കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി (66) അന്തരിച്ചു. അർബുദ രോഗബാധയെ തുടർന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. മൃതദേഹം ഉച്ചയ്ക്ക് 2 മണിക്ക് ഊരാളുങ്കൽ സൈബർ പാർക്കിൽ പൊതുദർശനത്തിന് വെച്ച ശേഷം വടകരയിലേക്ക് കൊണ്ടുപോകും.
1995 മുതൽ മൂന്ന് പതിറ്റാണ്ടോളമായി ഊരാളുങ്കൽ സൊസൈറ്റിയുടെ ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. മൂന്നര പതിറ്റാണ്ടിലധികമായി സൊസൈറ്റിയുടെ നേതൃനിരയിൽ സജീവമായിരുന്നു. 32 വർഷം യു.എൽ.സി.സി.എസിനെ നയിച്ച പാലേരി കണാരന്റെ മകനാണ് രമേശൻ പാലേരി. സൊസൈറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റായിരുന്ന പാലേരി ചന്തമ്മനാണ് മുത്തച്ഛൻ. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് ആഗോള തലത്തിൽ വൻ മേൽവിലാസവും അടിസ്ഥാന സൗകര്യ വികസന രംഗത്ത് വലിയ മുന്നേറ്റവും സൃഷ്ടിക്കാൻ രമേശൻ പാലേരിയുടെ നേതൃപാടവത്തിന് സാധിച്ചിരുന്നു.

