"അമ്മൂമ്മ എന്ന വിളികേൾക്കാൻ ഭാഗ്യം വേണം അമ്മേ " എന്ന് കളിയാക്കി പറയുമ്പോൾ എന്റെ മോനെ ചേർത്തുപിടിച്ചു പറയും.. "അമ്മേ എന്ന് വിളിച്ചു എന്റെ സാരിത്തുമ്പിൽ മുഴുവൻ ദിവസവുംതൂങ്ങിനടക്കാൻ ഒരു പേരക്കുട്ടി. ഇതുപോലൊരു ഭാഗ്യം ഏത് അമ്മൂമ്മയ്ക്ക് കിട്ടും .." ഈ മാതൃദിനത്തിൽ എല്ലാ അമ്മമാർക്കും അമ്മൂമ്മമാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ.. സ്നേഹിക്കുക.. അതിരുകളില്ലാതെ അമ്മയോളം മൂല്യം മറ്റൊരു ബന്ധത്തിനുമില്ല!
ഇന്ന് മാതൃദിനം അമ്മമാരെ ആദരിക്കാനും ബഹുമാനിക്കാനും ഓർമിക്കാനുമൊരു ദിനം. "അമ്മ" ഈ രണ്ടക്ഷരത്തിൽ ലോകം എന്ന് ചേർത്തെഴുതാൻ ആണ് ഞാനിഷ്ടപ്പെടുന്നത്. അമ്മ ജീവിച്ചിരിക്കുമ്പോൾ എനിക്കീലോകം അത്രയും മനോഹരമായിരുന്നു.
ഈ ലോകത്ത് ശൂന്യരായി എന്ന യാഥാർഥ്യം തിരിച്ചറിഞ്ഞത് അമ്മയില്ലാതെ പിറന്ന 2023 - ലെ ചിങ്ങമാസം ഒന്നാം തിയ്യതിയാണ്. അന്നത്തെ പ്രഭാതത്തിന് തുമ്പപ്പൂവിന്റെ നൈർമല്യമല്ല ഉണ്ടായിരുന്നത്. വെള്ളപുതപ്പിനുള്ളിൽ ഞങ്ങളുടെ സന്തോഷത്തിന്റെ സ്നേഹത്തിന്റെ വാത്സല്യത്തിന്റെ പുഞ്ചിരി അണഞ്ഞിരിക്കുന്നു എന്ന യാഥാർഥ്യമായിരുന്നു.
ICU വിന് മുന്നിൽ മൃതാവസ്ഥയിൽ ദിവസങ്ങളോളം തള്ളിനീക്കിയപ്പോൾ അമ്മയെ രക്ഷപ്പെടുത്തും എന്ന എന്റെ നിശ്ചയദാർഢ്യം തകർന്നുവീണത് ആ ഹാളിനുള്ളിലെ പാതിയുറക്കത്തിൽ കിടക്കുന്ന എല്ലാവരെയും ഞെട്ടിയുണർത്തിയായിരുന്നു. സമയം പുലർച്ചെ 3 മണി. ഡോക്ടർ എന്നെ വിളിച്ചു "അമ്മയുടെ അവസ്ഥ ദയനീയം ഇനി മോൾ പ്രതീക്ഷിക്കരുത്, ഞങ്ങൾ ചെയ്യേണ്ടതെല്ലാം ചെയ്തു. മരുന്നുകളോട് പ്രതികരിക്കുന്നില്ല. ബി.പി 40 ൽ നിന്നും മുകളിലേക്ക് ഉയരുന്നില്ല. വെന്റിലേറ്ററിൽ നിന്നും മാറ്റുകയാണ്.ഏതു നിമിഷവും ആ സത്യത്തെ ഉൾകൊള്ളാൻ മോള് തയ്യാറായിരിക്കണം" ആ ഒരു വാർത്ത ഒരിയ്ക്കലും ഞാൻ കേൾക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല. എന്റെ അടക്കാനാവാത്ത സങ്കടം അണപൊട്ടിയൊഴുകുമ്പോൾ ആ ഹാളിനുള്ളിലെ പലരും എന്നെ ആശ്വസിപ്പിക്കാൻ സമീപത്തെത്തിയിരുന്നു. മരണം എന്ന അവസ്ഥയ്ക്ക് ഏതൊരു ആശ്വാസവാക്കിനും ശമിപ്പിക്കാൻ കഴിയാത്ത മറ്റൊരുതലം കൂടിയുണ്ടെന്ന് ഞാൻ തിരിച്ചറിയപ്പെട്ട ദിവസം. അമ്മയ്‌ക്കൊപ്പം ഇല്ലാതാകുന്ന നിഷ്ക്കളങ്ക സ്നേഹം.
