PRAVASI

ഗീതാമണ്ഡലത്തിൽ പ്രൗഢഗംഭീരമായി തിരുവോണം ആഘോഷിച്ചു ഗതകാല സ്മരണകളുണർത്തി കേരളത്തനിമ നിറഞ്ഞ ഓണാഘോഷം

Blog Image

ആഹ്ലാദത്തിന്റെയും ആർപ്പുവിളികളുടെയും ഗതകാലസ്മരണകൾ ചിക്കാഗോ മലയാളികളുടെ മനോമുകുരങ്ങളിൽ പകർന്നുകൊണ്ട് ചിക്കാഗോ ഗീതാമണ്ഡലത്തിൽ 2026-ലെ തിരുവോണം അതിവിപുലമായി ആഘോഷിച്ചു. ഊഞ്ഞാലും ഓണക്കളികളും ഓണപ്പാട്ടുകളും പൂക്കളവും പൂവിളികളുമായി കേരളത്തിന്റെ തനിമയും പാരമ്പര്യവും നിലനിർത്തി, ഏഴാം കടലിനിക്കരെ ഗീതാമണ്ഡലം തറവാട്ടുമുറ്റത്ത് നൂറുകണക്കിന് കുടുംബാംഗങ്ങൾ ഒരുമിച്ച് തിരുവോണം ആഘോഷിച്ചു.
അമേരിക്കയിലെ തന്നെ ഏറ്റവും മനോഹരവും ഐശ്വര്യപൂർണ്ണവുമായ ഓണപ്പൂക്കളങ്ങളിലൊന്നായി മാറിയ മഹാലക്ഷ്മിയുടെ താമരയെ ആസ്പദമാക്കിയുള്ള മനോഹരമായ പൂക്കളമാണ് ഈ വർഷം ഗീതാമണ്ഡലം അങ്കണത്തിൽ ഒരുക്കിയത്. രേഷ്മി മേനോന്റെ നേതൃത്വത്തിലുള്ള ഗീതാമണ്ഡലം വനിതാവിഭാഗമാണ് പൂക്കളം ഒരുക്കിയത്.
2026-ലെ ഓണാഘോഷങ്ങൾക്ക് മേൽശാന്തി ശ്രീ. കൃഷ്ണൻ ചെങ്ങണാംപറമ്പിലിന്റെ കാർമികത്വത്തിൽ രാവിലെ കൃത്യം ഒൻപത് മണിക്ക് ഗണപതിപൂജയോടെ തുടക്കമായി. തുടർന്ന് നാരായണമന്ത്രധ്വനികൾ മുഴങ്ങിയ ശുഭമുഹൂർത്തത്തിൽ തൃക്കാക്കരയപ്പനെ ഗീതാമണ്ഡലം തറവാട്ടിലേക്ക് ആനയിച്ചു. തുടർന്ന് തറവാട്ടുമുറ്റത്ത് ഭഗവാൻ വാമനന് വിശേഷാൽ പൂജ, വാമനാവതാര പാരായണം, അഷ്ടോത്തര അർച്ചന, നൈവേദ്യ സമർപ്പണം, പുഷ്പാഭിഷേകം എന്നിവ ഭക്തിപൂർവം നടത്തി.
തുടർന്ന് പാർവതി നായരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച മനോഹരമായ കൈകൊട്ടിക്കളി ഓണാഘോഷത്തിന് കൂടുതൽ മിഴിവേകി. ചിട്ടയായ ചുവടുകളും താളാത്മകമായ കൈകൊട്ടലും നിറഞ്ഞ ഈ അവതരണം ചിക്കാഗോ മലയാളി സമൂഹത്തിന്റെ ഓർമ്മയിൽ എന്നും സൂക്ഷിക്കാവുന്ന മധുരതരമായ അനുഭവമായി മാറി.
ഇതോടൊപ്പം ചിക്കാഗോയിലെയും സമീപപ്രദേശങ്ങളിലെയും പ്രതിഭാധനരായ കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. സംഗീതം, നൃത്തം, മറ്റ് കലാവിരുന്നുകൾ എന്നിവകൊണ്ട് സമ്പന്നമായ ഈ കലാപരിപാടികൾ ഓണാഘോഷത്തിന് കൂടുതൽ വർണവും വൈവിധ്യവും പകർന്നു. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി കലാകാരന്മാരുടെ മികച്ച പ്രകടനങ്ങൾ സദസ്സിന്റെ ഹൃദയപൂർവമായ അഭിനന്ദനം ഏറ്റുവാങ്ങി.
കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലെ ഓണാചാരങ്ങളും ആഘോഷരീതികളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായി പ്രത്യേക പരിപാടിയും സംഘടിപ്പിച്ചു. വടക്കൻ മലബാറിലെ ഓണവിശേഷങ്ങൾ ശ്രീമതി ഉമാ രാജയും, തെക്കൻ തിരുവിതാംകൂറിലെ ഓണവിശേഷങ്ങൾ ശ്രീമതി ഇന്ദു നായരും, മധ്യകേരളത്തിലെ ഓണവിശേഷങ്ങൾ ശ്രീമതി ലക്ഷ്മിയും കുട്ടികൾക്കും മുതിർന്നവർക്കുമായി പങ്കുവെച്ചു. കേരളത്തിന്റെ വിവിധ ദേശങ്ങളിലെ ഓണപ്പാരമ്പര്യങ്ങളുടെ വൈവിധ്യം ഈ പരിപാടിയിലൂടെ മനോഹരമായി അവതരിപ്പിക്കപ്പെട്ടു.
