക്കെ ചർച്ചയാകാറുണ്ട്. ചിലർ തുടർച്ചയായ പരാജയങ്ങൾ മൂലം ‘രാശിയില്ലാത്തവർ’ എന്ന് മുദ്രകുത്തപ്പെടുമ്പോൾ, ചിലർ തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്നു. അത്തരത്തിൽ മലയാള സിനിമാലോകം ‘ഭാഗ്യതാരം’ എന്ന് വിശേഷിപ്പിക്കുന്ന നടിയാണ് മമിത ബൈജു. വെറും 25 വയസ് മാത്രം പ്രായമുള്ള മമിതയുടെ സിനിമാജീവിതം അമ്പരപ്പിക്കുന്ന നേട്ടങ്ങളുടേതാണ്. നായികയായ നാല് ചിത്രങ്ങൾ തുടർച്ചയായി 100 കോടി ക്ലബ്ബ് മറികടന്നപ്പോൾ, പുതിയ ചിത്രങ്ങളായ ‘ജനനായകനും’ ‘വിശ്വനാഥൻ ആൻഡ് സൺസും’ 300 കോടി ക്ലബ്ബിലേക്കുള്ള കുതിപ്പിലാണ്. ജൂനിയർ ആർട്ടിസ്റ്റായി വന്ന് പാൻ ഇന്ത്യൻ സിനിമകളിലെ നായികയായി വളർന്ന മമിതയുടെ വിജയം കൗതുകമുണർത്തുന്ന ഒന്നാണ്.

പതിനഞ്ചാം വയസിൽ പൃഥ്വിരാജ് നായകനായ ‘പാവാട’ എന്ന ചിത്രത്തിൽ ബാലതാരമായാണ് മമിത ക്യാമറയ്ക്ക് മുന്നിലെത്തിയത്. ആ ചിത്രവും വലിയ വിജയമായി മാറി. തുടർന്ന് ‘സർവോപരി പാലാക്കാരൻ’, ‘ഹണി ബി 2’, ‘വരത്തൻ’, ‘വികൃതി’, ‘ഓപ്പറേഷൻ ജാവ’, ‘ഖോ ഖോ’, ‘സൂപ്പർ ശരണ്യ’, ‘പ്രണയവിലാസം’ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായി. ഇതിൽ അനശ്വര രാജൻ നായികയായ ‘സൂപ്പർ ശരണ്യ’യിൽ ഉപനായികയായി എത്തിയ മമിത മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. അഭിനയത്തിലെ സൂക്ഷ്മഭാവങ്ങളും സ്വാഭാവികതയും അനായാസതയുമാണ് മമിതയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കുന്നത്.

അഭിനയത്തിലെ ഈ മികവ് സംവിധായകൻ ഗിരീഷ് എ.ഡിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ‘പ്രേമലു’വിലേക്ക് വഴിതുറന്നത്. നസ്ലിന്റെ നായികയായി മമിതയെ തിരഞ്ഞെടുക്കാനുള്ള ഗിരീഷ് എ.ഡിയുടെ തീരുമാനവും, ഭാവന സ്റ്റുഡിയോസ് അതിന് നൽകിയ പിന്തുണയും നടിയുടെ അഭിനയശേഷി തിരിച്ചറിഞ്ഞതുകൊണ്ടുതന്നെയായിരുന്നു. പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി ചുരുങ്ങിയ കാലംകൊണ്ട് വലിയ വിജയങ്ങൾ സ്വന്തമാക്കാൻ മമിത ബൈജുവിന് സാധിച്ചിട്ടുണ്ട്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും മമിതാ ബൈജു തരംഗം സൃഷ്ടിക്കുകയാണ്. ദേശ-ഭാഷാ ഭേദമന്യേ ഏവരുടെയും മനസ്സിലേക്ക് എത്തുന്നതായിരുന്നു മമിതയുടെ അഭിനയശൈലി. കടുത്ത ചായക്കൂട്ടുകൾ പൂശി അഭിനയിക്കുന്നതിന് പകരം ശരീരഭാഷയുടെയും ഭാവങ്ങളുടെയും സ്വാഭാവികത പരീക്ഷിക്കാനാണ് താരം ശ്രമിച്ചത്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും കാണിച്ച ലാളിത്യവും വിനയവും തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റി.

