LITERATURE

അമ്മയുടെ കണ്ണില്‍ നിന്നും പുറത്തേയ്‌ക്കൊഴുകിയ ചുടുകണ്ണുനീര്‍

Blog Image
ഇമവെട്ടാതെ ഡിന്നര്‍ പ്ലേറ്റിലേക്ക്‌നോക്കിയിരുന്നപ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകിയതുപോലും അവര്‍ അറിഞ്ഞില്ല. ഭര്‍ത്താവ്‌തന്നെഏല്‌പിച്ച ഉത്തരവാദിത്വം വിശ്വസ്‌തതയോടെ നിറവേറ്റിയ ആത്മനിര്‍വൃതിയായിരുന്നവോ ആ കണ്ണുനീരില്‍ പ്രതിഫലിച്ചിരുന്നത്‌ ? ആര്‍ക്കറിയാം ?

മൂന്ന്‌മണിക്കൂര്‍ യാത്രചെയ്‌ത വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ മുന്‍കൂട്ടി ബുക്ക്‌ ചെയ്‌തിരുന്ന റെന്റല്‍ കാര്‍ ജോണിയേയും കുടുംബാംഗങ്ങളേയും കാത്ത്‌പുറത്ത്‌ പാര്‍ക്ക്‌ ചെയ്‌തിരുന്നു. ഏജന്റില്‍ നിന്നും താക്കോല്‍ വാങ്ങിഭാര്യയേയും നാലര വയസുളള കൊച്ചുമോനേയും കയറ്റി, കാര്‍ നേരെ പാഞ്ഞത്‌ വിമാനത്താവളത്തില്‍ നിന്നും ഏകദേശം മുപ്പതുമൈല്‍ ദൂരെ സ്ഥിതിചെയ്യുന്ന നഴ്‌സിങ്‌ഹോമിലേക്കായി രുന്നു. വഴിയില്‍ കാര്‍ നിര്‍ത്തി മൂന്നു വിലകൂടിയതും മനോഹരവുമായ റോസാപുഷ്‌പങ്ങള്‍ വാങ്ങുന്നതിനും ജോണി മറന്നില്ല. പഠിച്ചു വളര്‍ന്ന സ്‌കൂളും കോളേജും പിന്നിട്ട്‌കാര്‍ നഴ്‌സിങ്‌ഹോമില്‍ എത്തി പാര്‍ക്ക്‌ചെയ്‌തു.

സുപരിചിതമായ കെട്ടിട സമുച്ചയത്തിന്റെ ഇടനാഴിയിലൂടെ അതിവേഗം നടന്ന്‌ 103 ാം നമ്പര്‍ മുറിയില്‍ എത്തി. മുറിയില്‍ പ്രവേശിച്ച കൊച്ചുമോന്‍ ഓടിചെന്ന്‌ ഉറങ്ങി കിടക്കുകയായിരുന്ന അച്ചമ്മയുടെ കവിളില്‍ ചുംബിച്ചു. ഉറക്കത്തില്‍ നിന്നുംഉണര്‍ന്നപ്പോള്‍ കണ്ടത്‌ കട്ടിലിന്റെ ഇരുവശങ്ങളിലായി ഇരിക്കുന്ന മകന്‍ ജോണിയേയും ഭാര്യേയും കൊച്ചുമോനേയുമാണ്‌. ജോണി കുനിഞ്ഞു അമ്മയുടെ നെറ്റിയില്‍ ചുംബിച്ചപ്പോള്‍ പാതിവിടര്‍ന്നിരുന്ന കണ്ണുകള്‍ സജ്ജീവമായി. മറുവശത്തായിഇരുന്നിരുന്ന ജോണിയുടെ ഭാര്യ ചായംതേച്ച്‌ചുവപ്പിച്ച അധരങ്ങള്‍ നെറ്റിയില്‍ തൊടാതെയാണ്‌ചുംബനം നല്‍കിയത്‌.

അമ്മേ ഇന്ന്‌ `മദേഴ്‌സ്  ഡേ 'ആണ്‌. അമ്മയെ കാണുന്നതിനാണ്‌ ഞങ്ങള്‍ ഇവിടെ വന്നത്‌. രണ്ടുദിവസം മാത്രമാണ്‌ എനിക്ക്‌ അവധി ലഭിച്ചിരിക്കുന്നത്‌. കൊച്ചുമോന്റെ മമ്മിയുടെ മാതാപിതാക്കള്‍ ഇവിടെയടുത്താണല്ലോ താമസിക്കുന്നത്‌.ഇന്നു രാത്രി അവരുടെ വീട്ടില്‍ കഴിയണം നാളെ രാവിലെ മടങ്ങി പോകുകയും വേണം. എല്ലാവരേയും മാറിമാറി നോക്കുന്നതിനിടയില്‍ അമ്മയുടെ കണ്ണില്‍ നിന്നും പുറത്തേയ്‌ക്കൊഴുകിയ ചുടുകണ്ണുനീര്‍ കയ്യിലുണ്ടായിരുന്ന ടിഷ്യുപേപ്പര്‍ കൊണ്ട്‌തുടച്ചു നീക്കുന്നതിനിടെ ജോണി പറഞ്ഞു. കിടന്നകിടപ്പില്‍ നിന്നുംചാരിയിരിക്കുന്നതിനു നടത്തിയ ശ്രമം ജോണി തടഞ്ഞു. അമ്മ അവിടെതന്നെ കിടന്നോളൂ. ഞങ്ങള്‍ എല്ലാവരുംഇവിടെയുണ്ടല്ലോ ?

