LITERATURE

കഥ ഊമക്കൊലുസ്സ്

Blog Image
ആ വർഷം ആദ്യമുണ്ടായ കൊലയിലൊടുങ്ങിയൊരു ബലാത്സംഗം. മാസങ്ങൾക്കു ശേഷം നടപ്പായ നോട്ടുനിരോധനം. ഇതൊക്കെയാണ് ഹാരിസ് ചൗധരിയെന്ന ഇരുപത്തിനാലുകാരനെ അഴിക്കുള്ളിലാക്കിയത്. തോളിൽ നക്ഷത്രങ്ങളില്ലാതെ വെറും കാക്കിയും കറുത്ത ബെൽറ്റും തൊപ്പിയുമായി അന്വേഷണത്തിനു കൂടെയുണ്ടായിരുന്നെങ്കിലും തെളിവുകളുടെ വെളിച്ചത്തിൽ അന്ന് അങ്ങിനെയേ വിശ്വസിക്കാൻ പറ്റിയുള്ളൂ.

 ആ വർഷം ആദ്യമുണ്ടായ കൊലയിലൊടുങ്ങിയൊരു ബലാത്സംഗം. മാസങ്ങൾക്കു ശേഷം നടപ്പായ നോട്ടുനിരോധനം. ഇതൊക്കെയാണ് ഹാരിസ് ചൗധരിയെന്ന ഇരുപത്തിനാലുകാരനെ അഴിക്കുള്ളിലാക്കിയത്. തോളിൽ നക്ഷത്രങ്ങളില്ലാതെ വെറും കാക്കിയും കറുത്ത ബെൽറ്റും തൊപ്പിയുമായി അന്വേഷണത്തിനു കൂടെയുണ്ടായിരുന്നെങ്കിലും തെളിവുകളുടെ വെളിച്ചത്തിൽ അന്ന് അങ്ങിനെയേ വിശ്വസിക്കാൻ പറ്റിയുള്ളൂ.
      അവനെ പൊക്കുന്നതു ടൗണിൽ നിന്ന് വിട്ടുമാറി തോട്ടപ്പുറത്തീനാശു നടത്തിവന്ന ലോഡ്ജിൽ നിന്നാണ്. ഇൻസ്പെക്ടർ ചന്ദ്രശേഖരൻ സാറിന്റെ സംഘത്തോടൊപ്പമായിരുന്നു. കുറെയധികം കാലം കോഴി ഫാം കച്ചോടം ചെയ്തു പൊളിഞ്ഞു തൊപ്പിപ്പാളയെടുത്തു മരണവഴി മാത്രം മുന്നിൽ കണ്ടു നടക്കുകയായിരുന്നു  ഈനാശു. ജീവിതഗതി തന്നെ തിരിച്ചുവിട്ട 'ബംഗാളീ ഫാം' എന്ന ആശയത്തിനു പിന്നിൽ കോൺട്രാക്ടർ ബാലന്റെ തലയാണ്. പിന്നെ ചുരുങ്ങിയ സമയം കൊണ്ട് ഫാം ഇരുന്നിടം  മൂന്നു നിലകളുള്ള ഈനാശു ലോഡ്ജ് ആയി രൂപാന്തരപ്പെട്ടു. ഓരോ നിലയിലും പതിനഞ്ചു മുറികളുടെ ഒറ്റനിര, നീണ്ട ബാൽക്കണി.
       പിന്നീട് പ്രധാന പ്രതിയാക്കപ്പെട്ട മുനീറിനൊപ്പം അവനെപ്പിടിക്കുമ്പോഴാണ് ലോഡ്ജ് ശ രിക്കും ഒന്നു കാണുന്നത്. കുടുസ്സുമുറികളിൽ നിലത്തും വീതികുറഞ്ഞ ചെറിയ കട്ടിലുകളിലുമായി ഉറങ്ങി അവർ നേരം വെളുപ്പിച്ചു. ചിറകുകൾ ഒന്നുയർത്തി പിടിക്കാൻ പോലും കഴിയാത്ത ഫാമിലെ കോഴികളെപ്പോലെയായിരുന്നു പലരും. സ്വപ്നങ്ങളുടെ തൂവലുകൾ അവരുടെ കണ്മുന്നിൽ കൊഴിഞ്ഞു കിടന്നു. എല്ലാപേരും ഒരുപോലെ - ഒരേ കറുപ്പ്, ഉയരമില്ലായ്മ. ഒരേ പോലെ മഞ്ഞിച്ചു വിളറിയകണ്ണുകൾ, പാറിയ നീളൻ മുടി. ഒരേ ടൈപ്പ് വേഷം.
       ബലാത്സംഗത്തിലോ കൊലപാതകത്തിലോ ഹാരിസിനു പങ്കില്ലായെന്നു ചന്ദ്രശേഖരൻ സാറിന്റെ ചോദ്യം ചെയ്യലിൽ തന്നെ തെളിഞ്ഞിരുന്നു. പക്ഷെ, കണ്ടുകെട്ടിയ പെട്ടിയിൽ നിന്നും പിടിച്ചെടുത്ത ഇരുപത്തി ആറായിരത്തോളം രൂപയും (അതിൽ നിരോധിക്കപ്പെട്ട ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുണ്ടായിരുന്നു) കൂടെ കിട്ടിയ ചെറിയൊരു തുണിപ്പൊതിയുമായിരുന്നു സമാന്തരമായി മറ്റൊരന്വേഷണം ഉണ്ടാവാൻ പ്രധാന കാരണം.