2024-ൽ പുറത്തിറങ്ങിയ ‘പ്രേമലു’വിലൂടെയാണ് മമിത പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. സൂപ്പർതാരങ്ങളില്ലാതെ എത്തിയ ചിത്രം 136 കോടി രൂപ നേടി റെക്കോർഡ് സൃഷ്ടിച്ചു. തുടർന്ന് ജി.വി. പ്രകാശ് നായകനായ ‘റിബൽ’, പ്രദീപ് രംഗനാഥനൊപ്പം ‘ഡ്യൂഡ്’, ധനുഷിന്റെ നായികയായി ‘കര’, ഇളയദളപതി വിജയ്‌യുടെ ‘ജനനായകൻ’, സൂര്യയുടെ ‘വിശ്വനാഥ് ആൻഡ് സൺസ്’ തുടങ്ങി നിരവധി ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ ഭാഗമാകാൻ മമിതയ്ക്ക് സാധിച്ചു. ഇതിൽ പല ചിത്രങ്ങളും 100 കോടി ക്ലബ്ബ് അനായാസം മറികടന്നു. വളരെ ചെറിയ പ്രായത്തിൽ ഇത്രയധികം ബിഗ് ബജറ്റ് ചിത്രങ്ങളുടെയും സൂപ്പർതാരങ്ങളുടെയും ഭാഗമാകാൻ കഴിഞ്ഞതാണ് മമിതയെ മറ്റ് നായികമാരിൽ നിന്ന് വ്യത്യസ്തയാക്കുന്നത്.

കോട്ടയം കിടങ്ങൂർ സ്വദേശിയായ മമിതയുടെ കുടുംബത്തിന് സിനിമാ പശ്ചാത്തലമില്ല. ഡോ. ബിജു കൃഷ്ണന്റെയും മിനിയുടെയും മകളായ മമിത ഡോക്ടറാകാൻ ആഗ്രഹിച്ചെങ്കിലും, സിനിമയിൽ ഒന്നിനുപുറകെ ഒന്നായി അവസരങ്ങൾ വന്നതോടെ അഭിനയരംഗം തിരഞ്ഞെടുക്കുകയായിരുന്നു. കരിയറിൽ എത്ര വലിയ ഉയരത്തിലെത്തിയാലും പെരുമാറ്റത്തിലെ ലാളിത്യം കൈവിടാറില്ല എന്നതാണ് മമിതയുടെ ഏറ്റവും വലിയ പ്രത്യേകത. തന്റെ കടുത്ത ആരാധികയായിരുന്ന സൂര്യയ്‌ക്കൊപ്പം പിന്നീട് നായികയായി അതേ വേദിയിൽ ഇരിക്കാൻ കഴിഞ്ഞത് മമിതയുടെ ജീവിതത്തിലെ കൗതുകകരമായ ഒരു യാദൃശ്ചികതയാണ്.

യൂട്യൂബിൽ റിലീസ് ചെയ്ത ‘കളർപടം’ എന്ന ഷോർട്ട് ഫിലിമിലെ പ്രകടനമാണ് മമിതയുടെ കരിയറിൽ വഴിതിരിവായത്. തുടർച്ചയായി 100 കോടി ക്ലബ്ബിൽ ഇടംനേടിയ ചിത്രങ്ങളിലൂടെ മലയാളികൾ സ്നേഹത്തോടെ ‘ഭാഗ്യനായിക’ എന്ന് വിളിക്കുന്ന മമിത, ഇന്ന് തമിഴ് സിനിമയിലെയും മുൻനിര നായകനിരയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. നിവിൻ പോളിക്കൊപ്പം ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ആണ് മമിതയുടെ ഏറ്റവും പുതിയ ചിത്രം. യാദൃശ്ചികമായി കിട്ടിയ ‘മമിത’ എന്ന പേരുപോലെ തന്നെ ഇന്ന് സിനിമാപ്രേക്ഷകരുടെ മുഴുവൻ ‘സ്വീറ്റ്’ ആയി മാറിയിരിക്കുകയാണ് ഈ യുവനടി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.