PRAVASI

തിരക്കുപിടിച്ച ജീവിതവും സ്‌ട്രസ്സും; കേരളത്തിൽ ആത്മഹത്യ ചെയ്യുന്നതിൽ കൂടുതലും പുരുഷന്മാർ

Blog Image

ഓരോ വർഷവും കേരളത്തിലെ ആത്മഹത്യ നിരക്ക് വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. തിരക്കുപിടിച്ച ജീവിതവും സ്‌ട്രസ്സും തന്നെയാണ് അതിന് കാരണം. പുതിയ പഠനങ്ങൾ അനുസരിച്ച്, കേരളത്തിൽ ആത്മഹത്യ ചെയ്യുന്നതിൽ 79 ശതമാനവും പുരുഷന്മാരാണ്. അതിൽ ഭൂരിഭാഗവും തെക്കൻ ജില്ലകളിൽ നിന്നുള്ളവർ. ആകെ ആത്മഹത്യകളുടെ 41% തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ തെക്കൻ ജില്ലകളിലാണ്. കേരളത്തിലെ ആത്മഹത്യ നിരക്ക് സംബന്ധിച്ച് എറണാകുളം ജില്ലയിലെ എക്കണോമിക്കൽ ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ ഡിപ്പാർട്ട്മെന്റ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 2020 മുതല്‍ 2023വരെയുള്ള കണക്കുകളാണ് പഠനവിധേയമാക്കിയത്.

ആത്മഹത്യ ചെയ്യുന്ന പുരുഷന്മാരിൽ ഭൂരിഭാഗവും 45-നും 60-നും ഇടയിൽ പ്രായമുള്ളവരാണെന്ന് പഠനങ്ങൾ പറയുന്നു. ഈ പ്രായത്തിൽ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ വർദ്ധിക്കാനും കുടുംബപരമായ സമ്മർദ്ദങ്ങൾ കൂടുകയും ചെയ്യുന്നു. കുടുംബത്തിൻ്റെ ഭാരം ഏറ്റെടുക്കേണ്ടി വരുന്നതും സാമ്പത്തിക ഉത്തരവാദിത്തങ്ങളും പുരുഷന്മാരെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നു. മറ്റൊന്ന് സാമ്പത്തിക ബാധ്യതകളാണ്. അതിനിടയിൽ പിടിച്ചുനിൽക്കാൻ കരുത്തില്ലാത്തവർ ജീവിതം അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്.

തൊഴില്‍രഹിതരെ അപേക്ഷിച്ച് തൊഴിലുള്ളവര്‍ക്കിടയിലാണ് ആത്മഹത്യ കൂടുതലായി സംഭവിക്കുന്നത്. ഇക്കൂട്ടത്തില്‍ ദിവസവേതനാക്കാര്‍ക്കിടയിലും സ്വകാര്യസ്ഥാപനങ്ങളില്‍ തൊഴില്‍ എടുക്കുന്നവര്‍ക്കിടയിലുമാണ് കൂടുതല്‍ ആത്മഹത്യകള്‍ സംഭവിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാചരണത്തോടനുബന്ധിച്ച് കാക്കനാട് സിവില്‍ സ്‌റ്റേഷനില്‍ മുപ്പതിന് പുറത്തിറക്കും.

സമ്മർദ്ദങ്ങളെ ലഘൂകരിക്കാൻ വേണ്ടി പലരും ലഹരിവസ്തുക്കളെ ആശ്രയിക്കുന്നു. ഇത് അവരുടെ മാനസികാരോഗ്യത്തെ കൂടുതൽ വഷളാക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ കാണുന്ന ജീവിതങ്ങളുമായി സ്വന്തം ജീവിതം താരതമ്യം ചെയ്യുകയും തങ്ങൾ പരാജയമാണെന്ന തോന്നലുകൾ പലരിലും ഉണ്ടാവുകയും ചെയ്യുന്നു. ആളുകൾക്കിടയിലെ ആത്മഹത്യാ പ്രവണത ഇല്ലാതാക്കാനായി നിരവധി പദ്ധതികൾ ഗവൺമെന്റ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്. ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും പ്രതീക്ഷയുടെ ഒരു കിരണം നമുക്കു മുൻപിൽ ഉണ്ടാകും, പലപ്പോഴും അത് കാണാൻ നമുക്ക് കഴിയുന്നില്ല എന്നേയുള്ളു. പ്രത്യാശയുടെ ആ കിരണങ്ങൾ വീണ്ടെടുക്കാൻ പലപ്പോഴും മറ്റുള്ളവരുടെ സഹായം നമുക്ക് വേണ്ടി വന്നേക്കും. കേരള ഗവൺമെന്റ് നടപ്പിലാക്കുന്ന സൗജന്യ ടെലികോളിംഗ് സേവനമായ ദിശയിൽ അത്തരത്തിലുള്ള സേവനങ്ങൾ ലഭ്യമാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.