      അങ്ങിനെയാണ് പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും അവനെ പോലീസ് കസ്റ്റഡിയിൽ കിട്ടുന്നത് തൊണ്ടിയോടൊപ്പം.
      നീല പട്ടുതുണിക്കണത്തിൽ പൊതിഞ്ഞ മൂക്കുത്തിയും രണ്ടു വെള്ളി കൊലുസ്സുകളും. തുണിയുടെ വക്കുകൾ കരിഞ്ഞു പോയിരുന്നു. അതാണ് കൂടുതൽ സംശയത്തിന് കാരണമായത്. എത്ര ചോദിച്ചിട്ടും പെരുമാറിയിട്ടും അവൻ പറഞ്ഞ ന്യായങ്ങളൊന്നും ഞങ്ങൾക്ക് വിശ്വസിക്കാൻ തോന്നിയില്ല.
       ജനാലകളില്ലാത്ത ഇടുങ്ങിയ മുറിയിലെ ഇരുട്ടിൽ അവനെ ചുമരുചേർത്തു നിറുത്തി. ചെളിപിടിച്ച നിക്കർ മാത്രം. കടും നീല അരപ്പട്ട കെട്ടിയ നരച്ച ചുമരുകൾക്കുള്ളിൽ മേശക്കിരുപുറവുമായിട്ടിരുന്ന കസേരകളിലൊന്നിൽ മുരുകൻ കോൺസ്റ്റബിൾ കൂട്ടിരുന്നു. ജനാലകളില്ലാത്തതു കൊണ്ടും മിക്കവാറും മുറി അടഞ്ഞു കിടന്നിരുന്നതിനാലും ഉള്ളിൽ കനച്ച മണമായിരുന്നു. മേശക്കൽപ്പം മുകളിലായി നീണ്ട വയറിൽ തൂങ്ങിനിന്ന കോൺ ഷേപ്പ് ഷെയിഡിനുള്ളിൽ ചത്തൊരു ബൾബ്. മേശപ്പുറത്തു നെടുങ്ങാടപ്പള്ളി കമ്പനീടെ ഒരു ബോട്ടിൽ വെള്ളം. അടുത്തിടെയായി ഇക്കിളിന്റെ അസുഖം ഉണ്ട് മുരുകന്. അതാണ് മുന്നിൽ വെള്ളം വച്ചിരിക്കുന്നത്. എന്തെങ്കിലും കാരണത്താൽ ടെൻഷൻ വന്നാൽ ഇക്കിൾ വരും. അത് കൊണ്ട് കാര്യമായി ചോദ്യം ചെയ്യാൻ വരാറില്ല പക്ഷെ കൂട്ടിരിക്കും. നിർണായക ഘട്ടങ്ങളിൽ ഇടപെടേം ചെയ്യും.
       കഥയിലുടനീളം മുരുകൻ ഉള്ളതുകൊണ്ടും ഇടയ്ക്കിടെ ഇക്കിൾ പ്രശ്നം വന്നുപോകുന്നതുകൊണ്ടും, അതിന്റെ പിന്നാമ്പുറം ചുരുക്കിയെങ്കിലും പറയേണ്ടതുണ്ട്. മെമ്പർ തങ്കപ്പനുമായി ഉടക്കിയതിന്റെ പേരിൽ രണ്ടു വർഷം മുൻപൊരുദിവസം, പോലീസു ഭരണജാതിയിലെ നക്ഷത്ര വാഹകരിൽ നിന്നും മുരുകന് ശരിക്കും തെറി കേൾക്കേണ്ടി വന്നു.   അന്ന് രാത്രി ഒറ്റക്കൊരു ഫുള്ള് ഓ.സി.ആർ അടിച്ചു തീർത്തു. വെള്ളം ചേർക്കാതെ. പിറ്റേന്ന് രാവിലെ കട്ടനടിക്കാൻ തുടങ്ങുമ്പോഴാണതു സംഭവിച്ചത്. സെക്കൻഡ് സൂചിയുടെ താളത്തിൽ ഇക്കിൾ പൂക്കൾ മുരുകന്റെയുള്ളിൽ നിന്നും പൊട്ടിവിടർന്നു കൊഴിയാൻ തുടങ്ങി. എന്ത് ചെയ്തിട്ടും ഇക്കിളിനൊടുക്കമില്ല. പാവം പേടിച്ചുപോയി. അവസാനം ആശുപത്രിയിൽ ചെന്ന് ഉറങ്ങിയെണീറ്റു സുഖമായെങ്കിലും എന്തെങ്കിലും കാരണം കൊണ്ട് മാനസിക പിരിമുറുക്കം വന്നാൽ  ചെറിയ അളവിലെങ്കിലും ഇക്കിളടിക്കുക പതിവായി.

