ഇത്രമേൽ മണമുള്ള കുടമുല്ലപ്പൂവുകൾക്കെത്ര കിനാക്കളുണ്ടായിരിക്കും, സന്ധ്യാംബരത്തിന്റെ മന്ദസ്മിതങ്ങളിൽ അവയെത്ര അഴകുള്ളതായിരിക്കും? നക്ഷത്ര നാളങ്ങളോ പൊന്നു പുഷ്പിച്ച മൗനങ്ങളോ കസവണി ഞൊറിയിഴക്കുള്ളിൽ വിളങ്ങും കമനീയ ചന്ദ്രികയോ?
ഗാനരചനയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ കെ ജയകുമാർ സാറിന് ആശംസകൾ.... ഒപ്പം ഓർമ്മ പുതുക്കാൻ ഈ കുറിപ്പും.
"സൂര്യാംശു ഓരോ വയൽപ്പൂവിലും വൈരം പതിക്കുന്നുവോ'' എന്ന് പാടിക്കേൾക്കുമ്പോൾ ഇന്നും മനസ്സിൽ തെളിയുന്ന ഒരു ചിത്രമുണ്ട്. കാലത്തിന് പോറൽ പോലുമേൽപ്പിക്കാൻ കഴിയാത്ത, മിഴിവാർന്ന ചിത്രം.
രണ്ടു കിലോമീറ്റർ അകലെയുള്ള സ്‌കൂളിലേക്ക്, മഞ്ഞുമൂടിയ വയലേലകൾക്കിടയിലെ മൺപാതയിലൂടെ ഒറ്റയ്ക്ക് നടന്നുപോകുന്ന ഒരു വയനാടൻ കുട്ടി. എല്ലാ കാഴ്ചകളും വിസ്മയമായിരുന്നു അവന്.
പാടവും തോടും താണ്ടി മുന്നോട്ട് പോയാൽ വഴിയരികിൽ പൂത്തുനിൽക്കുന്ന കാപ്പിച്ചെടികൾ കാണാം; അതു കഴിഞ്ഞു തേയിലക്കാടുകളും.
വയൽപ്പൂക്കളിലെന്നപ്പോലെ കാപ്പിപ്പൂക്കളിലും തേയിലക്കൊളുന്തുകളിലുമെല്ലാം വൈരം പതിക്കുന്നുണ്ടാകും പ്രഭാതരശ്മികൾ. വജ്രം പോലെ തിളങ്ങുന്ന ആ ഹിമകണങ്ങൾ കൗതുകത്തോടെ നോക്കിനിൽക്കും അവൻ. മൃദുവായി അവയെ ഒന്ന് തൊടാൻ വെമ്പും കുഞ്ഞുവിരലുകൾ.
സ്കൂൾ വിട്ട് തിരികെ വരുമ്പോഴേക്കും അപ്രത്യക്ഷമായിരിക്കും ആ പളുങ്കുമണികൾ. പിറ്റേന്ന് കാലത്ത് ``മണ്ണിന്റെ പ്രാർത്ഥനാ ലാവണ്യമായ്, വിണ്ണിന്റെ ആശംസയായ്'' അവ വീണ്ടും പൂത്തുകാണാനുള്ള കാത്തിരിപ്പാണ് പിന്നെ.
ഈ പാട്ടിൽ മാത്രമല്ല കെ ജയകുമാറിന്റെ മിക്ക രചനകളിലുമുണ്ട് ഇതേ ``ദൃശ്യചാരുത''. വരികൾക്കും അവയുടെ ഈണത്തിനുമൊപ്പം മനസ്സിൽ വിരിയുന്ന ബിംബങ്ങൾ. കോളേജ് വിദ്യാർത്ഥിയായിരുന്ന കാലത്ത് സിനിമക്ക് വേണ്ടി എഴുതിയ ആദ്യഗാനത്തിൽ പോലും കാണാം ഈ ദൃശ്യ ഭംഗി. ``മന്ദാരമണമുള്ള കാറ്റേ നീയൊരു സന്ദേശവാഹകനല്ലേ'' എന്ന് ബാബുരാജിന്റെ ഈണത്തിൽ യേശുദാസ് പാടിക്കേട്ടപ്പോൾ മനസ്സിൽ പതിഞ്ഞ ചിത്രത്തിൽ കാറ്റുമായി സല്ലപിക്കുന്ന പ്രേംനസീർ എന്ന കാമുകനുണ്ടായിരുന്നു. പ്രതിശ്രുത വധുവിനെ ഓർത്ത് ചുണ്ടിലൊരു പാട്ടുമായി കാർ ഡ്രൈവ് പോകുന്ന കാമുകൻ.
നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ കൃഷ്ണതുളസിക്കതിരുമായ് കാമുകനെ പ്രതീക്ഷിച്ചു നിൽക്കുന്ന സുന്ദരിയെ സിനിമയിൽ കാണാൻ ഭാഗ്യമുണ്ടായിട്ടില്ല നമുക്ക്. ``നീലക്കടമ്പ്'' എന്ന ചിത്രം വെളിച്ചം കണ്ടില്ലല്ലോ. പക്ഷേ അവളുടെ കാത്തുനിൽപ്പ് എല്ലാ വർണ്ണഭംഗിയോടെയും സങ്കല്പിക്കാനാകും നമുക്ക്. ജയകുമാറിനും രവീന്ദ്രൻ മാഷിനും ചിത്രക്കും നന്ദി.
ജയകുമാർ ഗാനങ്ങളിലെ ഇഷ്ടപ്പെട്ട ചില വരികൾ കൂടി ഓർത്തെടുക്കട്ടെ....
കാതരഹൃദയ സരോവര നിറുകയിൽ ഉദയാംഗുലിയാകൂ (കുടജാദ്രിയിൽ)
കറുക തൻ കൈവിരൽത്തുമ്പിൽ തുളുമ്പുന്ന ഹിമകണമല്ലോ നമ്മൾ..
സായന്തനം നിഴൽ വീശിയില്ല ശ്രാവണപ്പൂക്കളുറങ്ങിയില്ല, പൊയ്‌പ്പോയ നാളിൻ മയിൽപ്പീലി മിഴികളിൽ നീലാഞ്ജനദ്യുതി മങ്ങിയില്ല..
ആകാശഗംഗാ തീരത്തിനപ്പുറം ആയിരം വെണ്ണക്കൽ മണ്ഡപം, പൗർണമി തോറും ഒരേകനാം ഗന്ധർവ്വൻ പാടാനണയുന്ന മണ്ഡപം.
പൊൽത്താരകങ്ങൾ നിന്റെ കണ്ണിൽ പൂത്തിറങ്ങിയോ, വിൺചന്ദ്രലേഖ നിന്റെ ചിരിയിൽ കൂടണഞ്ഞതോ? (സാരംഗി മാറിലണിയും)
ഒരു തീയലയിൽ പൂക്കാലം കരിയും പോലെ, ഒരു കാറ്റലയിൽ കരിമേഘം പടരും പോലെ.
ചെങ്കദളീമലർ ചുണ്ടിലിന്നാർക്കു നീ കുങ്കുമരാഗം കരുതിവെച്ചൂ, തൊഴുതുമടങ്ങുമ്പോൾ കൂവളപ്പൂമിഴി മറ്റേത് ദേവനെ തേടിവന്നു? (ചന്ദനലേപ സുഗന്ധം)
കളരിവിളക്ക് തെളിഞ്ഞതാണോ കൊന്നമരം പൂത്തുലഞ്ഞതാണോ?
മൂവന്തിയായ് പകലിൽ രാവിൻ വിരൽസ്പർശനം, തീരങ്ങളിൽ ബാഷ്പദീപങ്ങളിൽ ഓരിതൾ നാളമായ് നൊമ്പരം...
കരിമഷി പടരുമീ കൽവിളക്കിൽ കനകാങ്കുരമായ് വിരിയേണം, നീ അന്തർനാളമായ് തെളിയേണം (സൗപർണ്ണികാമൃത വീചികൾ)
ഈ പുൽനാമ്പിൽ മഴയുടെ തേൻ സന്ദേശം (ആഷാഢം പാടുമ്പോൾ)
ഇത്രമേൽ മണമുള്ള കുടമുല്ലപ്പൂവുകൾക്കെത്ര കിനാക്കളുണ്ടായിരിക്കും, സന്ധ്യാംബരത്തിന്റെ മന്ദസ്മിതങ്ങളിൽ അവയെത്ര അഴകുള്ളതായിരിക്കും?
നക്ഷത്ര നാളങ്ങളോ പൊന്നു പുഷ്പിച്ച മൗനങ്ങളോ കസവണി ഞൊറിയിഴക്കുള്ളിൽ വിളങ്ങും കമനീയ ചന്ദ്രികയോ?
--രവിമേനോൻ