PRAVASI

മോൻസ് ജോസഫ് എം.എൽ.എയുടെ ശക്തമായ ഇടപെടൽ: എയ്‌ഡഡ്‌ അധ്യാപകർക്കെതിരായ നീതി നിഷേധത്തിനെതിരെ നിയമസഭയിൽ നിലപാടുയർത്തി

Blog Image

കോട്ടയം : നീതി നിഷേധിക്കപ്പെട്ട ആയിരക്കണക്കിന് അധ്യാപക ഉദ്യോഗാർത്ഥികളുടെ ആശങ്കകൾ നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ മോൻസ് ജോസഫ് എം.എൽ.എ. നടത്തിയ ധീരമായ പോരാട്ടം ശ്രദ്ധേയമായി. ഭിന്നശേഷി സംവരണത്തിന്റെ മറവിൽ എയ്ഡഡ് സ്കൂൾ നിയമനങ്ങൾ സർക്കാർ തടയുന്ന ഗുരുതരമായ വിഷയമാണ് അദ്ദേഹം തിങ്കളാഴ്ച സഭയിൽ ശ്രദ്ധ ക്ഷണിക്കലായി അവതരിപ്പിച്ചത്. സർക്കാരിന്റെ അനാസ്ഥ കാരണം സമാധാന ചർച്ചകൾ പോലും വഴിമുട്ടി നിൽക്കുന്ന സാഹചര്യം അദ്ദേഹം സഭയിൽ തുറന്നുകാട്ടി.

പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് പകരം, വിഷയം വഴിതിരിച്ചുവിടാൻ മന്ത്രിതലത്തിൽ ശ്രമമുണ്ടായപ്പോൾ എം.എൽ.എ. ശക്തമായി പ്രതിരോധിച്ചു.ഗവൺമെൻ്റിൻ്റെ ഈ നീക്കത്തിനെതിരെ സംസാരിച്ച പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, ചങ്ങനാശ്ശേരി മെത്രാപോലീത്ത തോമസ് തറയിൽ എന്നിവരുടെ വാക്കുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് മോൻസ് ജോസഫ് എംഎൽഎ സർക്കാരിനെതിരെ ആഞ്ഞടിച്ചു.

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ചില ക്രിസ്ത്യൻ മാനേജ്മെന്റുകൾക്കെതിരെ ആരോപണം ഉന്നയിക്കുകയും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ക്രിസ്ത്യാനികളെ സർക്കാരിന് എതിരാക്കാൻ ശ്രമിക്കരുത് എന്നും പ്രസ്താവിച്ചു. എന്നാൽ, അടിസ്ഥാനപരമായ നിയമന പ്രതിസന്ധിയിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള ഈ രാഷ്ട്രീയ നീക്കത്തെ മോൻസ് ജോസഫ് അനുവദിച്ചില്ല.

"ഇതുപോലെ മറുപടി പറയാൻ തനിക്കും അറിയാം" എന്ന് മന്ത്രിക്ക് തക്ക മറുപടി നൽകി അദ്ദേഹം തന്റെ നിലപാട് കൂടുതൽ ദൃഢമാക്കി. മന്ത്രിയുടെ ആരോപണങ്ങൾക്ക് മുന്നിൽ പതറാതെ, അധ്യാപകരുടെ അവകാശങ്ങൾക്കായി എം.എൽ.എ. ഉറച്ചുനിന്നത് സഭയിൽ ബഹളത്തിനിടയാക്കി.

നിയമനം കാത്ത് നിൽക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് വേണ്ടി അദ്ദേഹം നടത്തിയ ഈ നിരന്തരമായ പോരാട്ടം രാഷ്ട്രീയ കേരളത്തിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.

MONS JOSEPH MLA

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.