1998 ൽ ഏഷ്യാനെറ്റ് ജേർണലിസ്റ്റ് ട്രയിനികളെ ക്ഷണിച്ച കാലം. മലയാളം വാർത്തയിൽ ( USA ) യിൽ എഡിറ്ററായി പ്രവർത്തിച്ചു തുടങ്ങിയ സമയമായിരുന്നു അത്. എങ്കിലും അപേക്ഷ അയച്ചു. തിരുവനന്തപുരത്ത് പരീക്ഷ. അഭിമുഖത്തിന് വിളിച്ചു. 12. 30 ന് എഡിറ്റോറിയൽ ഓഫീസിൽ അഭിമുഖം. ഞാൻ തിരുവനന്തപുരത്ത് ചെന്ന് ഏഷ്യാനെറ്റ് ഓഫീസിലേക്ക് ഓട്ടോ വിളിച്ചു. ആയുർ വേദ കോളജിനടുത്തുള്ള ബ്യൂറോ ഓഫീസിൽ കൊണ്ടു വിട്ടു ഓട്ടോക്കാരൻ. അപ്പോഴേക്കും ഏതാണ്ട് 12 മണിയായി.
അവിടെ ഉണ്ടായിരുന്ന ഒരാൾ വിശദമായ വഴി പറഞ്ഞു തന്നു. കണ്ണാടിയിലൂടെ നിരവധി വിഷയങ്ങൾ നമ്മുടെ മുൻപിൽ എത്തിച്ച ജയചന്ദ്രൻ സർ ആയിരുന്നു ആ വ്യക്തിയെന്ന് പിന്നീട് മനസിലായി. ഓടി അഭിമുഖത്തിനെത്തിയത് ടി. എൻ. ഗോപകുമാർ സർ, നീലൻ , ബി. ആർ ബി ഭാസ്കർ , എൻ. പി. ചന്ദ്രശേഖർ, സി. എൽ തോമസ് തുടങ്ങിയ വൻ മാധ്യമ ഭീമൻമാരുടെ മുൻപിൽ. ഞാൻ എഡിറ്റ് ചെയ്ത മലയാളം വാർത്ത പത്രത്തിൻ്റെ കോപ്പികൾ ഒക്കെ കാണിച്ചു. ഞാൻ പരീക്ഷ എഴുതിയ പേപ്പർ എടുത്തിട്ട് ടി. എൻ. ഗോപകുമാർ സർ ചോദിച്ചു " എങ്ങനെ ഇങ്ങനെ എഴുതുന്നു . നല്ല കൈയ്യക്ഷരം ". അല്പം ഗമയിൽ ഞാൻ " പണ്ടു മുതലേ ഇങ്ങനെയാ എഴുതുന്നത് എന്ന് പറഞ്ഞു. വ്യക്തിപരമായ ചോദ്യങ്ങൾ ആയിരുന്നു പലതും. അഭിമുഖം കഴിഞ്ഞ് തിരികെ പോരുമ്പോഴും ഒരു ചാനൽ ജോലിയെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. അന്ന് തിരുവല്ലയിൽ പ്രസ്സ് ക്ലബ്ബിലൊക്കെ സജീവവുമായിരുന്നു. വീണ്ടും ഒരു ലെറ്റർ വന്നു ജോയിൻ്റ് ചെയ്യാൻ . പക്ഷെ പോയില്ല. കിരീടത്തിൽ ജഗതി പറഞ്ഞതു പോലെ " മേലുദ്യോഗസ്ഥർ ഭരിക്കുന്നത് " അത്ര ഇഷ്ടമല്ലാത്തതാണ് പ്രധാന കാരണം. നമ്മെ കൂടി അംഗീകരിക്കുന്ന മേലുദ്യോഗസ്ഥരാണ് എൻ്റെ കിനാശ്ശേരി. ആലോചിച്ചപ്പോൾ ഒരു പത്രത്തിൻ്റെ മുഴുവൻ പണികളും ഒറ്റക്ക് ചെയ്ത് 40 പേജുകൾ അമേരിക്കയ്ക്ക് ആഴ്ചതോറും അയക്കുന്നുണ്ട്. ശമ്പളവും കിട്ടുന്നുണ്ട്. ചാനൽ മത്സരങ്ങൾ വന്നാൽ നല്ല