       ചോദിച്ചതിനെല്ലാം കുനിഞ്ഞു തൊഴുതവൻ മറുപടി പറഞ്ഞു. മേശയിൽ ഇരുന്നും എണീക്കണ്ടപ്പോൾ എണീറ്റും ചോദ്യം ചെയ്യുമ്പോൾ, മുരുകൻ കോൺസ്റ്റബിൾ എന്തിനും തയാറായി അരികിലുണ്ടായിരുന്നു. പെട്ടിയിലുണ്ടായിലുണ്ടായിരുന്ന കടലാസുകളിലൊന്ന് വിലാസം തെളിയിക്കുന്നതായിരുന്നു. മറ്റേതു ജനന സർട്ടിഫിക്കറ്റും. പോലീസു നോട്ടത്തിൽ രണ്ടിലും കള്ളലക്ഷണം കണ്ടിരുന്നു. വാരണാസിയിലെ ഏതോ ഒരു വിലാസം. അമ്മ കൊലചെയ്യപ്പെട്ടശേഷം വാരണാസി റെയിൽവേ സ്റ്റേഷനിൽ നിന്നും പാതി രാത്രി കള്ളവണ്ടി കയറി. ഏതോ യാത്രയിൽ പരിചയപ്പെട്ടവർക്കൊപ്പമത്രേ കേരളത്തിലെത്തുന്നത്.
       ചോദ്യങ്ങൾക്കു ചിലതിനു മാത്രം ഹിന്ദിയിൽ മറുപടി പറഞ്ഞു. കൂടുതലും മലയാളത്തിൽ തന്നെയായിരുന്നു.
       “നിന്റപ്പനെവിടെടാ.. ?”
       കണ്ടിട്ടില്ല, മരിച്ചുപോയി എന്നൊക്കെ ഉടനെ മറുപടി വന്നു. 
       “അമ്മ?” 
       വീണ്ടും വീണ്ടും ചോദിച്ചിട്ടും ഒന്നും പറയാതെയവൻ കുനിഞ്ഞു നിന്നു.
       ഞങ്ങളുടെ നോട്ടവും ഭാവവുമൊക്കെ അവനിൽ വല്ലാത്തൊരു ഭയം ഉണ്ടാക്കാൻ തുടങ്ങിയിരുന്നു. പക്ഷെ ഞങ്ങളതൊന്നും കണ്ടില്ലെന്നു നടിച്ചു. പോലീസുമൊറേടെ ഭാഗമാണത്.
       ഓർക്കാപ്പുറത്തു കസേരയിൽ നിന്നു ചാടിയെണീറ്റ മുരുകന്റെ കൈയ്യ് അവന്റെ കരണത്തു വീണ ശബ്ദത്തിൽ, 'പറേടാ’ എന്നു പറഞ്ഞു വിളിച്ച തെറി മുങ്ങിപ്പോയി. അടിയുടെ ടൈമിംഗ് അത്രയ്ക്ക് കൃത്യമായിരുന്നു. മുരുകൻ തിരിച്ചു കസേരയിൽ പോയിരുന്നു.
       കുത്തിയിരുന്നു വാവിട്ടു നിലവിളിച്ചുകൊണ്ടവൻ ഒറ്റയടിക്കു പറഞ്ഞു തീർത്തു.
       “അമ്മയെ കൊന്നു. ലളിതയെ ആ രാത്രിമുതൽ കാണാതായി. അതിന്റെ പിറ്റേന്ന് വൈകിട്ടാണ് നാടുവിടാൻ വണ്ടി കേറിയത്. മറ്റൊന്നുമറിയില്ല.”
       “ഏത് ലളിത?”
       “അനുജത്തിയാണ്”
       “ങും നിൻറ്റമ്മ ചത്തതെങ്ങിനെടാ?”  
       “എങ്ങിനെയെന്നറിയില്ല. പക്ഷെ കണ്ടു, പിറ്റേന്നു രാവിലെ. കി സി നേ ജലാ ദിയാ ഔർ ഗംഗാ പേ ഡാലാ.”
       ആരോ കത്തിച്ചു കൊന്നു ഗംഗയിലെറിഞ്ഞെന്ന്. 
       “സംഭവം നടക്കുമ്പോ നീയെവിടെയായിരുന്നു?”
       ഉത്തരം കേട്ട് മുരുകൻ  അമ്പരന്നു. അങ്ങിനെ ഇളകിയ ഇക്കിൾ  വെള്ളം കുടിച്ചൊതുക്കി.
       ജോലി ചെയ്യുന്നിടത്തായിരുന്നു. രാത്രി, അമ്മ വീട്ടിൽ തിരിച്ചുപോവുമ്പോൾ ജോലിയിൽ സഹായിക്കുന്നത് അവനാണെന്നും അന്ന് ചാരായത്തിന്റെ ലഹരിയിൽ അവിടെ കിടന്നുറങ്ങിപ്പോയെന്നും അവൻ പറഞ്ഞത് പച്ചകള്ളമായി തോന്നി. കാരണം കൂടെയുള്ളവരെപ്പോലെയവൻ മദ്യപിക്കുകയോ മറ്റു ലഹരി ഉപയോഗിക്കുകയോ ചെയ്യില്ലെന്ന് ഇതിനകം കൂട്ടുകാരോടു ചോദിച്ചു ഞങ്ങൾ മനസ്സിലാക്കിയിരുന്നു. അപ്പൊൾ  അന്ന് പതിമൂന്നു വയസ്സുള്ളവൻ കുടിച്ചു ബോധമില്ലാതെ കിടന്നു എന്നൊക്കെ പറഞ്ഞാൽ എങ്ങിനെ വിശ്വസിക്കും.
       “കള്ളം പറയുന്നോടാ പൊലയാടി മോനെ?”
