PRAVASI

മണർകാട് പള്ളി എട്ടുനോമ്പ് പെരുന്നാൾ നാളെ ആരംഭിക്കും;പവിത്രമായ വിശ്വാസത്തിന്റെയും ആത്മീയതയുടെയും ചരിത്ര അവലോകനം

Blog Image

മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ, പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള പ്രസിദ്ധമായ എട്ടുനോമ്പാചരണത്തിന് നാളെ (സെപ്റ്റംബർ 1) ഭക്തിസാന്ദ്രമായ തുടക്കമാകും. സെപ്റ്റംബർ 1 മുതൽ 8 വരെ നീണ്ടുനിൽക്കുന്ന ഈ പുണ്യദിനങ്ങളിൽ, ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നായി ലക്ഷക്കണക്കിന് തീർത്ഥാടകരാണ് മാതാവിന്റെ മധ്യസ്ഥത തേടി ഈ പവിത്രഭൂമിയിലേക്ക് ഒഴുകിയെത്തുന്നത്.

ചരിത്രവും ഐതിഹ്യവും

ആയിരത്തിലധികം വർഷങ്ങളുടെ ചരിത്രപ്പഴക്കമുള്ള മണർകാട് പള്ളിയുടെ ഉത്ഭവം അത്ഭുതകരമായ ദൈവിക ദർശനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു ദേവാലയം പണിയുന്നതിനായി പ്രദേശവാസികൾ നടത്തിയ പ്രാർത്ഥനയ്ക്കും ഉപവാസത്തിനും ഒടുവിൽ ഒമ്പതാം ദിനം അവർക്കെല്ലാവർക്കും ഒരേ ദൈവിക ദർശനമുണ്ടായി. മുൾക്കാടുകൾ നിറഞ്ഞ കാട്ടിൽ പശുവും കാളക്കുട്ടിയും കിടക്കുന്ന സ്ഥലത്ത് ദൈവമാതാവിന്റെ നാമത്തിൽ പള്ളി പണിയാനായിരുന്നു ആ ദർശനം. അതിൻപ്രകാരം അവർ ആ സ്ഥലം കണ്ടെത്തുകയും ആദ്യ ദേവാലയം നിർമ്മിക്കുകയും ചെയ്തു.

പള്ളിയുടെ മദ്ബഹായിലെ ശിലാലിഖിതങ്ങളും അതിപുരാതനമായ വട്ടെഴുത്ത് ലിപികളും ഈ ദേവാലയത്തിന്റെ അതിപുരാതനമായ പാരമ്പര്യത്തിന് തെളിവാണ്. മുളയിലും പനമ്പിലും ആരംഭിച്ച ദേവാലയം പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് വാസ്തുവിദ്യാ ശൈലിയിൽ പുനർനിർമ്മിക്കുകയും 1954-ൽ ഇന്നത്തെ പ്രൗഢമായ കത്തീഡ്രൽ രൂപത്തിലേക്ക് പൂർത്തിയാക്കുകയും ചെയ്തു. 2004-ൽ ഈ ദേവാലയം ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടു.

പവിത്രമായ ആചാരങ്ങൾ

മണർകാട് പള്ളിയിലെ എട്ടുനോമ്പാചരണം മറ്റ് മലങ്കര സഭകൾക്കെല്ലാം മാതൃകയായ ഒന്നാണ്. 1836-ൽ ആംഗ്ലിക്കൻ മിഷണറിയായ റവ. ജോസഫ് പീറ്റ് ഈ പള്ളി സന്ദർശിച്ചപ്പോൾ രണ്ടായിരത്തിലധികം തീർത്ഥാടകർ ഇവിടെ തങ്ങി നോമ്പാചരിക്കുന്നത് കണ്ട് അതിശയത്തോടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വർഷവും ഭക്തിനിർഭരമായ ചടങ്ങുകളോടെയാണ് എട്ടുനോമ്പ് ആഘോഷിക്കുന്നത്.

