LITERATURE

ശോഭ സുരേന്ദ്രൻ വയനാട്ടിലോ പാലക്കാട്ടോ

Blog Image

പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാട് ലോകസഭ മണ്ഡലത്തിലും പാലക്കാട് നിയമസഭ മണ്ഡലത്തിലുമാണ് ശോഭ സുരേന്ദ്രൻ മത്സരിക്കണമെന്ന ആവശ്യം പ്രവർത്തകർ ഉയർത്തിയിരിക്കുന്നത് ബി ജെ പി സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചിരിക്കുന്നത് .


പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാട് ലോകസഭ മണ്ഡലത്തിലും പാലക്കാട് നിയമസഭ മണ്ഡലത്തിലുമാണ് ശോഭ സുരേന്ദ്രൻ മത്സരിക്കണമെന്ന ആവശ്യം പ്രവർത്തകർ ഉയർത്തിയിരിക്കുന്നത് ബി ജെ പി സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചിരിക്കുന്നത് . എന്നാൽ വയനാട്ടിൽ ശോഭ മത്സരിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നേടിയ വോട്ടുകളേക്കാൾ കൂടുതൽ നേടിയാൽ അത് സുരേന്ദ്രന് നാണക്കേടാകും. സുരേന്ദ്രനേക്കാൾ കേരളത്തിൽ സ്വീകാര്യത തനിക്കാണെന്ന് കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്താനും അത്തരം അവസരം ശോഭ സുരേന്ദ്രൻ ഉപയോഗിക്കും. ഈ അപകടം മുന്നിൽ കണ്ട് ശോഭ സുരേന്ദ്രനെ വയനാട്ടിൽ സ്ഥാനാർത്ഥി ആക്കാതിരിക്കാനാണ് സുരേന്ദ്രൻ വിഭാഗം ശ്രമിക്കുന്നത്. എന്നാൽ പ്രിയങ്ക ഗാന്ധിക്ക് എതിരായി ഒരു വനിത തന്നെ മത്സരിക്കട്ടെ എന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം തീരുമാനിച്ചാൽ സംസ്ഥാന നേതൃത്വത്തിൻ്റെ സകല കണക്കുകൂട്ടലുകളും തെറ്റും.


വയനാടിനേക്കാൾ ബി.ജെ.പി പ്രധാനമായി കാണുന്ന മത്സരം പാലക്കാടാണ്. വയനാട്ടിൽ ആര് മത്സരിച്ചാലും മൂന്നാംസ്ഥാനത്താണ് ബി.ജെ.പി എത്തുക. എന്നാൽ പാലക്കാട്ടെ ചിത്രം അതല്ല. അവിടെ അവർ വിജയ സാധ്യത മുന്നിൽ കാണുന്നുണ്ട്. 2019-ൽ 3,859 വോട്ടുകൾക്ക് മാത്രമാണ് മണ്ഡലം ബി.ജെ.പിയെ കൈവിട്ടിരുന്നത്. ഇപ്പോൾ നടന്ന ലോകസഭ തിരഞ്ഞെടുപ്പിലെ കണക്കുകൾ പ്രകാരം, 9,707 വോട്ടിൻ്റെ ലീഡ് പാലക്കാട് നിയമസഭ മണ്ഡലത്തിൽ യു.ഡി.എഫിന് ഉണ്ടെങ്കിലും ഒന്ന് ആഞ്ഞ് പിടിച്ചാൽ വിജയിക്കാൻ കഴിയുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ ബി.ജെ.പി വിജയിക്കുമെന്ന അവസ്ഥയിൽ ഇടതുപക്ഷ വോട്ടുകൾ പോലും ഷാഫി പറമ്പിലിന് ലഭിച്ചിട്ടുണ്ടെന്നും എന്നാൽ ഉപതിരഞ്ഞെടുപ്പിൽ അത്തരം ഒരു വോട്ട് ഷിഫ്റ്റിങ്ങ് നടക്കില്ലന്നുമാണ് ബി.ജെ.പി കരുതുന്നത്. മണ്ഡലത്തിലെ പ്രവർത്തകർ ആഗ്രഹിക്കുന്നതും ശോഭ സുരേന്ദ്രനെ പോലെയുള്ള സ്ഥാനാർത്ഥികളെയാണ്. ശോഭയുടെ പേര് വയനാടിനു പുറമെ പാലക്കാട്ടും ഉയർന്നു വരുന്നത് സംസ്ഥാന നേതൃത്വത്തിന് വലിയ തലവേദന ആയിരിക്കുകയാണ്. മുൻപ് മത്സരിച്ച സി കൃഷ്ണകുമാറോ കെ സുരേന്ദ്രനോ പാലക്കാട് മത്സരിക്കണമെന്നതാണ് സംസ്ഥാന നേതൃത്വത്തിൻ്റെ താൽപ്പര്യം. എന്നാൽ, പാർലമെൻ്ററി രാഷ്ട്രീയത്തിൽ ശോഭയുടെ ഗ്രാഫ് ഇവർക്കു മീതെ ഉയർന്നു നിൽക്കുന്നതിനാൽ ശോഭയെ കേന്ദ്ര നേതൃത്വം പരിഗണിക്കാനുള്ള സാധ്യതയാണ് കൂടുതൽ.ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ ശക്തമായ മത്സരം കാഴ്ചവച്ചതിനാൽ ശോഭ വയനാട്ടിലോ പാലക്കാട്ടോ മത്സരിക്കണമെന്ന് അഭിപ്രായമുള്ളവരാണ് കേന്ദ്ര നേതൃത്വത്തിലുള്ളത്. മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വോട്ടുവിഹിതം വർധിപ്പിച്ചതും ശോഭ സുരേന്ദ്രന് അനുകൂലമായ ഘടകമാണ്.
ഷാഫി പറമ്പിൽ വടകരയിൽനിന്ന് ലോക്സഭയിലേക്ക് വിജയിച്ചതോടെയാണ് പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മെട്രോമാൻ ഇ.ശ്രീധരനിലൂടെ ബിജെപി ഉയർത്തിയ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് പാലക്കാട് മണ്ഡലത്തിൽ ഷാഫി വിജയിച്ചിരുന്നത്. ഇത്തവണ ശോഭ സുരേന്ദ്രൻ മത്സരിച്ചാൽ കടുത്ത മത്സരത്തെയാണ് യു.ഡി.എഫിന് നേരിടേണ്ടി വരിക.