       മുരുകൻ കോൺസ്റ്റബിൾ അവനെ വലിച്ചെണീപ്പിച്ചു അടിവയറ്റിൽ തൊഴിച്ചോണ്ടു അലറി. അലറിത്തീർന്നതും മൂന്നു നാലു ഇക്കിളുകൾ പതിവുപോലെ പൂത്തു വിടർന്നു കൊഴിഞ്ഞു.
       എനിക്കു ദേഷ്യവും കൂടെ മറ്റെന്തൊക്കെയോ നിരാശയും വന്നു കേറി. ഡ്യൂട്ടി മാറി ഇടാനുള്ള മുണ്ടും ഷർട്ടും പിന്നെ ചോറ്റുപാത്രവും വച്ചിരുന്ന ബാക് പാക്ക് മേശപ്പുറത്തുന്നു വലിച്ചെടുത്തവന്റെ മുതുകിനിട്ടു നാലഞ്ചെണ്ണം കൊടുത്തു.
       “നിന്നേക്കെ കൊണ്ട് നല്ല പണിയായിട്ടുണ്ട്. എന്തെരെടാ ജീവിക്കാൻ സമ്മതിക്കൂല്ലേ. നീയൊക്കെ കാരണമൊള്ള നശിച്ച നൈറ്റ് ഡ്യൂട്ടി കാരണം പെണ്ണുമ്പിള്ളേടെ സന്നിധാനം ചൊവ്വേ കണ്ട കാലം മറന്നു.”
       ‘സത്യമാണ് സാർ’ എന്ന് മാത്രം പറഞ്ഞവൻ ഏങ്ങികരഞ്ഞുകൊണ്ടിരുന്നു. കൊലുസ്സുകളും മൂക്കുത്തിയും എവിടുന്ന് കിട്ടിയെന്നതിനു, അനിയത്തിയുടേതാണ് എന്ന് മാത്രം ആവർത്തിച്ചു പറഞ്ഞു. ഞങ്ങളതു വിശ്വസിച്ചില്ല. കൂടുതൽ ചോദിച്ചു സമയം കളഞ്ഞിട്ടു കാര്യവുമില്ല. ചോദ്യം ചെയ്യൽ പെട്ടെന്നവസാനിപ്പിച്ചു.
       നാട് ചോദിച്ചാൽ വരണാസിയെന്നോ മണികർണികയെന്നോ എന്നല്ലാതെ കൂടുതലൊന്നുമറിയാത്തവനോട്, വീടുണ്ടോ? റേഷൻ കാർഡ് ഉണ്ടോ? സ്വന്തമായി ഭൂമിയുണ്ടോ? എന്നൊന്നും ചോദിച്ചിട്ടൊരുകാര്യവും ഇല്ല. എന്നാലും അതൊക്കെ അവനോടു ചോദിച്ചു. കാരണം ഞങ്ങൾക്ക് താല്പര്യം ഹാരിസ് ചൗധരിയെ ഇൻഡ്യാക്കാരനായി കാണാനല്ലായിരുന്നു. അവനെ ബംഗ്ലാദേശി ചൗധരിയാക്കാനായിരുന്നു ശ്രമം. ബംഗ്ലാദേശും മുസ്ലീം പേരും. നുഴഞ്ഞു കയറ്റം ആരോപിച്ചു അകത്താക്കാൻ അതാണൊരു വകുപ്പ്.
       പട്ടിൽ പൊതിഞ്ഞ കൊലുസ്സുകളും മൂക്കുത്തിയും അവനൊപ്പം നീണ്ട ദുരൂഹതയുടെ നിഴലിനു നീളം കൂട്ടി. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായാണ് ഹാരിസിനെ വരണാസിക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത്. കാശിയാത്രയെന്ന സ്വാർത്ഥം സാധിച്ചെടുക്കാൻ സാറിനു കുറെ ഉഴിച്ചിലും പിഴിച്ചിലുമൊക്കെ ചെയ്തു കൊടുക്കേണ്ടി വന്നു; വാക്ക് കൊണ്ട്. ഒടുവിൽ കാര്യങ്ങൾ വിചാരിച്ചപോലെ തന്നെ ഒത്തുകിട്ടി.
       റിട്ടയർ ചെയ്ത ശേഷം പോണമെന്നായിരുന്നു. സർവീസിലിരുന്നപ്പോൾ ചെയ്തത് ഉൾപ്പെടെയുള്ള പാപങ്ങൾ അതോടെ തീരുമല്ലോ. ദശാശ്വമേധാഘട്ടിലെ ആരതിയും ഒന്നു കാണണം. 
       അങ്ങിനെ സ്വന്തം താൽപര്യങ്ങൾക്കു മുൻതൂക്കം കൊടുത്തുതന്നെ യാത്ര പ്ലാൻ ചെയ്തു. അന്വേഷണം രണ്ടാം ദിവസത്തേക്കു മാറ്റി.
       യാത്രയുടെ ഇടവേളകളിൽ കൈവിലങ്ങിന്റെ പാതി ഞങ്ങൾ മാറി മാറി കെട്ടി വിലങ്ങിന്റെ അസ്വാതന്ത്ര്യത്തിൽ നിന്നും താൽക്കാലിക മോചനം നേടി. അത് പോലീസുകാരൻ അർഹിക്കുന്നതുമാണ്. അല്ലെങ്കിൽ കള്ളനും പോലീസിനും തമ്മിലെന്ത് വ്യത്യാസം?
