ഡൊണാൾഡ് ട്രംപിൻറെ കയ്യിൽ ഫോൺ, റിസീവർ നെതന്യാഹുവിന്റെ കാതിൽ. കടലാസ് നോക്കി ഖത്തർ ഭരണാധികാരിയോട് മാപ്പ് പറയുന്ന ഇസ്രായേൽ പ്രധാനമന്ത്രി. ഗാസയ്ക്കുള്ള യുഎസ് സമാധാന പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള കൂടികാഴ്ചക്കിടെയുള്ള ബ്ലാക് ആൻഡ് വൈറ്റ് ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. വൈറ്റ്ഹൗസ് തന്നെയാണ് ചിത്രങ്ങൾ പുറത്ത് വിട്ടത്.
ട്രംപും നെതന്യാഹുവും ഓവൽ ഓഫീസിൽ വച്ച് കൂടിക്കാഴ്ച നടത്തിയതിനിടയിൽ എടുത്ത ചിത്രമാണിത്. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനിയുമായി നെതന്യാഹു ഫോണിൽ സംസാരിക്കുന്ന ചിത്രമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അപ്രതീക്ഷിതമായാണ് ഇസ്രായേൽ പ്രധാനമന്ത്രി ദോഹയിൽ നടത്തിയ ആക്രമണത്തിന് വൈറ്റ് ഹൗസിൽ നിന്നും ഫോൺ വിളിച്ച് ഖത്തർ പ്രധാനമന്ത്രിയോട് ക്ഷമാപണം നടത്തിയത്.
ഗാസയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ട്രംപിൻറെ ഇടപെടലുകളോടെയുള്ള നെതന്യാഹുവിന്റെ മാപ്പുപറച്ചിൽ എന്ന് വിലയിരുത്തപ്പെടുന്നു. നോബൽ സമ്മാനം നേടിയെടുക്കാനായി ട്രംപ് നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് നെതന്യാഹുവിന്റെ ക്ഷമാപണം. അമേരിക്കൻ സൈനിക ഉദ്യോഗസ്‌ഥരെ അഭിസംബോധന ചെയ്തുകൊണ്ട് നോബൽ സമ്മാനം നേടാനുള്ള തന്റെ ശ്രമങ്ങളെ കുറിച്ച് ട്രംപ് വെളിപ്പെടുത്തിയിരുന്നു. സമാധാനചർച്ചകൾ പുനഃരാരംഭിക്കണമെങ്കിൽ ഇസ്രയേൽ മാപ്പുപറയണമെന്ന് ഖത്തർ നിബന്ധനവെച്ചിരുന്നു. മധ്യസ്ഥ ചർച്ചകളിൽ ഖത്തർ പ്രധാന പങ്കാണ് വഹിക്കുന്നത്.