ദിവസേനയുള്ള പ്രോഗ്രാമുകളും പ്രധാന കർമ്മികത്വവും

എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള ദിവ ദിവസേനയുള്ള പ്രോഗ്രാമുകളും പ്രധാന കർമ്മികത്വവും

എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള ദിവസങ്ങളിൽ വിശുദ്ധ കുർബാനയ്ക്കും പ്രാർത്ഥനാ ശുശ്രൂഷകൾക്കും സഭാ മേലധ്യക്ഷന്മാർ പ്രധാന കർമ്മികത്വം വഹിക്കും.

 സെപ്റ്റംബർ 01: കരോട്ടെ പള്ളിയിൽ അയർലൻഡ് പാത്രിയർക്കൽ വികാരി നി. വ. ദി. ശ്രീ. തോമസ് മോർ അലക്സന്ത്രയോസ് തിരുമേനിയുടെ പ്രധാന കർമ്മികത്വത്തിലും, പ്രധാന പള്ളിയിൽ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായുമായ നി. വ. ദി. ശ്രീ. ഡോ. തോമസ് മോർ തീമോത്തിയോസ് തിരുമേനിയുടെ പ്രധാന കർമ്മികത്വത്തിലും ശുശ്രൂഷകൾ നടക്കും.

 സെപ്റ്റംബർ 02: തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്താ നി. വ. ദി. ശ്രീ. യൂഹാനോൻ മോർ മിലിത്തിയോസ് തിരുമേനിയുടെ പ്രധാന കർമ്മികത്വം.

 സെപ്റ്റംബർ 03: മലബാർ ഭദ്രാസന മെത്രാപ്പോലീത്താ നി. വ. ദി. ശ്രീ. ഗീവർഗീസ് മോർ സ്തേഫാനോസ് തിരുമേനിയുടെ പ്രധാന കർമ്മികത്വം.

 സെപ്റ്റംബർ 04: കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്താ നി. വ. ദി. ശ്രീ. പൗലോസ് മോർ ഐറേനിയോസ് തിരുമേനിയുടെ പ്രധാന കർമ്മികത്വം.

 സെപ്റ്റംബർ 05: അങ്കമാലി ഭദ്രാസനത്തിലെ പെരുമ്പാവൂർ മേഖലയുടെ മെത്രാപ്പോലീത്താ നി. വ. ദി. ശ്രീ. മാത്യൂസ് മോർ അഫ്രേം തിരുമേനിയുടെ പ്രധാന കർമ്മികത്വം.

 സെപ്റ്റംബർ 06: പൗരസ്ത്യ സുവിശേഷ സമാജം മെത്രാപ്പോലീത്തായും പ്രസിഡന്റുമായ നി. വ. ദി. ശ്രീ. മർക്കോസ് മോർ ക്രിസോസ്റ്റമോസ് തിരുമേനിയുടെ പ്രധാന കർമ്മികത്വം.

 സെപ്റ്റംബർ 07: ശ്രേഷ്ഠ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയുടെ മുഖ്യ കർമ്മികത്വത്തിലും, തിരുവനന്തപുരം മേഖല മെത്രാപ്പോലീത്തായും യൂറോപ്പിന്റെ പാത്രിയർക്കൽ വികാരിയും എം.എസ്.ഒ.റ്റി. സെമിനാരി റസിഡന്റ് മെത്രാപ്പോലീത്തായുമായ നി. വ. ദി. ശ്രീ. ഡോ. കുറിയാക്കോസ് മോർ തെയോഫിലോസ് തിരുമേനിയുടെ സഹകാർമ്മികത്വത്തിലും ശുശ്രൂഷകൾ നടക്കും.

 സെപ്റ്റംബർ 08: യു. കെ. പാത്രിയർക്കൽ വികാരിയും ബാംഗ്ലൂർ, മൈലാപ്പൂർ ഭദ്രാസന മെത്രാപ്പോലീത്തായുമായ നി. വ. ദി. ശ്രീ. ഐസക് മോർ ഒസ്താത്തിയോസ് തിരുമേനിയുടെ പ്രധാന കർമ്മികത്വം.

ദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മം

എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം ആഗസ്റ്റ് 31 തിങ്കൾ വൈകുന്നേരം 6.00-ന് ബഹു. ഡിസ്ട്രിക്ട് പോലീസ് ചീഫ് ശ്രീ. സാബു മാത്യു കെ. എം. IPS നിർവ്വഹിക്കും. തുടർന്ന് സെപ്റ്റംബർ 14 വരെ എല്ലാ ദിവസങ്ങളിലും ദീപാലങ്കാരങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

പരിശുദ്ധ ദൈവമാതാവിന്റെ വിശുദ്ധ സൂനോറോയും (അരക്കച്ച) ചരിത്രവും

മണർകാട് പള്ളിയുടെ മറ്റൊരു പ്രത്യേകത അവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ വിശുദ്ധ സൂനോറോ (അരക്കച്ച) ആണ്.

 ഉത്ഭവം: വിശുദ്ധ കന്യകമറിയാം ഇഹലോകവാസം വെടിഞ്ഞ സമയത്ത് അപ്പോസ്തലന്മാരും ജനങ്ങളും സംബന്ധിച്ചു. മൂന്നാം ദിവസം യേശു തമ്പുരാൻ സ്വർഗ്ഗീയ സൈന്യങ്ങളെ അയച്ച് മാതാവിന്റെ ശരീരം സ്വർഗ്ഗത്തിലേക്ക് എടുപ്പിച്ചു.

 തോമ്മാശ്ശീഹായ്ക്ക് ലഭിച്ച അടയാളം: മാതാവിന്റെ ശരീരം സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുന്ന അത്ഭുതക്കാഴ്ച കണ്ട തോമ്മാശ്ശീഹാ, ഇത് മറ്റ് ശിഷ്യന്മാരെ വിശ്വസിപ്പിക്കുന്നതിനായി ഒരു അടയാളം യാചിച്ചപ്പോൾ മാതാവിന്റെ സൂനോറോ (അരക്കച്ച) ലഭിച്ചു.

 ഇന്ത്യയിലേക്കുള്ള വരവ്: ഈ വിശുദ്ധ സൂനോറോയുമായി തോമ്മാശ്ശീഹാ ഇന്ത്യയിലെത്തി. പിന്നീട് അദ്ദേഹത്തിന്റെ തിരുശേഷിപ്പുകളോടൊപ്പം ഇത് ഉറഹായിലേക്കും തുടർന്ന് ഹോംസിലെ (Homs) ദേവാലയത്തിലേക്കും മാറ്റപ്പെട്ടു.

 വീണ്ടെടുക്കൽ (1953): 1953-ൽ അന്ത്യോക്യൻ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം പ്രഥമൻ ബാവാ പുരാതന രേഖകൾ പരിശോധിച്ച്, ഹോംസിലെ ദേവാലയത്തിലെ ത്രോണോസ് പൊളിച്ച് ശിലാ പേടകത്തിൽ നിന്ന് വിശുദ്ധ സൂനോറോ കണ്ടെടുത്തു.

 മണർകാട് പള്ളിയിലെ പ്രതിഷ്ഠ (1982): 1982-ൽ മലങ്കര സന്ദർശന വേളയിൽ പരിശുദ്ധ അന്ത്യോക്യാ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ ബാവാ മണർകാട് പള്ളിയിലെത്തി വിശുദ്ധ സൂനോറോയുടെ ഒരംശം ഔദ്യോഗികമായി സ്ഥാപിച്ചു.

മണർകാട് കത്തീഡ്രലിലെ പ്രധാന മദ്ബഹായ്ക്ക് സമീപമായി പ്രതിഷ്ഠിച്ചിരിക്കുന്ന ഈ വിശുദ്ധ സൂനോറോ ദർശിച്ച് അനുഗ്രഹം പ്രാപിക്കാൻ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ഓരോ വർഷവും എത്തുന്നത്. എട്ടുനോമ്പ് പെരുന്നാൾ ദിവസങ്ങളിൽ സൂനോറോ ദർശനത്തിനുള്ള പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

SAJI KARIMPANNOOR 

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.