പിന്നീടുള്ള ഓരോ ദിവസവും ഉറക്കം നഷ്ടപ്പെട്ട ദിവസങ്ങളായിരുന്നു. അമ്മ മണം പോകാത്ത അമ്മയുടെ മുറിയിൽ ഞങ്ങൾ ഒരുമിച്ചുറങ്ങിയുണർന്ന ആ വീട്ടിൽ എല്ലാം പതിയെ നിശ്ചലമാകുന്നതായി തോന്നി. അമ്മയുടെ മൊബൈൽ ഫോണിൽ പിന്നീടാരും വിളിച്ചില്ല..ഭക്ഷണം കഴിക്കാനിരുന്നാൽ അറിയാതെ കണ്ണുനീരൊഴുകും. ഒരുമിച്ചിരുന്നു പറഞ്ഞ വാക്കുകളിലും ചിരികളിലും ആ നിമിഷത്തെ ചേർത്തുപിടിക്കുമ്പോൾ അമ്മ എത്ര വിലപിടിച്ച സ്ഥാനമാണ് അലങ്കരിച്ചതെന്നു ഓർമിച്ചുപോകും.
ഒരു ചെറിയ മൗനത്തെപോലും അമ്മയുടെ ഒരു വിരൽസ്പർശത്തിൽ വാചാലമാക്കിയിരുന്ന ആ കാലം എത്ര സുന്ദരമായിരുന്നു.
അമ്മയ്ക്ക് തുല്യം അമ്മ മാത്രമേയുള്ളു..ഉപാധികളില്ലാതെ സ്നേഹിക്കാൻ അമ്മമാർക്കേ കഴിയു. ഏതു പിണക്കവും വിഷമവും സങ്കടവും ഉരുകിയൊലിപ്പിക്കാൻ അമ്മയുടെ ഒരു തലോടൽ മാത്രം മതി. അതിനുശേഷം കടന്നുപോയ ഓരോ ദിനങ്ങളും അതികഠിനമായിരുന്നു. ഓരോ ആഘോഷദിവസങ്ങളിലും എത്ര നിയന്ത്രിച്ചാലും ആ വലിയ വിടവ് ഓർമകളിൽ തേങ്ങും.
അമ്മ നഷ്ടമായപ്പോൾ ഞാനെന്ന മകളും നഷ്ട്ടപെട്ടുപോകുകയായിരുന്നു. അമ്മ പ്രകടിപ്പിച്ച സ്നേഹവാത്സല്യങ്ങൾ പിന്നീട് ഒരിയ്ക്കലും ഒരാളിൽ നിന്നും ലഭിക്കില്ല. പകരം വയ്ക്കാൻ ആർക്കും കഴിയില്ല. ഈ ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അത് അമ്മയോടൊത്തുള്ള ദിവസങ്ങളായിരുന്നു. എനിക്കും എന്റെ മോനും അമ്മ ആയിരുന്നു അമ്മ. "അമ്മൂമ്മ എന്ന വിളികേൾക്കാൻ ഭാഗ്യം വേണം അമ്മേ " എന്ന് കളിയാക്കി പറയുമ്പോൾ എന്റെ മോനെ ചേർത്തുപിടിച്ചു പറയും.. "അമ്മേ എന്ന് വിളിച്ചു എന്റെ സാരിത്തുമ്പിൽ മുഴുവൻ ദിവസവുംതൂങ്ങിനടക്കാൻ ഒരു പേരക്കുട്ടി. ഇതുപോലൊരു ഭാഗ്യം ഏത് അമ്മൂമ്മയ്ക്ക് കിട്ടും .." ഈ മാതൃദിനത്തിൽ എല്ലാ അമ്മമാർക്കും അമ്മൂമ്മമാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ..
സ്നേഹിക്കുക.. അതിരുകളില്ലാതെ
അമ്മയോളം മൂല്യം മറ്റൊരു ബന്ധത്തിനുമില്ല!
സജിത ചന്ദ്രിക-