       മൂന്നാം ദിവസം മടങ്ങുമ്പോൾ ആ യാത്രയും അന്വേഷണവും വല്ലാതെ മനസ്സുമാറ്റിയിരുന്നു. അതുവരെയുണ്ടായിരുന്ന ധാരണകളും വിശ്വാസങ്ങളും കീഴ്മേൽ മറിഞ്ഞു. അന്നുവരെ പുച്ഛത്തോടെയും പരിഹാസത്തോടെയുമായിരുന്നു നാട്ടിലെ എല്ലാ ബംഗാളി ജോലിക്കാരനെയും കണ്ടിരുന്നത്. അറിഞ്ഞു കഴിഞ്ഞപ്പോൾ അതിലൊരാളിന്റെ ജീവിതം തന്നെ  ഉൾക്കൊള്ളാവുന്നതിലും അധികമായിരുന്നു.
       ദശാശ്വമേധഘട്ട്. പ്രാക്തന മിനാരങ്ങളുടേയുടെയും കെട്ടിടങ്ങളുടെയും നരച്ച പിന് തിരശീല. മുന്നിലെ പടവുകളിലൊന്നിൽ സന്ധ്യക്ക് അവനെയുമൊപ്പമിരുത്തി മുന്നിൽ ബ്രാഹ്മണ്യത്തിന്റെയും  ജാതിധർമത്തിന്റെയും  പരോക്ഷമായ പുനഃസ്ഥാപനം ആരതിയിലുടെ കണ്ടതിലുള്ള ജാള്യത മടക്കയാത്രയിൽ തിരിച്ചറിഞ്ഞു. രംഗാവിഷ്കാരം പോലെ തോന്നിച്ച ആരതി കാണുമ്പോൾ അവനെ ശ്രദ്ധിച്ചിരുന്നില്ല. അവനതു കാണുന്നുണ്ടായിരുന്നോ? തിരികെയാത്രയിൽ കൗതുകത്തോടെ ചിന്തിച്ചു. ഏയ് അവനതൊന്നും കണ്ടിട്ടുണ്ടാവില്ല. ഒന്ന് തീർന്നു കിട്ടിയിരുന്നെങ്കിൽ എന്ന് പ്രാകി കുനിഞ്ഞിരുന്നു കാണും.
       മണികർണികാഘട്ടിൽ, ഹാരിസിന്റെ കഥയറിയാനും നിരപരാധിത്വം ബോധ്യപ്പെടാനും അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല.
       ഡോമുകൾ. ഘട്ടിനു പുറകിൽ ഗലികളിലെ ഒറ്റ മുറി വീടുകളിൽ ഒറ്റപ്പെട്ടവർ. ഉണർന്നു എന്നറിയുന്നത് ഉറങ്ങുമ്പോളറിയാത്ത കത്തുന്ന ശവങ്ങളുടെ മടുപ്പിക്കുന്ന ഗന്ധമാണ്. കണ്ണിലിരുട്ടു കേറുമ്പോഴാണ് കറുത്ത പുക കാണാതെ വരിക. അതാണവരുടെ ഉണർച്ചയും ഉറക്കവും. ശവങ്ങൾക്കു മാത്രം ഉടമകളായവർ. അവക്കിടയിൽ ജീവിതം തിരയുന്ന തൊട്ടുകൂടാ ജന്മങ്ങൾ.
       ഡോം റാണിയാവുന്ന ആദ്യത്തെ സ്ത്രീയായിരുന്നു ഹാരിസിന്റെ അമ്മ രാധാബായി. ചെറുപ്പത്തിലേ വിധവയായ  അവർ കുറച്ചുകാലം ഭർത്താവിന്റെ വീട്ടിൽ തുടർന്നു. ജീവിതം വഴിമുട്ടിയപ്പോഴാണ് വീടുവിട്ടിറങ്ങി അടച്ചിട്ടിരുന്ന സ്വന്തം വീട്ടിലേക്കു കുട്ടികളുമായി ഇറങ്ങിപ്പോയത്. എതിർപ്പുകളെ  നേരിട്ടു തന്നെ അയാളുടെ ജോലി ഏറ്റെടുത്തു മുന്നോട്ടു പോകാതെ  നിവൃത്തിയില്ലെന്നായിരുന്നു.
       അതുകൊണ്ടുതന്നെയാണ് ആ രാത്രി അവർ കൊല്ലപ്പെട്ടതും പതിനൊന്നുകാരി മകൾ ലളിത കാണാതായതും.
       അന്നു രാത്രിയും പിറ്റേന്ന് പുലർച്ചെയും ഉണ്ടായതൊക്കെ അവൻ പറയുന്നതോടൊപ്പം അവ നടന്ന സ്ഥലങ്ങൾ ഞങ്ങൾ ഒപ്പം നടന്നു കണ്ടു. സംശയങ്ങൾ ചിലരോട് ചോദിച്ചു മനസിലാക്കി.
