വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ചടങ്ങുകൾക്ക് കർശന നിർദേശങ്ങളുമായി രാജ്ഭവൻ (ലോക്ഭവൻ). സത്യപ്രതിജ്ഞാ വേദിയിൽ ഗവർണറും മുഖ്യമന്ത്രിയും നിയോഗിക്കപ്പെട്ട മന്ത്രിമാരും മാത്രമേ ഉണ്ടാകാൻ പാടുള്ളൂ എന്നാണ് നിർദേശം. മറ്റാർക്കും വേദിയിൽ പ്രവേശനമുണ്ടാകില്ലെന്നും ഈ നിർദേശപ്രകാരമുള്ള ക്രമീകരണങ്ങൾ സ്റ്റേജിൽ ഉറപ്പാക്കണമെന്നും അധികൃതർ അറിയിച്ചു.
ഇതോടെ മറ്റു പ്രമുഖരും രാഷ്ട്രീയ നേതാക്കളും സദസ്സിലായിരിക്കും ഇരിക്കുക. ക്ഷണിക്കപ്പെട്ട വിശിഷ്ട അതിഥികൾക്കായി പ്രത്യേകം പവലിയൻ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമേ സ്റ്റേഡിയത്തിന്റെ വശങ്ങളിലുള്ള ഗ്യാലറികളിലും പൊതുജനങ്ങൾക്ക് ചടങ്ങ് വീക്ഷിക്കാനായി വിപുലമായ പന്തലുകൾ സജ്ജീകരിച്ചിട്ടുണ്ട്.നാളെ രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. സ്റ്റേഡിയത്തിൽ ഇതിനായുള്ള അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഏകദേശം അമ്പതിനായിരം പേരെ ഉൾക്കൊള്ളാൻ തക്കവണ്ണമുള്ള പന്തലാണ് സ്റ്റേഡിയത്തിൽ തയ്യാറാക്കിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് ചടങ്ങുകൾ തത്സമയം കാണുന്നതിനായി നഗരത്തിലെ ആറ് കേന്ദ്രങ്ങളിൽ എൽഇഡി വാളുകളും സ്ഥാപിക്കും. ചടങ്ങിനോടനുബന്ധിച്ച് നാളെ തിരുവനന്തപുരം നഗരത്തിൽ പ്രത്യേക ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

