യമനിൽ തടവിലാക്കപ്പെട്ടിരിക്കുന്ന നിമിഷപ്രിയുടെ മോചനം കൂടുതൽ സങ്കീർണ്ണമാകുമെന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തലാലിന്റെ കുടുംബം ദയ കാട്ടിയാൽ മാത്രമേ നിമിഷപ്രിയയുടെ മോചനം സാധ്യമാകൂ. വിഷയത്തിൽ ഇന്ത്യൻ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം അബൂബക്കർ മുസ്ലിയാർ നടത്തി ഇടപെടലുകൾ വലിയ പ്രതീക്ഷ നൽകുന്നതായിരുന്നു. പക്ഷേ തലാലിന്റെ സഹോദരൻ അബ്ദുല്‍ ഫത്താഹ് മഹ്ദി കാന്തപുരം മുസ്ലിയാരുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് നടത്തിയിരിക്കുന്ന ഫെയ്സ്‌ബുക് പോസ്റ്റ് ആ പ്രതീക്ഷകളെ തല്ലിക്കെടുത്തുകയാണ്.
ഏറെ ബഹുമാന്യനായ മതപണ്ഡിതൻ കാന്തപുരം അബൂബക്കർ മുസ്ലിയാർ ബന്ധപ്പെടുകയോ ചർച്ച ചെയ്യുകയോ ചെയ്തതായി ആരോപിക്കപ്പെടുന്ന ആളുകൾക്ക് ഞങ്ങളുമായി ബന്ധമില്ല എന്ന് പറഞ്ഞ് കൊണ്ടാണ് ഫെയ്സ്‌ബുക് പോസ്റ്റ് ആരംഭിക്കുന്നത്. കാന്തപുരത്തെ ഞങ്ങൾ അങ്ങേയറ്റം ആദരിക്കുന്നുണ്ട്. പുറത്തു നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഞങ്ങൾക്ക് പൂർണ്ണ ബോധ്യമുണ്ട്. അദ്ദേഹവുമായി സംസാരിക്കുന്ന ആളുകളുമായി ഞങ്ങൾക്ക് നേരിട്ടോ പരോക്ഷമായോ ബന്ധമില്ല. തങ്ങളുടെ അനുവാദമില്ലാതെ നടക്കുന്ന ഇത്തരം ചർച്ചകളെ മതപരവും വ്യക്തിപരമായും അംഗീകരിക്കാൻ ആവില്ല എന്നും തലാലിന്റെ സഹോദരൻ ഫെയ്സ്‌ബുക്കിൽ കുറിച്ചു.
അതേസമയം തുടർ പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാരിൻ്റെ പിന്തുണയും പ്രാതിനിധ്യവും വേണമെന്ന് ഗ്രാൻഡ് മുഫ്‌തി ഓഫീസ് കേന്ദ്ര സർക്കാരിനെയും യെമനിലെ മധ്യസ്ഥരെയും അറിയിച്ചിരുന്നു. കഴിഞ്ഞദിവസങ്ങളിൽ ആക്ഷൻ കമ്മിറ്റി അംഗങ്ങളോടും മറ്റു ജനപ്രതിനിധികളോടും കാന്തപുരം ഇക്കാര്യങ്ങൾ അറിയിച്ചിരുന്നു.