ജോണിയുടെ അമ്മ മേരിക്ക്‌ വയസ്‌അറുപത്തിയെട്ടായി. ശരീരത്തിന്റെ അരയ്‌ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടുവെങ്കിലും അള്‍സൈമേഴ്‌സ്‌ എന്നരോഗം മേരിയുടെ ഓര്‍മ്മശക്തിയില്‍ ഇതുവരെ പിടിമുറിക്കി യിരുന്നില്ല. ഒരുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ മകനേയും കുടുംബത്തേയും വീണ്ടുംകാണുന്നത്‌. കഴിഞ്ഞ മദേഴ്‌സ് ഡേ യില്‍ കാണാന്‍ വന്നപ്പോള്‍ ജോണി പറഞ്ഞതാണ്‌ ഞങ്ങള്‍ ഇടയ്‌ക്കിടെ അമ്മയെ വന്ന്‌കാണാമെന്ന്‌. മേരിയുടെചിന്തകള്‍ സാവകാശം ചിറകുവിരിച്ചു. ഭൂതകാലത്തേക്ക്‌ പറന്നുയര്‍ന്നു.

ജോണിയുടെ അപ്പന്‍ മുപ്പത്തിയെട്ട്‌ വയസ്സില്‍ ഈലോകത്തില്‍ നിന്നും വിടപറയുമ്പോള്‍ ജോണിക്ക്‌ പ്രായം രണ്ട്‌ വയസ്സയിരുന്നു. മകന്റെ കൈകള്‍ കൂട്ടിപിടിച്ച്‌ ഇപ്രകാരംപറഞ്ഞു. മോനെ നീ പൊന്നുപോലെ നോക്കണം. അവന്‍ നിന്നെ ജീവിതാന്ത്യംവരെ നോക്കികൊളളും.

മുപ്പത്തിഒന്ന്‌ വയസ്സില്‍ ഭര്‍ത്താവ്‌നഷ്ടപ്പെട്ടുവെങ്കിലും മേരി നഴ്‌സായിരുന്നതിനാല്‍ വലിയ സാമ്പത്തികക്ലേശം സഹിക്കേണ്ടിവന്നില്ല. മേരിയുടെ മനസ്സില്‍ മറ്റൊരാശയമാണ്‌ഉയര്‍ന്നുവന്നത്‌. എങ്ങനെയെങ്കിലും അമേരിക്കയില്‍ എത്തണം. മകന്‌ നല്ല വിദ്യാഭ്യാസം നല്‍കണം. നല്ലൊരുഭാവി ഉണ്ടാകണം. ഒരു നഴ്‌സിനെ സംബന്ധിച്ചു അമേരിക്കയില്‍ വരുന്നതിന്‌ അന്ന്‌ ഇത്രയും കടമ്പകള്‍ ഇല്ലായിരുന്നു. ഭര്‍ത്താവ്‌ മരിച്ചു രണ്ട്‌ വര്‍ഷത്തിനുളളില്‍ മകനേയും കൂട്ടി മേരി അമേരിക്കയില്‍ എത്തി. ഭര്‍ത്താവില്ലാതെ മാതൃകപരമായ ജീവിതം നയിച്ച മേരി, ജോണിക്ക്‌, നല്ലൊരു ജോലി ലഭിച്ചതോടെ, അമേരിക്കന്‍ മലയാളികുടുംബത്തില്‍ ജനിച്ചുവളര്‍ന്ന്‌പരിഷ്‌കാരിയുംസല്‍സ്വഭാവിയുമായഒരുപെണ്‍ കുട്ടിയെ കണ്ടെത്തി വിവാഹവും നടത്തികൊടുത്തു. ഉയര്‍ന്നവിദ്യാഭ്യാസവും, ഉയര്‍ന്നജോലിയും ജോണിക്ക്‌ സമൂഹത്തില്‍ ഉന്നതസ്ഥാനം ലഭിക്കുന്നതിനിടയാക്കി.