പണിയും കിട്ടും. ആ ജോലി ഒഴിവാക്കി എന്നു മാത്രമല്ല പിന്നീട് ഒരു പത്ര സ്ഥാപനത്തിലേക്കും അപേക്ഷ അയക്കാനും പോയില്ല. പിന്നീട് 2006 ൽ ഫൊക്കാനയുടെ കേരളാ കൺവൻഷനോട് അനുബന്ധിച്ച് നടന്ന മാധ്യമ അവാർഡ് തീരുമാനിക്കുന്ന കമ്മറ്റിയിൽ അംഗമായി. അന്ന് 3 പേരുകൾ വന്നതിൽ സി. എൽ. തോമസ് , എൻ. പി. ചന്ദ്രശേഖരൻ , ടി. എൻ ഗോപകുമാർ സർ എന്നിവരുടെ പേരുകളിൽ നിന്ന് ടി. എൻ സാറിനും കണ്ണാടിക്കും കൊടുക്കാൻ തീരുമാനിച്ചത് ഞാനും അന്നത്തെ സെക്രട്ടറി ജോൺ ഐസക്കും കൂടി ആയിരുന്നു. ചലച്ചിത്ര മീഡിയ അവാർഡ് കമ്മറ്റി കോ- ഓർഡിനേറ്ററും ഞാനായിരുന്നു. കൊച്ചി ടാജ് ഹോട്ടലിൽ എത്തിയ ടി.എൻ സാറിൻ്റെ കൈ പിടിച്ചപ്പോൾ സർ പറഞ്ഞു "നീ ഏഷ്യാനെറ്റിൽ ഇൻ്റർവ്യൂവിന് വന്നതല്ലേ " എന്ന് ചോദിച്ചു. ആ ഒരു ദിവസം ഒരിക്കലും മറക്കില്ല. സുകുമാരി ചേച്ചി , സുരേഷ് കൃഷ്ണ , പ്രിയ രാമൻ , നടൻ കൃഷ്ണ, കെ. ആർ പ്രമോദ് ( മാതൃഭൂമി ) എന്നിവരുമായി ഒരു നല്ല ദിവസമായിരുന്നു അന്ന്. ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടന് സമഗ്ര സംഭാവനയ്ക്ക് ഒരു പുരസ്കാരവും നല്ലൊരു തുകയും ഫൊക്കാനയെ കൊണ്ട് നൽകുവാനും അന്ന് സാധിച്ചു. സത്യൻ അന്തിക്കാടായിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടന് വേണ്ടി ആ അവാർഡ് അന്ന് സ്വീകരിച്ചത്.
ടി. എൻ സാറുമായി ഉണ്ടായ ദൃഢമായ ബന്ധം അദ്ദേഹം ക്ഷണിച്ചിട്ട് തിരുവനന്തപുരത്ത് കണ്ണാടിയുടെ അറുന്നൂറാം എപ്പിസോഡ് പരിപാടിക്കും പോകാൻ സാധിച്ചു. ക്രൈസിസ് ജേർണലിസത്തിൻ്റെ ആശങ്കകൾ പങ്കു വെച്ച ടി. എൻ സർ നടത്തിയ പ്രസംഗം എനിക്ക് വലിയ ഒരു പാഠമായിരുന്നു. അന്ന് അദ്ദേഹം പറഞ്ഞ ഒരു വാചകം ഞാൻ ഇന്നും ഓർമ്മിക്കുന്നു . പെൺവാണിഭ കേസിൽ പ്രതിയായ വ്യക്തിയുടെ പിതാവ് മികച്ച അദ്ധ്യാപകനുള്ള രാഷ്ട്രപതിയുടെ മെഡൽ വാങ്ങിയ ആളാണ് എന്നാണ് ഇപ്പോഴത്തെ വാർത്തയിൽ വരിക എന്ന്. ക്രൈസിസ് ജേർണലിസത്തിൻ്റെ ഭീകരത ഞാൻ ഈ വാക്കിൽ എന്നുമോർക്കും.
