PRAVASI

(വഴിവിളക്കുകൾ - 12) രാമൻ ചേട്ടൻ

Blog Image

ഭർത്താവിനെ മക്കൾ എന്തു പേരു വിളിക്കുന്നുവോ ആ പേരിൽ (അച്ഛാ, ഡാഡി, പപ്പാ, അച്ചാച്ചൻ) എന്നൊക്കെ വിളിക്കുന്ന നിരവധി ഭാര്യമാരെ ഞാൻ കണ്ടിട്ടുണ്ട്. ഭൂരിഭാഗംപേരും അങ്ങനെയാണ്. പക്ഷേ, സ്വന്തം ഭാര്യയെ മക്കൾ വിളിക്കുന്ന പേരിൽ അഭിസംബോധന ചെയ്തിരുന്ന ഒരേയൊരു വ്യക്തിയെ ഞാൻ കണ്ടിട്ടുള്ളൂ. അത് രാമൻ ചേട്ടനാണ്. ഭാര്യ കാർത്ത്യായനിയെ അദ്ദേഹം 'അമ്മേ' എന്നാണ് വിളിച്ചിരുന്നത്. അത് മാത്രമായിരുന്നില്ല രാമൻ ചേട്ടൻറെ പ്രത്യേകത. നാട്ടിലെ കുട്ടിപ്പത്രം എന്നായിരുന്നു രാമൻ ചേട്ടൻ അറിയപ്പെട്ടിരുന്നത്. പ്രാഥമിക വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന രാമൻ ചേട്ടൻ, ജേർണലിസ്റ്റുകളെ വെല്ലുന്ന മികവോടെയാണ് വാർത്തകൾ ശേഖരിച്ചിരുന്നത്. പത്രത്തിലെ പ്രാദേശിക വാർത്തയുടെ പേജുകളൊക്കെ രാമൻ ചേട്ടൻറെ നാട്ടുവർത്തമാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ തീർത്തും നിസ്സാരം. ