PRAVASI

തോന്ന്യാസപ്രേമം..! ( കവിത )

Blog Image

നിന്റെ ആ ഒരൊറ്റ ചിരിയിലാണു
എന്നിലെ എന്നെ ഉപേക്ഷിക്കാനും
നിന്നെ എന്നിലേക്ക് ചേർത്തു വെയ്ക്കാനും
നീ പഠിപ്പിച്ചത്‌..
ഇടയ്ക്കിടെ ഇടവഴികളിൽ
തമ്മിൽത്തമ്മിൽ കാണുമ്പോൾ
കൺകൾ കൊണ്ട്‌ നീ പറഞ്ഞ
സന്ദേശങ്ങളിലാണു
കാത്തിരിപ്പിന്റെ ഇടങ്ങൾ ഉണ്ടെന്നും
അവിടെ പ്രേമം കൊണ്ട്‌ പൂക്കാനും തളിർക്കാനും
നുറുങ്ങുവിദ്യകളുണ്ടെന്നും
ഞാനറിഞ്ഞത്‌..
അമ്പലമുറ്റത്തിന്റെ 

അരയാൽത്തറകളാണു
ആരെയും കൂസാതെ മിണ്ടാമെന്നും
നിന്റെ മോഹങ്ങളുടെ കുമ്പസാരപ്പറച്ചിൽ കേട്ട്‌
നാണം കൊണ്ട്‌

എന്റെ കരൾ തുടിക്കുമെന്നും
ബോധ്യമാക്കിച്ചത്‌‌..
നിന്റെ ചുണ്ടുകൾ ചേർത്തൊരു 

ചുടുശ്വാസമെന്നിലേക്കിറ്റിച്ച്‌
ഹ്യദയം കട്ടെടുത്ത ആ രാവിൽ
നീ പാനംചെയ്തത്‌ എന്റെ
സ്വപ്‌നത്തിന്റെ ലഹരിയായിരുന്നു..
എന്റെയും നിന്റെയും പ്രാന്തുകൾ
പൂക്കുന്ന ആ നേരങ്ങളിലായിരുന്നു
പ്രണയവും കാമവും തമ്മിൽ
കലഹിച്ചിരുന്നതും..
അസ്സലായി അന്ന് മൊട്ടിട്ട ആ ചിരിയിൽ
ഇത്രയൊക്കെ ഉണ്ടായിട്ടും
ഇന്നും എന്നെ എന്നെയല്ലാതെ ആക്കി തീർക്കുന്നതും
നീ പഠിപ്പിച്ച ആ തോന്ന്യാസപ്രേമം തന്നെയല്ലേ..!

 

 സോയ നായർ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.