       കൊല നടന്ന സമയം ഒന്നുമറിയാതെയവൻ അമ്മക്ക് പകരക്കാരനായി ചിതകളുടെ ബാല്യകൗമാരവർദ്ധക്യങ്ങൾക്കിടയിലായിരുന്നു. അന്ന് പതിമൂന്നു വയസ്സേ ഉണ്ടായിരുന്നെങ്കിലും മദ്യപിച്ചിരുന്നു. അതില്ലാതെ ആ ജോലി ചെയ്യാനും കത്തുന്ന ശവങ്ങൾക്കു രാത്രി മുഴുവൻ കാവലിരിക്കാനും കഴിയില്ലത്രേ. പട്ടികൾ പോലും ചിതയണഞ്ഞ ശേഷമേ എത്താറുള്ളു. ഗുഡ്കയും ചാരായവും. അതാണ് പത്ഥ്യം. ചോദിക്കാതെയവൻ പറഞ്ഞ മറ്റൊരു കാര്യം ഞെട്ടിച്ചു കളഞ്ഞു. കൂടെ ജോലിചെയ്യുന്നവർക്ക് ദിവസവും ഇരുനൂറ്റി അൻപതിന്റെ എട്ടു കുപ്പികൾ, അതായതു രണ്ടു ലിറ്റർ ചാരായം വരെ വേണ്ടി വരുമത്രെ. എന്റെ കണ്ണുകൾ പുറത്തേക്കു തള്ളിവന്നു. അതുവരെ യാത്രയിൽ വല്യ പ്രശ്നം ഇല്ലാതിരുന്ന മുരുകന് അതോടെ വീണ്ടും ഇക്കിൾ ശല്യമുണ്ടായി. വീണ്ടും സെക്കൻഡ് സൂചിയുടെ താളത്തിൽ ഇക്കിൾ പൂക്കൾ ദേഹമാകെ പൂത്തുലഞ്ഞു. ഒരഞ്ചു മിനിറ്റ് നേരം.

       ചിത കത്തി തീർന്നെന്നും അവിടം തൂത്തുവാരി വൃത്തിയാക്കിയെന്നും ഉറപ്പിച്ച ശേഷം പുലർച്ചെയാണ്,  ബാക്കി വന്ന പാതി കത്തിയ കുറെ വിറകും എടുത്തു കൂട്ടുകാർക്കൊപ്പം കഴിക്കാനിരുന്നത്. ലഹരിയും ക്ഷീണവും കാരണം അവിടെ കിടന്നുറങ്ങിപ്പോയി.
       രാവിലെ കൂട്ടുകാർ വിളിച്ചുണർത്തിയാണ് വിവരം അറിയുന്നത്. 
       പാതികരിഞ്ഞു നഗ്നയായ അമ്മയുടെ ശവം കണ്ട സ്ഥലത്തു വച്ച് ഇതൊക്കെ പറയുമ്പോൾ അവൻ കരഞ്ഞിരുന്നില്ല. 
       ഓടി വീട്ടിലെത്തുമ്പോൾ വീടിന്റെ ഒറ്റവാതിൽ തുറന്നു കിടന്നിരുന്നു. പക്ഷെ അനിയത്തി ലളിത അവിടെയുണ്ടായിരുന്നില്ല. അവളുടെ കല്യാണത്തിന് കൂട്ടി വച്ചതായിരുന്നു മൂക്കുത്തിയും കൊലുസ്സും. അതുപറയുമ്പോൾ അവൻ ചെറുതായി ചിരിക്കാൻ ശ്രമിച്ചു. ആ സമയം ഉള്ളിലെ സങ്കടങ്ങൾ കണ്ണുകളിൽ ഉരുൾപൊട്ടാൻ തുടങ്ങുന്നത് അവനറിഞ്ഞില്ല. അടുത്തനിമിഷം ഏങ്ങലടിച്ചു കരയാൻ തുടങ്ങി. അണഞ്ഞ ചിതകളിൽ  വീണ്ടും വീണ്ടും തപ്പി വിലയുള്ളതൊന്നും കൈപ്പറ്റാതെ പോയിട്ടില്ല എന്നുറപ്പു വരുത്താനുള്ള നിരന്തരമായ തെരച്ചിലിൽ തടഞ്ഞതാണ് മൂക്കുത്തിയും കൊലുസ്സുകളും. കരച്ചിലിനിടയിൽ പറഞ്ഞൊപ്പിച്ചു.
       കൂട്ടുകാരോട് സ്വന്തം നിസ്സഹായത കൈമാറുമ്പോൾ അവർ മറ്റൊരു സത്യം അവനെയറിയിച്ചു. അടുത്തയിര അവനാണ്. അതുകൊണ്ടു സ്ഥലം വിട്ടു പൊയ്ക്കൊള്ളാൻ. അവർ തന്നെയവനെ പകൽ മുഴുവൻ ഒളിപ്പിച്ചുവെച്ചു . രാത്രി തിരിച്ചു വീട്ടിൽ വന്നു. കിട്ടാവുന്നതു മുഴുവൻ പെറുക്കി പെട്ടിയിലിട്ടു. കൂട്ടുകാരാണ് രാത്രി ട്രെയിനിൽ കയറ്റി വിട്ടത്, എങ്ങോട്ടെന്നറിയില്ലായിരുന്നു.
