മുംബൈ: തോമസ് കെ. തോമസിനെ എൻസിപി സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു. ദേശീയ നേതൃത്വത്തിന്റേതാണു പ്രഖ്യാപനം. സംസ്ഥാന ഭാരവാഹികളുടെ യോഗം തോമസ് കെ. തോമസിനെ അധ്യക്ഷനാക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു.
67 കാരനായ തോമസ് കെ. തോമസ് മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരനാണ്. സഹോദരന്റെ നിര്യാണത്തെത്തുടർന്നാണ് തോമസ് കെ തോമസ് കുട്ടനാട് മത്സരിച്ച് എംഎൽഎയായത്.
പാർട്ടിയുടെ മന്ത്രി എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കാൻ ഇറങ്ങിത്തിരിച്ച പി.സി. ചാക്കോയുടെ അപ്രതീക്ഷിത രാജിക്ക് പിന്നാലെയാണ് പുതിയെ അധ്യക്ഷനെ പ്രഖ്യാപിച്ചത്. എൻസിപി സംസ്ഥാന അധ്യക്ഷനായി ശശീന്ദ്രൻ വിഭാഗവും തോമസിനെ പിന്തുണക്കുകയായിരുന്നു.പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാർ സമവായത്തിന്റെ ഭാഗമായി പി.സി. ചാക്കോ, ശശീന്ദ്രൻ, തോമസ് കെ. തോമസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

