56 വർഷം മുൻപ് ലേ ലഡാക്കിൽ വിമാനാപകടത്തിൽ മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ സംസ്കാരം ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ നടന്നു. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
56 വർഷം മുൻപ് ലേ ലഡാക്കിൽ വിമാനാപകടത്തിൽ മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ സംസ്കാരം ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ നടന്നു. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പള്ളിയിലെ ചടങ്ങുകൾ പൂർത്തിയാക്കിയതിന് ശേഷം സൈന്യം ബഹുമതികൾ അർപ്പിച്ചു. സർക്കാരിനായി മന്ത്രി വീണ ജോർജ്ജ് അന്തിമോപചാരം അർപ്പിക്കാനെത്തി. രാഹുൽ ഗാന്ധിയുടെ അനുശോചന സന്ദേശവും ചടങ്ങിൽ വായിച്ചു. പാങ്ങോട് സൈനിക ക്യാമ്പിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെ 10.30ഓടെ സൈനിക അകമ്പടിയോടെയാണ് പത്തനംതിട്ട ഇലന്തൂരിലെ കുടുംബ വീട്ടിലെത്തിച്ചത്.
പൊതുദർശനത്തിനും വീട്ടിലെ ചടങ്ങുകൾക്കും ശേഷം വിലാപയാത്രയായാണ് ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്‌സ് പള്ളിയിലെത്തിച്ചത്. പള്ളിയിലും പൊതുദര്‍ശനത്തിന് അവസരമൊരുക്കിയതിന് ശേഷമാണ് സംസ്കാരം നടന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് വ്യോമസേന വിമാനത്തിൽ തോമസ് ചെറിയാന്‍റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. കേന്ദ്ര സംസ്ഥാന മന്ത്രിമാരും ബന്ധുക്കളും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. തുടര്‍ന്ന് പാങ്ങോട് സൈനിക കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.