       തിരിച്ചുള്ള തീവണ്ടിയാത്രയിൽ മുരുകൻ, അറിഞ്ഞ കാര്യങ്ങളിൽ ഒട്ടും താൽപ്പര്യം കാണിക്കാതെ വല്ലപ്പോഴുമുള്ള ഇക്കിൾ വെള്ളം കുടിച്ചു പിടിച്ചു നിറുത്തുന്നതിൽ മാത്രം ശ്രദ്ധിച്ചു. ചന്ദ്രശേഖരൻ സാറാവട്ടെ തീവണ്ടിയുടെ ഉൾച്ചൂടിനെ പറ്റി ഇടക്കിടെ പരാതി പറഞ്ഞു. ചിലപ്പോൾ യാത്രക്കാരെ നിരീക്ഷിക്കാനെന്നോണം സീറ്റിൽ നിന്നും എണീറ്റു കമ്പാർട്ടുമെന്റിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു. പിന്നെ കുറെ ഉറങ്ങിയും മാസികകൾ മറിച്ചു നോക്കിയും സമയം കളഞ്ഞു. കൈവിലങ്ങിന്റെ മറുപാതി കൂടുതൽ സമയവും എന്റെ കയ്യിൽ തന്നെയായിരുന്നു. യാത്രയിലെപ്പോഴോ അതിന്റെ പൂട്ടഴിച്ചു അവനെ സ്വാത്രന്ത്രനാക്കി. അവനിൽ വിശ്വാസമായിരുന്നു. പറഞ്ഞതെല്ലാം സത്യമെന്നും.
       കൂടുതൽ അലിവോടെ പെരുമാറാൻ മനഃപൂർവം ശ്രമിച്ചു. അതുകാരണമാവും എപ്പോഴോ, ഞങ്ങൾ രണ്ടു പേരും മാത്രമായ സമയം അവൻ കെഞ്ചി ചോദിച്ചു:
       “സാറേ, ആ കൊലുസ്സും മൂക്കുത്തിയും ഞാനെടുത്തോട്ടെ?”
        ഒന്നുമാലോചിക്കേണ്ടിവന്നില്ല. എന്നിലെ കോൺസ്റ്റബിൾ അവനെ വിലക്കി.
        “തൊണ്ടി മൊതലല്ലേ. അങ്ങിനെ തരാൻ പറ്റുവോ? കോടതിയില് തിരിച്ചു കൊടുക്കേണ്ടതാണത്.”
       മനസ്സില്ലാമനസ്സോടെയെങ്കിലും അതിനുമവൻ ശരിയെന്ന മട്ടിൽ തലയാട്ടി.
       ഹാരിസ് രക്ഷപ്പെടണം എന്ന കാര്യത്തിൽ ഞങ്ങൾക്കെല്ലാം ഒരേ അഭിപ്രായമായിരുന്നു. കാരണം അവൻ പറഞ്ഞതെല്ലാം കാണിച്ചുതന്നതെല്ലാം പകൽ പോലെ നേരായിരുന്നു. അങ്ങിനെ തന്നെയാണ് റിപ്പോർട്ട് തയ്യാറാക്കിയതും. കോടതി വെറുതെ വിടും എന്നും ഉറപ്പായിരുന്നു.
        പക്ഷെയെന്തോ അവന്റെ ചോദ്യം എന്റെ ഉറക്കം കളഞ്ഞു. കൊലുസ്സുകളും മൂക്കുത്തിയും ആ ചെറുപ്പക്കാരന്റെ ഭൂതകാല ശേഷിപ്പാണ്. വേദനിപ്പിക്കുന്നതെങ്കിലും ബാക്കി നിൽക്കുന്ന ഒരേയൊരോർമയാണ്. അത് തിരിച്ചു കൊടുക്കാനായില്ലല്ലോ.
       കുറ്റവിമുക്തനാക്കാനുള്ള അപേക്ഷയോടൊപ്പം റിപ്പോർട്ടും തൊണ്ടി മുതലും കോടതിക്കു കൈമാറി.അവനെ വെറുതെ വിട്ടാലും, കൊലപാതക കേസു വിധിയാവും വരെ തൊണ്ടിയായി കണ്ടെടുത്തവ കോടതിയുടെ കൈവശമാണ്. അതുകൊണ്ടു തന്നെ പുറത്തിറങ്ങിയാലും  ഉടനെയെങ്ങും ആ കൊലുസ്സും മൂക്കുത്തിയും അവനു കൈവശം കിട്ടില്ല.
      ഒരു വെള്ളിയാഴ്ച. ഉച്ച കഴിഞ്ഞു രണ്ടു മണിയോടെയാണ് ഹാരിസ് കോടതിയിൽ നിന്നും പുറത്തു വന്നത്. വരാന്തയിൽ ഞാൻ കാത്തു നിന്നിരുന്നു. വലതു കൈയ്യിൽ പെട്ടി. അതിൽ അവനു ഏറ്റവും വേണ്ടതു മാത്രം ഉണ്ടാവില്ല. അറിയാമായിരുന്നു.
    എന്നെ കണ്ടതും രണ്ടു കയ്യും കൂട്ടി തൊഴുതു. ചെറുതായി ചിരിച്ചു. വരട്ടെയെന്ന മട്ടിൽ തലയാട്ടി. പടികളിറങ്ങി ഗേറ്റിനു നേർക്കു നടന്നു. കുറച്ചു  പിന്നിലായി ഞാനും. കോടതി ഗേറ്റു കടന്നു റോഡിലേക്കിറങ്ങി. 
