PRAVASI

അമേരിക്കയിൽ വിൽക്കുന്ന എല്ലാ കനേഡിയൻ വിമാനങ്ങൾക്കും 50 ശതമാനം താരിഫ് ചുമത്തുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി

Blog Image

കാനഡയുമായുള്ള വ്യാപാര തർക്കം കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയിൽ വിൽക്കുന്ന എല്ലാ കനേഡിയൻ വിമാനങ്ങൾക്കും 50 ശതമാനം താരിഫ് ചുമത്തുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി. വിമാനങ്ങളുടെ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട തർക്കമാണ് പുതിയ പ്രകോപനത്തിന് കാരണം.

അമേരിക്കൻ വിമാനക്കമ്പനിയായ ഗൾഫ് സ്ട്രീം എയറോസ്‌പേസിന്റെ ബിസിനസ് ജെറ്റുകൾക്ക് കാനഡ അംഗീകാരം നൽകുന്നില്ലെന്ന് ട്രംപ് ആരോപിക്കുന്നു. ലോകത്തിലെ മികച്ച സാങ്കേതികവിദ്യയുള്ള ഈ വിമാനങ്ങൾക്ക് അനുമതി നൽകാത്തത് നീതിയല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. കാനഡ വിസമ്മതം തുടർന്നാൽ, അമേരിക്കയിൽ വലിയ വിപണിയുള്ള കനേഡിയൻ കമ്പനിയായ ബോംബാർഡിയറിനെ (Bombardier) ലക്ഷ്യമിടുമെന്ന് ട്രംപ് വ്യക്തമാക്കി. ബോംബാർഡിയറിന്റെ പ്രധാന മോഡലായ ‘ഗ്ലോബൽ എക്‌സ്പ്രസ്’ ജെറ്റുകളുടെ അംഗീകാരം റദ്ദാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ട്രംപ് ഈ ഭീഷണി മുഴക്കിയത്. കാനഡ നിയമവിരുദ്ധമായി അമേരിക്കൻ ഉൽപ്പന്നങ്ങളെ തടയുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ട്രംപിന്റെ നിലപാടിനെതിരെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ശക്തമായി പ്രതികരിച്ചു. കാനഡയുടെ പരമാധികാരത്തെ മാനിക്കാൻ അമേരിക്ക തയ്യാറാകണമെന്നും, ട്രംപുമായുള്ള ചർച്ചയിൽ ഈ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കൻ വിമാനക്കമ്പനികളായ ഡെൽറ്റ, അമേരിക്കൻ എയർലൈൻസ് എന്നിവയെല്ലാം പ്രാദേശിക സർവീസുകൾക്കായി കനേഡിയൻ വിമാനങ്ങളെ ആശ്രയിക്കുന്നതിനാൽ, ട്രംപിന്റെ ഈ നീക്കം വിമാനയാത്രാ മേഖലയിൽ വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.