നെന്മണികൾ ഇളം പച്ച നിറമുള്ള കതിർ ക്കുലകളായി വന്നു തുടങ്ങുന്ന കാലത്താണ് തത്തക്കൂട്ടങ്ങൾ പാടത്തേക്ക് പറന്നിറങ്ങുക! ഒരിക്കൽ അവർ പാടത്തേക്ക് ഇറങ്ങി കഴിഞ്ഞാൽ അവ അവിടെയുണ്ടെന്ന് തൊട്ടടുത്തു ചെന്നാൽ മാത്രമേ മനസ്സിലാവുകയുള്ളൂ. പാടവും കിളികളും ഒരുപോലെ പച്ചയായിരിക്കും. ഒരിലയനക്കത്തിൽ അവർ ഉയർന്ന് പറന്ന് പോകുന്നത് കണ്ടാൽ വയലിന്റെ ഒരു കുഞ്ഞു തുണ്ട് ആകാശത്തേക്ക് മുറിഞ്ഞു പറന്നു പോകുകയാണെന്ന് തോന്നും.
പാടം കതിരിട്ടു തുടങ്ങുന്ന ഈ കാലത്ത് സ്കൂള് വിട്ടു വന്നാൽ അന്തിമയങ്ങി കിളികൾ കൂടുപിടിക്കുന്നത് വരെ എനിക്ക് പാടവരമ്പിലും പാടത്തിന് അതിരിടുന്ന പറമ്പിലും ആകും ജോലി. വീട്ടിൽ വന്നാലുടനെ പണിയായുധങ്ങളും എടുത്ത് ഞാൻ ഉത്സാഹത്തോടെ പാടത്തേക്കോടും!!
പണിയായുധങ്ങൾ എന്തൊക്കെയാണെന്നോ!! ഒരു നീളമുള്ള തടിക്കഷണവും പണ്ടെപ്പോഴോ ഞാൻ സ്കൂളിൽ കൊണ്ടുപോയിരുന്ന ഒരു പൊട്ടി പൊളിഞ്ഞ അലുമിനിയം പെട്ടിയുമാണവ.
ദൂരെ നിന്നും പറന്നുവരുന്ന പച്ചപ്പനന്തത്തക്കൂട്ടങ്ങളെ കാണുമ്പോഴേ ഈ അലുമിനിയം പെട്ടിയിൽ തടിക്കഷണം കൊണ്ട് അടിച്ചു ശബ്ദമുണ്ടാക്കി ഓടിക്കുക എന്നതാണ് എൻ്റെ പണി. ഇപ്പണി ഇഷ്ടപ്പെടാൻ എനിക്ക് ഒരുപാട് കാരണങ്ങൾ ഉണ്ടായിരുന്നു.
ഒന്നാമതായി പാടത്ത് പറന്നിറങ്ങുന്ന തത്തക്കൂട്ടങ്ങളുടെ അഴക് കാണാം!! ആ അഴക് ശരിക്കും കാണണമെങ്കിൽ അവയെ പാടത്തേക്ക് ഇറങ്ങാനനുവദിക്കണം. എന്നിട്ടൊരല്പം കഴിഞ്ഞു ഓടിച്ചെന്ന് പറത്തി വിടണം. നിമിഷങ്ങൾക്കുള്ളിൽ കൊത്താനുള്ള അരിമണികൾ കുറച്ചേറെ അവർ വയറ്റിലാക്കിയിട്ടുണ്ടാവും. അത് വീട്ടുകാർക്ക് പ്രശ്നമായിരുന്നെങ്കിലും എനിക്കൊരു പ്രശ്നമായിരുന്നില്ല.
(നമ്മളിങ്ങനെ ഓടിച്ചു വിട്ടാൽ അവരെങ്ങനെ ഭക്ഷണം കഴിക്കും എന്ന തർക്കവുമായി പോയിരുന്ന ജീനയെ മമ്മി ഇപ്പോഴും സ്മരിക്കുന്നത് എങ്ങനെയാണാവോ!! മമ്മി ഇത് വായിക്കാതിരിക്കട്ടെ വെറുതേ എന്തിനാ നമ്മളായിട്ട് മുൻകാല പ്രാബല്യത്തിൽ പണി വാങ്ങിക്കൂട്ടുന്നത്.)
പണി ഇഷ്ടപ്പെടാൻ ഉണ്ടായ രണ്ടാമത്തെ കാരണം ആരുടെയും ശല്യം ഇല്ലാതെ പാടവരമ്പിലും ചുറ്റുവട്ടത്തും ദിവാ സ്വപ്നം കണ്ടിരിക്കാം എന്നതായിരുന്നു.