      “ഏയ് നിൽക്ക്”, പുറത്തിറങ്ങിയശേഷം ഹാരിസിനെ വിളിച്ചു. അവൻ തിരിഞ്ഞുനിന്നു. അടുത്തേക്ക് വരാൻ കൈകാണിച്ചു. ചെറിയൊരു പരിഭ്രമത്തോടെ വേഗത്തിൽ അടുത്ത് വന്നു. ചുറ്റിലും ഒന്ന് കണ്ണോടിച്ചു. ആരുമില്ല. പെട്ടെന്ന് പാന്റിലെ പോക്കറ്റിൽ കൈയ്യിട്ടു കടലാസ്സു പൊതി പുറത്തെടുത്തു. അത് അവന്റെ കൈവെള്ളയിൽ  വച്ചു. എന്നിട്ട്  അവന്റെ വിരലുകൾ അതിന്മേലമർത്തിയടച്ചു പറഞ്ഞു:
       “പൊക്കോ”
       ഹാരിസിന് കാര്യം മനസ്സിലായിക്കാണണം. മുഖത്തെ സന്തോഷം കണ്ടാൽ അങ്ങിനെ തോന്നും. കസ്റ്റഡിയിലെടുത്ത ശേഷം ആദ്യമായി അവന്റെ കണ്ണുകളിൽ ഇത്തിരി വെട്ടം കണ്ടു. പരിസരം മറന്നെന്റെ  പാദങ്ങളിൽ തൊടാനായി കുനിഞ്ഞു . അതിനു സമ്മതിക്കാതെ രണ്ടു കൈകളിലും പിടിച്ചുയർത്തി. ചുറ്റും ഒന്നുകൂടി നോക്കിയിട്ടു പറഞ്ഞു.
      “ജൽദി.. ജൽദി ജാവോ.”
       ഹാരിസ് റോഡിനൊരുവശത്തേക്കു തിരിഞ്ഞു നടക്കാൻ തുടങ്ങി, എങ്ങോട്ടെന്നില്ലാതെ. പതിയെ ഉച്ചസൂര്യന്റെ ഉഷ്ണകയത്തിലേക്കവൻ മുങ്ങാം കുഴിയിട്ടു. വെയിലോളങ്ങളിൽ ഒരു പൊങ്ങുതടിയായി അകലുന്നത് നോക്കിനിന്നു. കണ്ണിലിരുട്ടു കേറും വരെ. 
      ആ കൊലുസ്സുകളും മൂക്കുത്തിയും കോടതിയിലിരിക്കേണ്ടതല്ല. സ്റ്റേഷനിലേക്കു നടക്കുമ്പോൾ മനസ്സ് പറഞ്ഞു. അത് അവന്റെ കൈവശം വേണ്ടതാണ്. നിസ്സഹായതയിൽ കൂട്ടായി. കാണുമ്പോൾ പെട്ടെന്നൊരു മരണമോ വിലാപമോ ഒക്കെയാവും ഉള്ളിൽ നിറയുക. എങ്കിലും പോയകാലത്തെയോ നഷ്ടപ്പെട്ടവരെയോ കുറിച്ചുള്ള എന്തെങ്കിലും നല്ലൊരോർമ എന്നെങ്കിലും കണ്ടെത്താൻ അതുപകരിച്ചേക്കും.
       യാത്ര കഴിഞ്ഞെത്തി രണ്ടു മൂന്നു ദിവസം കഴിഞ്ഞു കാണും. ദിവാകരന്റെ കടയിൽ നിന്നും മോക്കെന്നും പറഞ്ഞു രഹസ്യമായി വാങ്ങിയ കൊലുസ്സുകളും മൂക്കുത്തിയും തൊണ്ടിയായി പകരം വച്ച് ആദ്യമായി കള്ളത്തരം കാട്ടി. അതേ മട്ടിലും തൂക്കത്തിലും തന്നെ പണിയിച്ചു കിട്ടി. അവൾടെ കൂട്ടുകാരീടേതാണെന്നും, അത് കണ്ടുള്ള പൂതിയാണെന്നുമൊക്കെ തട്ടിവിട്ടു. ദിവാകരന് എല്ലാ പോലീസുകാരേയും ബഹുമാനവും വിശ്വാസവുമായിരുന്ന കാരണം വേറെ ചോദ്യങ്ങൾ ഉണ്ടായില്ല.
       അന്ന് രാത്രി കിടക്കുമ്പോൾ വെറുതെ ആലോചിച്ചു. എങ്ങോട്ടായിരിക്കും അയാൾ പോയിട്ടുണ്ടാവുക? അമ്മയെയും അനിയത്തിയേയും എന്നെന്നേക്കുമായി അയാളിൽ നിന്നും പറിച്ചെടുത്തു അനാഥനാക്കിയ മണികർണികാഘട്ടിന്റെ ഇരുളകങ്ങളിലേക്കോ? അതോ അമ്പതു രൂപ കിട്ടേണ്ടിടത്തു അഞ്ഞൂറ് കിട്ടുന്ന കേരളത്തിൽ തന്നെ മറ്റെവിടേക്കെങ്കിലുമോ? എവിടെയെങ്കിലും പോയി ജീവിക്കട്ടെ. ഒരു സമാധാനമുണ്ട് അവസാനമായി ചോദിച്ചത് കൊടുക്കാനായല്ലോ. പിന്നെയും എന്തൊക്കെയോ ഓർത്തു കിടന്നു. പിന്നീടെപ്പോഴോ ഉടഞ്ഞ ദേഹവും മുറിപ്പെട്ട മനസ്സുമായി അവൻ നടന്നകലുന്ന കാഴ്ച്ചയിൽ ഉറങ്ങിക്കാണണം.

എസ്. അനിലാൽ, ചിക്കാഗോ   

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.