സ്മാർട്ട് വർക്കും ഹാർഡ് വർക്കും തമ്മിലുള്ള വ്യത്യാസമാണ് ഇപ്പോൾ മുഖ്യമന്ത്രി പദത്തിനായി കോൺഗ്രസ്സിൽ ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നത്. പ്രൊമോഷനിൽ ഉൾപ്പടെ മനുഷ്യർ പലപ്പോഴും അഭിമുഖീകരിക്കുന്ന ഒരു പ്രതിസന്ധിയാണിത്.
വി.ഡി. ഏറ്റവും താഴെക്കിടയിൽ ആഞ്ഞു പണിയെടുത്തു; അതാണ് ഹാർഡ് വർക്ക്. കൂടുതൽ പണി, ഉയർന്ന റിസൾട്ട്, എന്നാൽ ഏറ്റവും കുറഞ്ഞ പ്രതിഫലം—അതാണ് ഹാർഡ് വർക്കിന്റെ പ്രത്യേകത. പട്ടിപ്പണി ആയിരിക്കും, എന്നാൽ അതിനുള്ള അംഗീകാരം തുലോം തുച്ഛമായിരിക്കും. ഒട്ടും അനുകൂലമല്ലായിരുന്ന ഗ്രൗണ്ടിനെ ഉഴുതുമറിച്ചു അനുകൂലമാക്കി വിത്തിറക്കി, വിളകൊയ്യാൻ കാത്തിരുന്നു. പണിക്കാരോടൊപ്പം പാടത്തു പണിയെടുത്തു; എന്നാൽ മാത്രമേ മാറ്റം കൊണ്ടുവരാൻ കഴിയൂ എന്നറിഞ്ഞു പലപ്പോഴും മിഡിൽ ലെയറിനെയും അല്ലെങ്കിൽ അപ്പർ മിഡിൽ ലെയറിനെയും മറികടന്നു പ്രവർത്തനം ഏറ്റവും താഴത്തെ ലെയറിലേക്കും അതിനു തൊട്ടുമുകളിലെ ലെയറിലേക്കും കേന്ദ്രീകരിച്ചു.
എന്നാൽ, ഇവിടെ സ്മാർട്ട് വർക്ക് ചെയ്തത് കെ.സി. ആണ്. സ്ട്രാറ്റജിക്കലി കെ.സി. നീങ്ങി. ഏറ്റവും താഴത്തെ ലെയറിൽ പോയി പട്ടിപ്പണി എടുക്കാൻ നിന്നില്ല; പകരം, ഒരു നിർണായകഘട്ടത്തിൽ മുഖ്യമന്ത്രി പദത്തിൽ എത്താൻ വേണ്ടിവരുന്ന എം.എൽ.എ.മാരുടെ തലയെണ്ണത്തിൽ കേന്ദ്രീകരിച്ചു. അതിനുവേണ്ടി സകല സാധ്യതയും ഉപയോഗിച്ചു. തീരുമാനം എടുക്കുന്നവരിലേക്കു എത്തിച്ചേരാൻ വേണ്ടുന്നത് താഴെക്കിടയിലുള്ള ഹാർഡ് വർക്ക് അല്ലെന്നും തനിക്കുവേണ്ടി കൈപൊക്കാൻ തയ്യാറാവുന്ന എം.എൽ.എ.മാരാണെന്നും അറിയാവുന്ന കെ.സി., സ്ഥാനാർഥിനിർണയം മുതൽ അവർക്കു ഇലക്ഷൻ ഫണ്ട് ഉറപ്പാക്കുന്നത് വരെയുള്ള കാര്യങ്ങളിൽ കളിച്ചു. മുഖ്യമന്ത്രി ആവാനുള്ള ഹൈക്കമാൻഡ് മാനദണ്ഡങ്ങൾ അനുകൂലമാക്കുന്ന സ്മാർട്ട് വർക്ക്; ഹാർഡ് വർക്കിനെ പിന്നിലാക്കി ഒരു തീരുമാനം എടുക്കേണ്ടിവരുമ്പോൾ ഒഴിവാക്കാനാകാത്ത മുൻതൂക്കം ഉറപ്പാക്കി വിജയിക്കുന്ന സ്മാർട്ട് വർക്ക്.
അപ്പോൾ നിങ്ങൾ ചോദിക്കും, രമേശ് ചെന്നിത്തലയോ എന്ന്. ബാക്കിയുള്ളവർ സ്വന്തം ലക്ഷ്യം എത്തിപ്പിടിക്കാൻ ആഞ്ഞു പണിയെടുക്കുമ്പോൾ, കൂട്ടത്തിലെ ഏറ്റവും മുതിർന്നയാൾ എന്ന നിലയിൽ, ഇനിയൊരു അവസരമില്ല എന്നുള്ള വൈകാരിക പരിഗണനയിൽ, പുതുതലമുറ മാറിത്തരും എന്നുകരുതി അവരുടെ ഔദാര്യത്തിനായി കാത്തിരിക്കുന്ന കാരണവർ! ഇൻസ്റ്റാ കിഡ്സിന് അങ്ങനത്തെ വൈകാരിക പരിഗണനയൊന്നും ഇല്ലെന്നു ഫേസ്ബുക്ക് പാവത്തിന് അറിയുകയും ഇല്ല.

ഷിബു ഗോപാലകൃഷ്ണൻ

