കോട്ടയം : തിരുഹൃദയസമാജം നാടിന്റെ ഹൃദയത്തുടിപ്പാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് പറഞ്ഞു. സമൂഹത്തിന്റെ വേദനകളിൽ തുടിക്കുന്ന ഹൃദയമുള്ളവരാണ് തിരുഹൃദയസമാജത്തിലുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 1925ൽ സ്ഥാപിതമായ കിഴക്കേ നട്ടാശ്ശേരി തിരുഹൃദയസമാജത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുക്കുടുംബ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കൃതജ്ഞതാ ദിവ്യബലിക്കു ശേഷം സംഘടനയുടെ ശതാബ്ദി സ്മാരക മന്ദിരത്തിന്റെ വെഞ്ചരിപ്പും അദ്ദേഹം നിർവ്വഹിച്ചു.
തിരുഹൃദയസമാജം പ്രസിഡന്റ് കെ ജെ ജോസഫ് കൊച്ചുപാലത്താനത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംഘടനയുടെ ആധ്യാൽമിക ഉപദേഷ്ടാവും വികാരിയുമായ ഫാ. ഷൈജു കല്ലുവെട്ടാംകുഴി അനുഗ്രഹ പ്രഭാഷണവും ഫാ. ഡോ. തോമസ് പുതിയകുന്നേൽ, ഫാ. ഡോ. മാത്യു കുരിയത്തറ ജോസ് ജെ മറ്റത്തിൽ എന്നിവർ ശതാബ്ദി ആശംസാസന്ദേശവും നൽകി. സെക്രട്ടറി ബെന്നി മാളിയേക്കമറ്റം ശതാബ്ദി റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ കൺവീനർ ജോയി മണപ്പള്ളിൽ ശതാബ്ദി ഗിഫ്റ്റ് വിതരണം നടത്തി. ഭാരവാഹികളായ സിബി തച്ചിരിക്കമാലിൽ, സിബി കൊട്ടിപ്പള്ളിൽ, ജോബി കൊച്ചുപാലത്താനം, ഡോ. ജെയ്സൺ ഫിലിപ്പ് ആലപ്പാട്ട്, അലക്സ് കാവിൽ എന്നിവർ പ്രസംഗിച്ചു.
തിരുഹൃദയസമാജത്തിന്റെ ആരോഗ്യ - വിദ്യാഭ്യാസ -സാമൂഹ്യ മേഖലകളിൽ ഒരു വർഷം നീണ്ടുനിന്ന ശതാബ്ദി കർമ്മപരിപാടികൾക്കാണ് സമാപനമായത്.

1925ൽ സ്ഥാപിതമായ കിഴക്കേ നട്ടാശ്ശേരി തിരുഹൃദയസമാജത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനകർമ്മം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് നിർവ്വഹിക്കുന്നു.
റിപ്പോർട്ട് : ഡോ. ജെയ്സൺ ഫിലിപ്പ് ആലപ്പാട്ട്

