PRAVASI

(ഹാസ്യ വിമർശനം) തുടക്കം തിരനോട്ടം ചാട്ടം നരസിംഹം

Blog Image


.                       എഴുപത്തിയെട്ടിൽ തിരനോട്ടം എന്ന ആരും കാണാതെ പോയ ചിത്രത്തിൽ മുഖം കാണിച്ചു തന്റെ സിനിമ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച മോഹൻലാലിന് താങ്ങും തണലുമായി നിന്നത് തിരുവനന്തപുരത്തെ ബാല്യകാല സുഹൃത്തുക്കൾ ആയിരുന്നു 

.                               സുഹൃത്തുക്കളിൽ പ്രധാനി ആയിരുന്ന സുരേഷ് കുമാർ തിരനോട്ടം വെളിച്ചം കാണാതെ പെട്ടിയിൽ ഇരുന്നപ്പോൾ നിരാശനായ മോഹൻലാലിനെ അറിയിക്കാതെ ആണ്‌ മോഹൻലാലിന്റെ രണ്ടു പാസ്പോർട്ട്‌ സൈസ് ഫോട്ടോയുമായി തന്റെ പഴയ സ്‌കൂട്ടറിൽ വീടിനടുത്തുള്ള പോസ്റ്റ്‌ ഓഫിസിൽ പോയി മഞ്ഞിൽ വിരിഞ്ഞ പൂക്കളിന്റെ പ്രൊഡക്ഷന് അയച്ചു കൊടുത്തത് 

.                                മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സൂപ്പർ സംവിധായകൻ ഫാസിലിന്റെ ചിത്രം എൺപതുകളുടെ തുടക്കത്തിൽ റീലീസ് ആയപ്പോൾ ആ സമയത്തു തന്നെ കേരളത്തിലെ എല്ലാ എ ക്ലാസ് തീയേറ്ററുകളിലും ആക്ഷൻ ഹീറോ ജയൻ അവസാനമായി അഭിനയിച്ച കോളിളക്കം എന്ന സിനിമയും ഓടിയിരുന്നു 

.                                     പക്ഷേ തിരുവനന്തപുരം ശ്രീപദ്മനാഭ തിയേറ്റർ മുതൽ കോഴിക്കോട് ഡേവിസൺ വരയുള്ള അന്നത്തെ കേരളത്തിലെ മുന്തിയ തീയേറ്ററുകളിലേയ്ക്കു ഇടിച്ചു കയറിയ ജനങ്ങൾക്കു കോളിളക്കത്തേക്കാൾ ഒരുപടി കൂടുതൽ ഇഷ്ടപ്പെട്ടത് റൊമാന്റിക് ഹീറോ ശങ്കർ നായകനും പൂർണിമ ജയറാം നായികയുമായി അഭിനയിച്ച മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ആണ്‌ 

.                            മഞ്ഞിൽ വിരിഞ്ഞ പൂകളിലെ ചരിഞ്ഞ വില്ലൻ നരേന്ദ്രന് അവിസ്മരണീയമക്കിയ മോഹൻലാൽ നായകൻ ശങ്കറുമായുള്ള ഡയറക്റ്റ് സീനുകളിൽ കടുത്ത ഡയലോഗിലൂടെ ശങ്കറെ അപ്രശക്തൻ ആക്കിക്കൊണ്ട് തീയേറ്ററുകളിൽ നിറഞ്ഞ കയ്യടി നേടി 

.                               മോഹൻലാൽ മലയാള സിനിമയിൽ വളരെ അവശ്യ ഘടകമായി വളർന്നപ്പോൾ ഐ വി ശശിയെയും ജോഷിയെയും ഭരതനെയും പദ്മരാജനെയും പോലുള്ള ഹിറ്റ്‌ സംവിധായകർ അദ്ദേഹത്തെ തുടരെ ചെയ്തിരുന്ന വില്ലൻ വേഷങ്ങളിൽ നിന്നും മാറ്റി നായകനാക്കി അദ്ദേഹത്തിന്റെ അഭിനയ പ്രതിഭ എന്തെന്ന് തെളിയിച്ചു 

.                        എൺപതുകളിലും തൊണ്ണൂറുകളിലും മോഹൻലാലിന്റെ സിനിമയിലെ ശക്തി അദ്ദേഹത്തിന്റെ ബാല്യകാല സുഹൃത്തുക്കൾ ആയിരുന്നു 

.                             സുരേഷ് കുമാറും സനൽ കുമാറും നിർമാതാക്കൾ ആയപ്പോൾ മണിയൻപിള്ള രാജു നടനും നിർമ്മാതാവും ആയി ഉന്നത ഉദ്യോഗസ്‌ഥൻ ആയിരുന്ന എം ജി ശ്രീകുമാർ മോഹൻലാൽ ചിത്രങ്ങളിലെ സ്‌ഥിരം ഗായകൻ ആയപ്പോൾ ഏറ്റവും അടുത്ത സുഹൃത്തും ലാലേട്ടൻ ആദ്യമായി സിനിമ മോഹവുമായി മദ്രാസിലേയ്ക്കു തിരുവനന്തപുരത്തു നിന്നും നമ്പർ ട്വന്റി മദ്രാസ് മെയിലിൽ പോയപ്പോൾ ജനറൽ കമ്പാർട്മെന്റിൽ കൂടെ ഉണ്ടായിരുന്നതും മദ്രാസിലെ നീണ്ട കാലത്തെ ലോഡ്ജ് ജീവിതത്തിൽ ഒപ്പം തൊട്ടടുത്ത അണ്ണാച്ചിയുടെ തട്ടുകടയിൽ പോയി കാപ്പിയും ഉപ്പുമാവും കഴിച്ച പ്രിയദർശൻ സംവിധായകനുമായി 

