സ്മൃതിപഥങ്ങളിലെ ചിലതിരികെ യാത്രകൾ
എത്തുന്നതെവിടേക്കാകാം?
പറന്നുപോകുന്ന പക്ഷി തൻ
ചാരുവാം ചിറകടിയിലേക്കാവാം
അടരാൻ തിടുക്കത്തിൽ നിന്നൊരീ
വാനത്തെ മഴമുകിൽ കാട്ടിലേക്കാവാം
മഴപ്പാട്ടിന്നൊടുവിൽ മണ്ണറകൾ
നിറയ്ക്കുന്ന സ്‌ഫടിക തീർത്ഥങ്ങളിലേക്കാവാം
വിടരാൻ വിതുമ്പി നിൽക്കുന്നൊരീ
ചെമ്പകമൊട്ടിന്റെ ധ്യാനത്തിലാവാം
ബാല്യ കൗമാരങ്ങൾ ഒളിപ്പിച്ചു വച്ചൊരു
മയിൽപീലിത്തുണ്ടിലേക്കാവാം
സാന്ധ്യരാഗത്തിന്റെ കൂട്ടുകൾ
തീർക്കുന്ന പ്രകൃതിയുടെ ക്യാൻവാസിലാകാം
പ്രകൃതിയുടെ ഉർവ്വരതകളിൽ
ലയം കൊള്ളുന്ന ചൈതന്യ വത്തിലേക്കാവാം
ഉൾച്ചൂടുരുക്കി തപം കൊള്ളുമാ
നിബിഡ വനസ്ഥലികളിലേക്കാവാം
പരമമായുണ്മയെ തിരയുന്നയാ-
ത്മാവിന്നന്തരാഴത്തിലേക്കാവാം...
മഞ്ജു ഗണേഷ്