ഒറ്റക്ക്‌ജീവിച്ച മകനെ വളര്‍ത്തുന്നതിനു മേരി നയിച്ച വിശ്രമരഹിതമായജീവിതം ശരീരത്തേയും മനസ്സിനേയും അല്‌പമെങ്കിലും തളര്‍ത്തിയിരുന്നു. ഒരുദിവസം ജോലികഴിഞ്ഞു മടങ്ങിവരുന്നതിനിടയില്‍ ഉറക്കത്തില്‍പ്പെട്ട്‌ ഉണ്ടായ അപകടത്തില്‍ മേരിക്ക്‌ സാരമായപരിക്കേറ്റു. വിദഗ്‌ധചികിത്സ ലഭിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായെങ്കിലും നട്ടെല്ലു തകര്‍ന്നതിനാല്‍ ശരീരത്തിന്റെ അരയ്‌ക്കുതാഴെ പൂര്‍ണ്ണമായും ചലനശേഷി നഷ്ടപ്പെട്ടു. ആശുപത്രിയില്‍ നിന്നും ഡിസ്‌ചാര്‍ജ്‌ചെയ്‌ത വീട്ടിലെത്തിയ മേരിയെ ശുശ്രൂഷിക്കുന്നതിന്‌കുറച്ചു ദിവസം മകനും മരുമകളും താല്‌പര്യംകാണിച്ചു. ദിവസങ്ങള്‍ പിന്നിട്ടതോടെ മേരിക്ക്‌ശരിയായ ശുശ്രൂഷലഭിക്കാതെയായി. മരുമകളുടെ താല്‌പര്യംപരിഗണിച്ചു ജോണിക്ക്‌ അമ്മയെ നഴ്‌സിങ്‌ഹോമില്‍ കൊണ്ടുചെന്ന്‌ആക്കേണ്ടിവന്നു. ഇതിനിടയിലാണ്‌ജോലിയുമായി  ബന്ധപ്പെട്ട്‌ ജോണിക്ക്‌ മറ്റൊരു സ്ഥലത്തേക്ക്‌ ട്രാന്‍സ്‌ഫര്‍ ലഭിച്ചത്‌. അന്ന്‌മുതല്‍ നഴ്‌സിങ്‌ഹോമില്‍ ഒറ്റക്ക്‌കഴിയുകയാണ്‌. ഇപ്പോള്‍ ഇവിടെ എത്തിയിട്ട്‌ മൂന്നു വർഷമായി. `അമ്മേ ഞങ്ങള്‍ ഇറങ്ങുകയാണ്‌ എന്ന്‌ ' ജോണിയുടെ ശബ്ദം കേട്ടാ മേരി സ്ഥലകാലബോധം വീണ്ടെടുത്തത്‌. മൂന്നുപേരും ഒരിക്കല്‍ കൂടി കവിളില്‍ ചുംബിച്ചു. ഏകദേശം ഒരുമണിക്കൂര്‍ നേരത്തെ സംഗമത്തിനുശേഷം യാത്ര പറഞ്ഞുപിരിയുമ്പോള്‍ കൈകളില്‍ ഉണ്ടായിരുന്ന റോസാപുഷ്‌പങ്ങള്‍ നോക്കി കൊണ്ട്‌ മേരിയുടെ മനസ്‌ മന്ത്രിച്ചു ` ഇനി എന്നാണ്‌ നമ്മള്‍ പരസ്‌പരംകണ്ടുമുട്ടുന്നത്‌ ? ഒരുവര്‍ഷം കൂടി അടുത്ത മദേഴ്‌സ് ഡേ വരേ ഇനിയുംകാത്തിരിക്കേണ്ടിവരുമോ !'

ജോണിക്കുട്ടി കാറില്‍ കയറി നേരെ എത്തിയത്  ഭാര്യാ  വീട്ടിലാണ്‌. അവിടെ ഒരുക്കിയിരുന്ന  മദേഴ്‌സ്  ഡേ ആഘോഷങ്ങളില്‍ പങ്കെടുത്തിനുശേഷം ഡൈനിങ്‌ ടേബിളില്‍ നിരത്തി വെച്ചിരുന്ന  വിഭവസമൃദ്ധമായ ഡിന്നര്‍ കുടുംബ സമ്മേതം ആസ്വദിക്കുമ്പോള്‍ അല്‌പം അകലെയല്ലാതെ നഴ്‌സിങ്‌ഹോമില്‍ ഏകയായി കഴിയുന്ന അമ്മയുടെ മുമ്പിലും ആരോ ഒരു നഴ്‌സിങ്‌ഹോം ജീവനക്കാരന്‍ മദേഴ്‌സ്  ഡേ ഡിന്നര്‍ നിരത്തിവെച്ചു. ഇമവെട്ടാതെ ഡിന്നര്‍ പ്ലേറ്റിലേക്ക്‌നോക്കിയിരുന്നപ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകിയതുപോലും അവര്‍ അറിഞ്ഞില്ല. ഭര്‍ത്താവ്‌തന്നെഏല്‌പിച്ച ഉത്തരവാദിത്വം വിശ്വസ്‌തതയോടെ നിറവേറ്റിയ ആത്മനിര്‍വൃതിയായിരുന്നവോ ആ കണ്ണുനീരില്‍ പ്രതിഫലിച്ചിരുന്നത്‌ ? ആര്‍ക്കറിയാം ?

 

പി.പി. ചെറിയാന്‍
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.