മത്സരിച്ച മണ്ഡലങ്ങളിലെല്ലാം ശക്തമായ പോരാട്ടമാണ് ശോഭ സുരേന്ദ്രൻ നടത്തിയിരിക്കുന്നത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിലും ഇത് പ്രകടമായിരുന്നു. ശബരിമല വിഷയം കത്തിനിൽക്കുന്ന കാലമായതിനാൽ വോട്ടുവിഹിതത്തിലും വലിയ വർധനയുണ്ടായിട്ടുണ്ട്. മുൻ തിരഞ്ഞെടുപ്പിൽ എസ്.ഗിരിജകുമാരി നേടിയ 90,528 വോട്ടുകൾ ശോഭ 2,48,081 വോട്ടായാണ് ഒറ്റയടിക്ക് ഉയർത്തിയിരുന്നത്. ഇത്തവണ ആറ്റിങ്ങലിൽ മത്സരിച്ച വി മുരളീധരന് വലിയ വോട്ട് വർദ്ധനവ് ഉണ്ടാക്കാൻ കഴിഞ്ഞതും ശോഭ മുൻപ് സൃഷ്ടിച്ച ആ മുന്നേറ്റത്തിൻ്റെ തുടർച്ച ആയതു കൊണ്ടാണ്.2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ, ആലപ്പുഴയിലാണ് ശോഭയെ പാർട്ടി നിയോഗിച്ചിരുന്നത്. മുൻ തിരഞ്ഞെടുപ്പിൽ കെ.എസ്.രാധാകൃഷ്ണൻ നേടിയ 1.87 ലക്ഷം വോട്ട്, ശോഭ ഒറ്റയടിക്ക് 2.99 ലക്ഷത്തിനു മുകളിലാണ് എത്തിച്ചിരിക്കുന്നത്. എൻഡിഎയ്ക്ക് വലിയ സ്വാധീനമില്ലെന്ന് കരുതിയ മണ്ഡലത്തിൽ ഈ മുന്നേറ്റം ശരിക്കും എതിരാളികളെ ഞെട്ടിച്ചിട്ടുണ്ട്. വോട്ടുവിഹിതം 17.24 ശതമാനത്തിൽനിന്നും 28.3 ശതമാനമായാണ് മാറിയിരിക്കുന്നത്.