അവസാനത്തെ കാരണം പുസ്തകം വായിക്കാം എന്നതായിരുന്നു. മമ്മിയുടെ കണ്ണിൽ പൊടിയിടാനായി സയൻസെന്നും കണക്കെന്നും പറഞ്ഞ് എടുക്കുന്ന പുസ്തകങ്ങളുടെ കാര്യമൊക്കെ കണക്കാണ്. അവയ്ക്കുള്ളിൽ മംഗളവും മനോരമയും ബാലരമയും പൂമ്പാറ്റയും മിഷൻ മാസികയും സ്നേഹസേനയും എന്നുവേണ്ട ഭാഷാപോഷിണിയും ഖസാക്കിന്റെ ഇതിഹാസവും വരെ കയറി ഒളിച്ചിരിക്കും. അന്നൊക്കെ പുസ്തകം വായിക്കാനും വായിച്ചു കഴിഞ്ഞു അവയെ അയവിറക്കാനും സ്വപ്നം കാണാനും ഒരുപാട് സമയമുണ്ടായിരുന്നു.
വെർജീനിയ റീവ്സ് എഴുതിയ ദ് കറസ്പോണ്ടൻ്റ് എന്ന പുസ്തകം വായിക്കുമ്പോൾ ഞാൻ ഏറ്റവും കൂടുതൽ നഷ്ടബോധത്തോടെ ഓർത്തത് ആ സമയത്തെ കുറിച്ചാണ്. എവിടെപ്പോയി ആ സമയം!! ആ ക്ഷമ!!
അല്ലല്ല!! കിട്ടുന്ന പുസ്തകത്തിൻ്റെ ഒരു താളോ അല്ലെങ്കിൽ ഒരു അധ്യായമോ വായിച്ചിട്ട് ദിവാസ്വപ്നത്തിൽ മുഴുകുമായിരുന്ന ആ പെൺകുട്ടി എവിടെപ്പോയി!!??
ദി കറസ്പോണ്ടന്റ് എന്ന നോവൽ കത്തുകളിലൂടെയാണ് നമ്മളോട് കഥ പറയുന്നത്. വിവിധ ആളുകൾക്കും സ്ഥാപനങ്ങൾക്കും എഴുതുന്ന കത്തുകളിലൂടെയാണ് സിബിൽ വാൻ ആൻട്റെപ്പ് എന്ന റിട്ടയേർഡ് ലോയർ ലോകവുമായുള്ള തൻ്റെ ബന്ധം നിലനിർത്തുന്നത്. വളരെ ശ്രദ്ധാപൂർവ്വം ക്രമീകരിച്ച അവളുടെ ജീവിതം പതിയെ പതിയെ ചുരുളഴിയാൻ തുടങ്ങുമ്പോൾ, അവളുടെ ഭൂതകാലവും കുടുംബ പശ്ചാത്താലവും വൈകാരിക ഒറ്റപ്പെടലുമൊക്കെ സ്വയം വെളിപ്പെടുന്നു. എത്രയൊക്കെ കൂട്ടിപ്പിടിക്കാൻ ശ്രമിച്ചാലും കൈവിരലിലൂടെ ചിലപ്പോൾ ജീവിതം ഊർന്നു പോകും. എന്നാലും ജീവിതത്തിൻ്റെ അന്ത്യത്തിൽ ചിലപ്പോഴെങ്കിലും എല്ലാത്തിനോടും സമരസപ്പെടാനും ആയെന്നു വന്നേക്കാം. നിശബ്ദമാണ് സിബിലിന്റെ ആത്മപരിശോധനകൾ!! പക്ഷേ ഓരോ വെളിപ്പെടുത്തലുകളും വായനക്കാർക്ക് പൂരിപ്പിക്കാനായി പലതും ബാക്കി വെക്കുന്നുമുണ്ട്.
പഴയ പോപ്പിൻസ് മിഠായി പാക്കറ്റിൽ നിന്ന് പല നിറങ്ങളിലുള്ള മിഠായികൾ എടുത്ത് നുണയുന്നതുപോലെ തോന്നി സിബലിന്റെ ജീവിതം എൻ്റെ മുന്നിൽ ചുരുളഴിഞ്ഞപ്പോൾ. ചിലപ്പോൾ മധുരിച്ചു. ചിലപ്പോൾ വ്യസനത്തിന്റെ ഒരു ചെറിയ ചവർപ്പ്, ഇനിയും ചിലപ്പോൾ 'ആഹാ കൊള്ളാമല്ലോ' എന്നൊരു ചെറിയ പുളിപ്പ്.
മുഴുവനും വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് ആ പാടത്ത് പോയി ഒറ്റയ്ക്കിരുന്ന് കഥ പറയുന്ന ഓരോ കത്തും വായിച്ച് ദിവാസ്വപ്നം കണ്ടിരിക്കാൻ തോന്നി.
പക്ഷേ സമയം എവിടെ? ഞാൻ ജീവിതം ഓടി തീർക്കുകയല്ലേ!!!
.jpg)
ജീനാ ചിന്നമ്മ കാനഡ

