ഈ കുടുംബമെന്ന പ്രസ്ഥാനം പിരിച്ചു വിടാനൊരു മടി അവളൊരു ചിരി പാസാക്കി ശോശാമ്മമാർ അവറാച്ചൻമാരെ സൃഷ്ടിക്കും
കൊച്ചു വെളുപ്പിനെ ശോശാമ്മയെഴുന്നേറ്റ്
നാലു നേരത്തേക്ക്
മൃഷ്ട്ടാന്നം തിന്നാൻ
ഒണ്ടാക്കി വക്കും.
അവറാച്ചൻ ഏഴേഴര
ആകുമ്പോ എണീക്കും,
പത്രമെടുക്കും,
കക്കൂസേ പോകും,
പല്ല് തേക്കും,
എന്നിട്ടങ്ങട് തൊടങ്ങും
ഉപ്പുമാവ് ഇണ്ടാക്കീത്
കൂടുതലായി,
ഉപ്പ് ഇച്ചിരി കുറവായി,
വായേല് വക്കാൻ
കൊള്ളുകേലാ,
ചൂടൻ പരാതികൾ
കേട്ട് ശോശാമ്മ
ഒന്നും കേട്ടില്ലയെന്ന്
നടിച്ചു പണി തുടരും
എന്നിട്ടുള്ളിൽ പറയും
ഈ കുടുംബമെന്ന പ്രസ്ഥാനം
എന്നേ പിരിച്ചു വിടേണ്ടതാ.....
ശോശാമ്മ കുളിച്ചോന്ന്
ചോദിച്ചാൽ
കുളിച്ചൂന്ന് വരുത്തി
തൊഴിലുറപ്പ് പണിക്കിറങ്ങുമ്പോൾ,
അവറാച്ചൻ
മേലനങ്ങിയാൽ
പണിയാവും
എന്നുരുവിട്ടവിടെ കിടക്കുന്നത്
കണ്ടവൾ പിറുപിറുക്കും
ഈ കുടുംബമെന്ന പ്രസ്ഥാനം
എന്നേ പിരിച്ചു വിടേണ്ടതാ.....
വൈകുന്നേരം
കടേല് പോയി
250 വെളിച്ചെണ്ണ
100 ഉണക്കമീൻ
എല്ലാം വാങ്ങി
മേലാകെ വിയർത്തു
കുളിക്കാതെ കുളിച്ചു
വീട്ടീ കേറുമ്പോ കേൾക്കാം
അവറാച്ചന്റെ
നെടുവീർപ്പ്.....
എന്നും ഒരേ കറി,
ഒരു വെറൈറ്റിയില്ല,
എന്തൂട്ടാടി
ഉണ്ടാക്കി വച്ചിരുന്നേ,
ഇത് കേട്ടവൾ അലറും
ഇവിടെ മീൻ വക്കണില്ലേ,
ആഴ്ച്ചേല് എറച്ചി വയ്ക്കണില്ലേ,
കടലേം പരിപ്പും വയ്ക്കണില്ലേ,
പറ്റണില്ലെങ്കി
വച്ചോ, തിന്നോ
അല്ലെങ്കിൽ
വേറെ കെട്ടിക്കോ,
അല്ലേലും ഈ കുടുംബമെന്ന പ്രസ്ഥാനമെന്നേ
പിരിച്ചു വിടേണ്ടതാ...
രാത്രീല് അവറാച്ചൻ
ഒന്നും മിണ്ടീല്ല,
കിട്ടണത് കഴിച്ചു
കൊള്ളാമെന്നുറക്കെ
പ്രഖ്യാപിച്ചു,
അല്ലേലും ശോശാമ്മേടെ
കയ്യോണ്ട് വച്ചതിനു വെറൈറ്റി ഇല്ലെങ്കിലെന്താ
വായേല് പിടിച്ച് കഴിക്കാമെന്ന് മൊഴിഞ്ഞിട്ട്
അവനവളെ
ഏറുകണ്ണിട്ട് നോക്കി.
നിങ്ങളെ കൊണ്ട് തോറ്റു
എന്നവൾ ചിണുങ്ങി
നീയൊന്നു കുളിച്ച്
വന്നേടി,
നമുക്കല്പം മിണ്ടീം
പറഞ്ഞുമിരിക്കാം.
പിന്നെ നിങ്ങടേയൊരു
മിണ്ടലും, പറച്ചിലും, നോട്ടോം,
തോണ്ടലും
അവൾ മനസ്സിൽ പറഞ്ഞു.
ശോശാമ്മ വേഗം
കുളിച്ചവനരികെ എത്തി.
അവറാച്ചൻ അവളെ
ചൊടിപ്പിക്കാൻ പറഞ്ഞു
അല്ല! നീയല്ല്യോടി
കുടുംബമെന്ന പ്രസ്ഥാനം
പിരിച്ചു വിടാൻ പോയേ,
ഇതൊക്കെ ഓർക്കുമ്പോളാ
ഈ കുടുംബമെന്ന
പ്രസ്ഥാനം പിരിച്ചു വിടാനൊരു മടി
അവളൊരു ചിരി പാസാക്കി
ശോശാമ്മമാർ
അവറാച്ചൻമാരെ സൃഷ്ടിക്കും
അവറാച്ചൻമാർ
കുടുംബമെന്ന പ്രസ്ഥാനത്തെ
മുന്നോട്ട് നയിക്കും
ശ്രീജ വിധു