ഈ കണക്കുകളാണ് വയനാട്ടിലേക്കും പാലക്കാട്ടേക്കും ശോഭയുടെ പേര് പരിഗണിക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ നിർബന്ധിതമാക്കിയിരിക്കുന്നത്. പാലക്കാട് ശോഭ സുരേന്ദ്രൻ മത്സരിച്ചാൽ നേമത്ത് ഇടതുപക്ഷം പൂട്ടിച്ച നിയമസഭയിലെ അക്കൗണ്ട് ഉപതിരഞ്ഞെടുപ്പിൽ തുറക്കാൻ കഴിയുമെന്നാണ് ആർ.എസ്.എസ് നേതൃത്വവും കരുതുന്നത്. അങ്ങനെ സംഭവിച്ചാൽ അത് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഗതിയെ തന്നെ മാറ്റുമെന്ന ഉപദേശവും ആർ.എസ്.എസ് നേതൃത്വം ബി.ജെ.പിക്ക് നൽകിയിട്ടുണ്ട്.പാലക്കാട് നഗരസഭയും കണ്ണാടി, മാത്തൂർ, പിരായിരി പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് പാലക്കാട് നിയമസഭാ മണ്ഡലം. ഇതിൽ പാലക്കാട് നഗരസഭ നിലവിൽ ഭരിക്കുന്നത് ബിജെപിയാണ്. മാത്തൂരും പിരായിരിയും യുഡിഎഫാണ് ഭരിക്കുന്നത്. കണ്ണാടി മാത്രമാണ് സിപിഎം ഭരിക്കുന്ന പഞ്ചായത്ത്. ചേലക്കര നിലനിർത്തുന്നതോടൊപ്പം തന്നെ വയനാട്ടിലും പാലക്കാട്ടും വോട്ടുകൾ വർദ്ധിപ്പിക്കുക എന്നതാണ് ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷം സ്വീകരിക്കാൻ പോകുന്ന തന്ത്രം. പാലക്കാട് ബി.ജെ.പി അക്കൗണ്ട് തുറന്നാൽ അതിൻ്റെ പരിപൂർണ്ണ ഉത്തരവാദിത്വം കോൺഗ്രസ്സിന് മാത്രമായിരിക്കും എന്നതാണ് സി.പി.എം നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. ഷാഫി പാലക്കാട് ഉപേക്ഷിച്ച് ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയത് തന്നെ ബി.ജെ.പിയെ നിയമസഭയിൽ എത്തിക്കാനാണോ എന്ന ചോദ്യമാണ് സി.പി.എം നേതൃത്വം ചോദിക്കുന്നത്. ഈ ചോദ്യം തന്നെ ആയിരിക്കും പാലക്കാട്ടെ പ്രചരണ യോഗങ്ങളിലും ഇനി മുഴങ്ങി കേൾക്കാൻ പോകുന്നത്. അതാകട്ടെ വ്യക്തവുമാണ്.


ലോകസഭ തിരഞ്ഞെടുപ്പിലെ കണക്കുകൾ പ്രകാരം 11 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാമത് എത്തിയിരിക്കുന്നത് ബി.ജെ.പിയാണ്. 9 നിയമസഭാ മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്താനും അവർക്ക് സാധിച്ചിട്ടുണ്ട്. 2026-ൽ ചുരുങ്ങിയത് 15 നിയമസഭാ സീറ്റുകളിൽ വിജയിക്കുമെന്ന അവകാശവാദമാണ് ബി.ജെ.പി ഉയർത്തുന്നത്. ഇതുവഴി കേരളത്തിലെ പരമ്പരാഗത മുന്നണി രാഷ്ട്രീയത്തെ പൊളിക്കുകയാണ് ലക്ഷ്യം. ശോഭ സുരേന്ദ്രൻ നിയമസഭയിൽ എത്തിയാൽ അത് ഇടതുപക്ഷത്തിനു മാത്രമല്ല യു.ഡി.എഫിനും വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്നാണ് ആർ.എസ്.എസ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ. അതു കൊണ്ട് തന്നെ പാലക്കാട്ട് അവർ പ്രഥമ പരിഗണന നൽകുന്നതും ശോഭ സുരേന്ദ്രനു തന്നെയാണ്. വയനാട്ടിൻ്റെ കാര്യത്തിൽ എന്ന പോലെ തന്നെ പാലക്കാട് ചേലക്കര മണ്ഡലത്തിലെ കാര്യത്തിലും സംസ്ഥാന ഘടകത്തിൻ്റെ ശുപാർശയിൽ അന്തിമ തീരുമാനമെടുക്കുക ബി.ജെ.പി ദേശീയ നേതൃത്വമാണ്. ശോഭ പാലക്കാട് സ്ഥാനാർത്ഥിയായി വിജയിച്ചാൽ പാർട്ടി സംസ്ഥാന ഘടകത്തെ തന്നെ അവരുടെ കൈപ്പിടിയിൽ ഒതുക്കുമെന്ന ഭയമാണ് സുരേന്ദ്രൻ വിഭാഗത്തിനുള്ളത്. സംസ്ഥാന അദ്ധ്യക്ഷ പദവിയിൽ ശോഭ സുരേന്ദ്രൻ വരാതിരിക്കാൻ ചരട് വലിക്കുന്ന നേതാക്കൾക്ക് ഉപതിരഞ്ഞെടുപ്പിലും അവർ സ്ഥാനാർത്ഥി ആകാതിരിക്കേണ്ടത് നിലനിൽപ്പിനു തന്നെ അനിവാര്യമാണ്. അതിനായുള്ള ശ്രമങ്ങളാണ് അണിയറയിൽ ഇപ്പോൾ ഊർജ്ജിതമായി നടക്കുന്നത്. ഇക്കാര്യത്തിൽ കെ സുരേന്ദ്രനും വി മുരളീധരനും ഒറ്റക്കെട്ടായാണ് നീങ്ങുന്നത്.

 

Related Posts