PRAVASI

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കർശന ഉപാധികളോടെ; അന്വേഷണ സംഘത്തിന് പിഴവ് പോറ്റിക്ക് ഗുണമായി

Blog Image

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക കേസിൽ കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കർശന ഉപാധികളോടെ. കേസിലെ പ്രധാന കേന്ദ്രമായ പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്.കേരളം വിട്ടു പോകാൻ പാടില്ല. ഇതിന്റെ ഭാഗമായി പ്രതിയുടെ പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം.കേസിലെ സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ യാതൊരു വിധത്തിലുള്ള ശ്രമങ്ങളും പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതികൾക്ക് സ്വാഭാവിക നീതിക്ക് അർഹതയുണ്ടെന്ന സുപ്രീം കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിഭാഗം ജാമ്യാപേക്ഷ നൽകിയത്. അന്വേഷണം പൂർത്തിയാകാത്തതിനാലാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകിയതെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. കൃത്യസമയത്ത് പ്രാഥമിക കുറ്റപത്രമെങ്കിലും സമർപ്പിക്കാത്തത് അന്വേഷണ സംഘത്തിന് തിരിച്ചടിയായി.

ദ്വാരപാലക കേസിൽ ജാമ്യം ലഭിച്ചെങ്കിലും ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉടൻ ജയിൽ മോചിതനാകാൻ കഴിയില്ല. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട മറ്റ് കേസുകളിൽ കൂടി പ്രതിയായതിനാൽ ഇദ്ദേഹം ജയിലിൽ തന്നെ തുടരേണ്ടി വരും. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസുകളിൽ പോറ്റിക്ക് ലഭിക്കുന്ന ആദ്യ ജാമ്യമാണിത്. അതിനിടെ, ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളും ശക്തമാണ്. പോറ്റിയുടെ വീട്ടിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശനം നടത്തിയെന്ന ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. എന്നാൽ, രാഷ്ട്രീയ പ്രേരിതമായ ആരോപണമാണിതെന്നും ഒരു തവണ മാത്രമാണ് സന്ദർശനം നടത്തിയതെന്നുമാണ് കടകംപള്ളി സുരേന്ദ്രന്റെ വിശദീകരണം.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.