തുടർന്ന് ശ്രീ. പ്രജീഷിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണക്കളികൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആവേശം പകർന്നു. കുട്ടികളുടെ ആവേശഭരിതമായ ഊഞ്ഞാലാട്ടവും വിവിധ മത്സരങ്ങളും ഗൃഹാതുരത്വം നിറഞ്ഞ മലയാളിയുടെ കുട്ടിക്കാലത്തേക്കുള്ള ഒരു മധുരമാർന്ന മടക്കയാത്രയായി.
കുബേരനും കുചേലനും എന്ന വ്യത്യാസമില്ലാതെ, ജാതിമതഭേദമെന്യേ ആബാലവൃദ്ധം ജനങ്ങൾക്കും ഒരുപോലെ പ്രിയങ്കരമാണ് ഓണവും ഓണസദ്യയും. കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാനും പരസ്പര സ്നേഹവും സൗഹൃദവും പങ്കുവെക്കാനുമുള്ള അവസരം കൂടിയാണ് ഓണം. ഷഡ്രസപ്രധാനമായ സമൃദ്ധമായ ഓണസദ്യയിൽ മധുരം, എരിവ്, ഉപ്പ്, കയ്പ്, ചവർപ്പ്, പുളി എന്നീ ആറു രസങ്ങളും സമന്വയിപ്പിച്ച് ഒരുക്കിയ വിഭവസമൃദ്ധമായ സദ്യ കുടുംബാംഗങ്ങൾക്ക് സ്നേഹപൂർവം വിളമ്പി.
കഴിഞ്ഞ രണ്ടു മാസക്കാലമായി ഗീതാമണ്ഡലത്തിന്റെ ഓണാഘോഷം വൻ വിജയമാക്കുന്നതിനായി അക്ഷീണം പ്രവർത്തിച്ച ശ്രീ. ബൈജു മേനോനെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും മറ്റു പ്രവർത്തകരെയും പ്രസിഡന്റ് ശ്രീ. അപ്പുക്കുട്ടൻ മുക്തകണ്ഠം പ്രശംസിച്ചു.
ഇത്തരത്തിലുള്ള അർപ്പണബോധമുള്ള നേതൃത്വത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും ഫലമാണ് ഒരു സംഘടനയെ ഉയരങ്ങളിലേക്ക് നയിക്കുന്നതെന്ന് ഡോ. വിശ്വനാഥ് അഭിപ്രായപ്പെട്ടു.
ഭൂതകാലത്തെയും വർത്തമാനകാലത്തെയും ഭാവികാലത്തെയും കൂട്ടിയിണക്കുന്ന കണ്ണിയാണ് തിരുവോണം. അത് വെറുമൊരു ആഘോഷമായി ഒതുങ്ങരുതെന്നും, ഓണത്തിന്റെ യഥാർത്ഥ സന്ദേശം നമ്മിലെ ‘ഞാൻ’ എന്ന അഹംഭാവത്തെ ഇല്ലാതാക്കി സ്നേഹത്തിന്റെയും സമത്വത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം ഉൾക്കൊള്ളുകയാണെന്നും ഗീതാമണ്ഡലം അധ്യക്ഷൻ ശ്രീ. ശേഖരൻ അപ്പുക്കുട്ടൻ തന്റെ സന്ദേശത്തിൽ പറഞ്ഞു.
2026-ലെ ഗീതാമണ്ഡലം ഓണം വൻ വിജയമാക്കാൻ സഹായിച്ചത് ഗീതാമണ്ഡലം കുടുംബങ്ങളുടെ അകമഴിഞ്ഞ സഹകരണവും കമ്മിറ്റി അംഗങ്ങളുടെയും പ്രവർത്തകരുടെയും കൂട്ടായ പരിശ്രമവുമാണെന്ന് ശ്രീ. ബൈജു മേനോൻ പറഞ്ഞു.
പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ഗീതാമണ്ഡലത്തിന്റെ പേരിൽ ശ്രീ. ശേഖരൻ അപ്പുക്കുട്ടൻ ഹൃദയം നിറഞ്ഞ ഓണാശംസകൾ നേർന്നു.
കേരളത്തിന്റെ ഓർമ്മകളും പാരമ്പര്യവും സംസ്കാരവും സ്നേഹവും ഒരുമയും കലാവിരുന്നുകളും ഒത്തുചേർന്ന ഈ തിരുവോണാഘോഷം, ഏഴാം കടലിനിക്കരെയുള്ള ചിക്കാഗോ മലയാളികൾക്ക് ഒരു ഓണം മാത്രമായിരുന്നില്ല; സ്വന്തം നാടിന്റെ തറവാട്ടുമുറ്റത്തേക്ക് തിരിച്ചെത്തിയതുപോലെയുള്ള ഒരു ഹൃദയസ്പർശിയായ അനുഭവം കൂടിയായിരുന്നു.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.