ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ എംഡിഎംഎയുമായി യുവാവും യുവതിയും എക്‌സൈസ് പിടിയിൽ. കൊല്ലം സ്വദേശി മുഹഷീബ്, തൃശൂർ സ്വദേശി ആഷിക തൻവീർ എന്നിവരാണ് പിടിയിലായത്. 6.03 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. പെരുമ്പാവൂരിൽ ലഹരി വിൽപ്പന നടത്തിയ സ്ത്രീയും പിടിയിലായി. അസം സ്വദേശി നജ്മ ബീഗമാണ് പിടിയിലായത്. ഇവർ പരസ്യമായി ലഹരി വിൽപ്പന നടത്തിയിരുന്നു. ലഹരി കുത്തി വയ്ക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.23 കാരി നജ്മ ബീഗം പരസ്യമായി ഒരു യുവാവിന് ലഹരി കുത്തിവയ്കക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊലീസ് വലവിരിച്ചത്. ഓപ്പറേഷൻ തണ്ടറിന്‍റെ ഭാഗമായിട്ടാണ് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനു സമീപം ഹസൽ ഗാർഡൻസ് എന്ന ലോഡ്ജിന് മുന്നിൽ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് കൊല്ലം സ്വദേശി മുഹഷീബ് തൃശ്ശൂർ സ്വദേശി ആഷിക തൻവീർ എന്നിവർ പിടിയിലായത്.
ബെംഗളൂരുവിൽ നിന്നും എംഡിഎംഎ വിൽപ്പനയ്ക്കായി കൊണ്ടുവന്ന് നഗരത്തിന്റെ വിവിധ ലോഡ്ജുകളിൽ താമസിച്ച് വിൽപ്പന നടത്തുകയാണ് ആഷികയുടെയും മുഹബീഷിന്‍റെയും രീതി. രാത്രി സമയങ്ങളിൽ ആയിരുന്നു കൂടുതലും ഇവർ വില്പന നടത്തിയിരുന്നത്. പിടികൂടിയ പ്രതികൾക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തു. അതേസമയം, മലപ്പുറം പെരിന്തൽമണ്ണ സബ് ജയിലിലേക്ക് കൊണ്ടു വന്ന ലഹരി കേസ് പ്രതി കൈ വിലങ്ങുമായി രക്ഷപ്പെട്ടു. 19ഗ്രാം എംഡിഎംഎ യുമായി കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്ത തൊട്ടിൽപ്പാലം സ്വദേശി അമീറാണ് രക്ഷപ്പെട്ടത്. പ്രതിയെ ഇന്നലെ വൈകിട്ട് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ശേഷം സബ്ജയിലിലേക്ക് കൊണ്ടുവരുമ്പോളായിരുന്നു സംഭവം. ജയിലിനു പുറത്തുള്ള ഹോട്ടലിൽ വെച്ച് ഭക്ഷണം കഴിക്കാനായി ഒരു കൈയ്യിലെ വിലങ്ങു അഴിച്ചപ്പോൾ പ്രതി ഓടി രക്ഷപെടുകയായിരുന്നു. പൊലീസ് ഇയാളുടെ പിന്നാലെ ഓടിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. രക്ഷപ്പെട്ട അമീർ നിരവധി കേസുകളിൽ പ്രതിയാണ്.

