ഭക്തജനങ്ങള്‍ക്ക് സായൂജ്യമേകി 'അമ്മേ നാരായണ ദേവി നാരായണ' മന്ത്രത്തോടെ ആദിപരാശക്തിക്ക്, പന്ത്രണ്ടാമത് പൊങ്കാല സമർപ്പിച്ച് വിപുലമായി ആഘോഷിച്ചു. പൊങ്കാല തലേന്ന് ഒരു നേരം മാത്രം അരി ആഹാരം കഴിച്ച് മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും ദേവീനാമജപങ്ങളോടും കൂടി ഒരു ദിനം കഴിച്ചു കൂട്ടിയശേഷമാണ് ഭക്തജനങ്ങള്‍ ചിക്കാഗോ ഗീതാമണ്ഡലം തറവാട്ക്ഷേത്രത്തിൽ എത്തിയത്.
ശ്രീമഹാഗണപതിക്ക് വസ്ത്രാദി ഉപഹാരങ്ങള്‍ സമര്‍പ്പിച്ച്, ജലഗന്ധപുഷ്പധൂപ ദീപാന്തം പൂജിച്ച്, അര്‍ഘ്യം നല്കിയശേഷം പുഷ്പാഭിഷേകവും അഷ്ടോത്തര അര്‍ച്ചനയും ദീപാരാധനയും നടത്തി ആയിരുന്നു ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവം ആരംഭിച്ചത്. തുടര്‍ന്ന് അന്നപൂര്‍ണേശ്വേരിയെ ആവാഹനം ചെയ്ത് വേദമന്ത്ര ധ്വനികളാലും നാമമന്ത്ര ജപത്താലും സംപ്രീതയാക്കി പൊങ്കാല ഇടുവാനുള്ള അനുവാദം വാങ്ങിയ ശേഷം മേൽശാന്തി ശ്രീ കൃഷ്ണൻ തിരുമേനി ദേവിയില്‍നിന്നും അഗ്‌നി സ്വീകരിച്ച്, പ്രത്യേകം തയാറാക്കിയ പണ്ടാരഅടുപ്പിലും തുടർന്ന് വേദിയിലെ മറ്റ് പൊങ്കാല അടുപ്പുകളിലും പകര്‍ന്നു. ഈ സമയം ഭക്തജനങ്ങളുടെ കണ്ഠങ്ങളിൽ നിന്നും ഉയർന്ന ലളിതാസഹസ്രനാമവും ദേവി മാഹാത്മ്യ സൂക്തങ്ങളും ഗീതാമണ്ഡലത്തിൽ ഉയർത്തിയ സ്വാത്തിക ഊർജ്ജം ഭക്തർക്ക് പ്രത്യേക അനുഭൂതിയായിരുന്നു. തുടർന്ന് പൊങ്കാലയ്കായി തയാറാക്കിയ മഹാപ്രസാദം മേൽശാന്തി ദേവിക്ക് നിവേദ്യമായി അര്‍പ്പിച്ചു. പിന്നീട് ശ്രീസൂക്തവും അഷ്ടോത്തര അര്‍ച്ചനയും ദേവിനമസ്കാര മന്ത്രങ്ങളും മന്ത്രപുഷ്പ സമര്‍പ്പണവും ദീപാരാധനയും നടത്തി.
പൊങ്കാലയിൽ നാം കാണുന്നത് പ്രപഞ്ചതത്വമാണ്. പ്രപഞ്ചത്തിന്റെ പ്രതീകമായ മണ്‍കലം ശരീരമായി സങ്കല്പിച്ച്, അതില്‍ അരിയാകുന്ന ബോധം തിളച്ച്, അഹംബോധം നശിക്കുകയും ശര്‍ക്കരയാകുന്ന പരമാനന്ദത്തില്‍ ചേര്‍ന്ന് ആത്മസാക്ഷാത്കാരത്തിന്റെ പായസമായി മാറുകയും ചെയ്യുന്നു എന്ന സനാതന സത്യമാണ് ഇതിലൂടെ വിളിച്ചറിയിക്കുന്നത് എന്ന് ചിക്കാഗോ ഗീതാമണ്ഡലം അധ്യക്ഷൻ ശ്രീ ശേഖരൻ അപ്പുക്കുട്ടൻ പൊങ്കാല സന്ദേശത്തിൽ പറഞ്ഞു. പൊങ്കാലയിൽ പങ്കെടുക്കുവാൻ വർഷം തോറും ഉയർന്നു വരുന്ന ഭക്തജന പങ്കാളിത്തം, ലോകത്തിലുള്ള എല്ലാ ഹൈന്ദവ സംഘടനകൾക്കും മാതൃകയായി പ്രവർത്തിക്കുന്ന ചിക്കാഗോ ഗീതാമണ്ഡലത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ആണ് എന്ന് വൈസ് പ്രസിഡണ്ട് ഡോക്ടർ വിശ്വനാഥൻ അഭിപ്രായപ്പെട്ടു. വാക്കുകളിലൂടെയല്ല, മറിച്ച് പ്രവർത്തനങ്ങളിൽ കൂടെ ആവണം അടുത്ത തലമുറയെ നമ്മുടെ സംസ്കാരവും ആചാരാനുഷ്ടാനങ്ങളും പഠിപ്പിച്ചു കൊടുക്കേണ്ടത് എന്ന് ശ്രീ രവി നായർ അഭിപ്രായപ്പെട്ടു.
ഈ വര്‍ഷത്തെ പൊങ്കാല കവർ ചെയ്ത ഏഷ്യാനെറ്റിന്റെ അലൻ ജോർജിനും, സാമൂഹ്യപ്രവർത്തകനും ചിക്കാഗോയിലെ പ്രശസ്ത ഫോട്ടോഗ്രാഫറും ആയ ശ്രീ വികാസിനും, പൂജകൾക്ക് നേതൃത്വം നൽകിയ ശ്രീ രവീന്ദ്രനും, ഈ വർഷത്തെ പൊങ്കാല മഹോത്സവത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും, പൊങ്കാല ഉത്സവത്തിൽ പങ്കെടുത്ത എല്ലാ ഭക്തജനങ്ങൾക്കും ഗീതാ മണ്ഡലം ജനറൽ സെക്രട്ടറി ബൈജു മേനോന്‍ നന്ദി രേഖപ്പെടുത്തി. മഹാപ്രസാദ വിതരണത്തോടെ രണ്ടായിരത്തി ഇരുപത്തിയാറിലെ പൊങ്കാല ഉത്സവങ്ങൾക്ക് പരിസമാപ്തിയായി.
.jpg)
.jpg)
.jpg)
.jpg)
.jpg)

.jpg)
.jpg)
.jpg)