പിന്നീട് 2006 ൽ ഏഷ്യാനെറ്റ് യു എസ് എ തുടങ്ങിയപ്പോൾ ഏഷ്യാനെറ്റ് പ്രോഗാമുകൾ അമേരിക്കൻ മലയാളികൾക്കിടയിൽ എത്തിക്കാൻ ഒരു മാസിക തുടങ്ങി. ഫ്ലോളിറഡയിലെ മാധ്യമപ്രവർത്തകൻ മാത്യു വർഗീസ് , ഏഷ്യാനെറ്റ് അമേരിക്കൻ ഇൻ ചാർജ് സുരേഷ് ബാബു എന്നിവരുടെ ക്ഷണപ്രകാരം മലയാളം വാർത്ത വിട്ട് ഏഷ്യാനെറ്റ് മലയാളം ടി.വി മാഗസിനിൽ ഓവർസീസ് എഡിറ്ററായി ജോയിൻ ചെയ്തു. പരിപൂർണ്ണ' സ്വാതന്ത്ര്യം ഉണ്ടായിരുന്ന ജോലി. അത് മറ്റൊരു നിയോഗം. ഏഷ്യാനെറ്റ് പ്ലസിൻ്റെ ചാർജ് ഉണ്ടായിരുന്ന എം. ആർ രാജൻ സാറായിരുന്നു ഇവിടുത്തെ ചുമതല.സാറുമായി ചേർന്ന് ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്യുന്ന നിരവധി പരിപാടികളെ കുറിച്ച് ഏറെ എഴുതി. അക്കാലത്തായിരുന്നു രാജീവ് ചന്ദ്രശേഖർ ഏഷ്യാനെറ്റ് ഏറ്റെടുക്കുന്നത്. ഒരു വർഷം കൊണ്ട് അമേരിക്കൻ മലയാളി കുടുംബങ്ങളുടെ താരമായി ഏഷ്യാനെറ്റ് മാറിക്കഴിഞ്ഞു. പുതിയ സെറ്റ് ബോക്സ് പ്ലാറ്റ് ഫോം വന്നതോടെ പ്രമോഷൻ പ്രോഗ്രാമുകൾ അവസാന സ്റ്റേജിലേക്ക് എത്തി. അപ്പോൾ ഏഷ്യാനെറ്റ് യു എസ് എ മാസിക നിർത്തേണ്ടി വന്നു. പിന്നെ ഇ മലയാളി ഓൺ ലൈനിലേക്ക് ചേക്കേറി. ആ യാത്ര കേരളാ എക്സ് പ്രസ്സിലേക്കും ,സ്വന്തമായി ആരംഭിച്ച മുഖത്തിലേക്കും എത്തി നിൽക്കുമ്പോൾ ഏറെ സന്തോഷം. ഏഷ്യാനെറ്റ് മലയാളം ടി വി മാഗസിൻ്റെ കവർ ലേ ഔട്ടാണ് മുഖത്തിനും ഞാൻ നൽകിയത്. മലയാളം ടി.വി മാഗസിനും , മുഖവും ഡിസൈൻ ചെയ്തത് അന്നും ഇന്നും ഒപ്പമുള്ള അനിൽ ആണ്.ഏഷ്യാനെറ്റിൽ ജോയിൻ ചെയ്തിരുന്നു എങ്കിൽ ഒരു ഡസ്ക് എഡിറ്ററായി ഇപ്പോഴും തുടർന്നേനെ. സാമ്പത്തികമായും നേട്ടമുണ്ടായേനെ . പക്ഷെ നമ്മുടെ സന്തോഷങ്ങൾ നമുക്ക് വലുതല്ലേ . എക്കാലവും എൻ്റെ സന്തോഷങ്ങൾക്ക് പിറകെയാണ് യാത്ര. അതാണ് ശരിക്കും പ്രൊഫഷണലിസം എന്നും ഞാൻ വിശ്വസിക്കുന്നു.
വാർത്തയുടെ വഴിയെ സഞ്ചരിച്ചു തുടങ്ങിയ എനിക്ക് ഏഷ്യാനെറ്റിനൊപ്പം കുറച്ചുകാലം സഞ്ചരിക്കാൻ സാധിച്ചത് അഭിമാനം തന്നെ. നീണ്ട 30 വർഷം മലയാളത്തിൻ്റെ വാർത്തകളുടെ കണ്ണാടിയായി തിളങ്ങുന്ന ഏഷ്യാനെറ്റിന് ആശംസകൾ