.                               എൺപതുകളുടെ തുടക്കത്തിൽ എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ ലാലേട്ടന്റെ കടുത്ത ആരാധകൻ ആയ ആന്റണി എന്നൊരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു. ഡ്രൈവർ ജോലി ചെയ്തിരുന്ന ആന്റണി ടൗണിൽ ഇറങ്ങിയാൽ കൂട്ടുകാരോടും നാട്ടുകാരോടും മോഹൻലാൽ സിനിമകളെ കുറിച്ചു മാത്രമേ സംസാരിക്കുമായിരുന്നുള്ളൂ

.                                  ഒരിക്കൽ എറണാകുളത്തു സരിത തീയേറ്ററിൽ കൂട്ടുകാരും ഒത്തു സിനിമയ്ക്കു പോയ ആന്റണി സരിതയിൽ മമ്മൂട്ടിയുടെ സിനിമ ആയത് കൊണ്ടു അതു കാണാതെ കൂട്ടുകാരുമായി തർക്കിച്ചു ഒരു ഓട്ടോറിക്ഷ വിളിച്ചു ഇത്തിരി അകലെ ഷേണായ്സിൽ പോയി ലാലേട്ടന്റെ രാജാവിന്റെ മകൻ അഞ്ചാമതും കണ്ടു 

.                             എൺപത്തി എട്ടിൽ കെ മധു സംവിധാനം ചെയ്തു ലാലേട്ടൻ നായകൻ ആയി ലാലു അലക്സും ആക്ഷൻ ഹീറോ ബാബു ആന്റണിയും വില്ലൻമാരായി വാശിച്ചു അഭിനയിച്ചു പുറത്തിറങ്ങിയ മൂന്നാം മുറ എന്ന ആക്ഷൻ ചിത്രത്തിന്റെ ഷൂട്ടിംഗ് കാണുവാൻ ലൊക്കേഷനിൽ ചെന്ന നമ്മുടെ പെരുമ്പാവൂർ കാരൻ ആന്റണി ചേട്ടൻ ലാലേട്ടനും ബാബു ആന്റണിയുമായി ഒരു ഡയറക്റ്റ് ഫൈറ്റ് നടക്കുന്നതിനിടയിൽ ലാലേട്ടൻ ബാബു ആന്റണിയെ കിക്ക് ചെയ്യുവാൻ കാലുയർത്തിയപ്പോൾ ഉറക്കെ വിളിച്ചു ലാലേട്ടാ. ....ലാലേട്ടാ. ....

                             പ്രണവം ആർട്സ് എന്ന ബാനറിൽ ഹിസ് ഹൈനെസ് അബ്‌ദുള്ള എന്ന സൂപ്പർ ഹിറ്റ്‌ മൂവി ഉൾപ്പെടെ കുറെയധികം സിനിമകൾ എൺപതുകളുടെ അവസാനവും തൊണ്ണൂറുകളിലും നിർമിച്ച ലാലേട്ടൻ പിന്നീട് ആന്റണി പെരുമ്പാവൂർ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന മെഗാ നിർമാതാവ് ആശിർവാദ് സിനിമാസ് എന്ന പ്രൊഡക്ഷൻ തൊണ്ണൂറ്റി ഒൻപതിൽ ആരംഭിച്ചത് മുതൽ ആ കമ്പനിയുടെ ആദ്യ ചിത്രം ആയ രഞ്ജിത് തിരക്കഥ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും ബമ്പർ ഹിറ്റും ലാലേട്ടനെ അതിമാനുഷ അഭിനേതാവും ആക്കിയ നരസിംഹം മുതൽ സിനിമ ജീവിതത്തിൽ പുതിയൊരു തുടക്കം ആയി 

.                             ഇതിനോടകം ഇരുപത്തി അഞ്ചിൽ അധികം സിനിമകൾ നിർമിച്ച ആശിർവാദിന്റെ മുഴുവൻ സിനിമകളിലും നായകൻ ലാലേട്ടൻ ആയിരുന്നു   ഭൂരിപക്ഷം സിനിമകളും ഹിറ്റും ആയിരുന്നു 

.                              രണ്ടായിരത്തി പതിനെട്ടിൽ ലാലേട്ടന്റെ മകൻ പ്രണവ് ജിത്തു ജോസഫ് സംവിധാനം ചെയ്തു ആന്റണി പെരുമ്പാവൂർ നിർമിച്ച ആദി എന്ന സിനിമയിൽ കൂടി നായകൻ ആയെങ്കിലും വേണ്ടത്ര കയ്യടി നേടിയില്ല 

.                                   കഴിഞ്ഞ ദിവസം റീലീസ് ചെയ്ത മോഹൻലാലിന്റെ മകൾ വിസ്മയ നായിക ആയി ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് വില്ലനായ തുടക്കം സിനിമ ഇന്റർനാഷണലായി തീയേറ്ററുകളിൽ വൻ തിരക്കും കയ്യടിയും നേടുമ്പോൾ തിരനോട്ടം സിനിമയെ സ്മരിക്കണോ മൂന്നാം മുറയെ ഓർക്കണോ അതോ നരസിംഹത്തിന്റെ അണിയറ ശില്പികൾക്കു ആശംസകൾ നേരണോ 


സുനിൽ വല്ലാത്തറ ഫ്ളോറിഡ  

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.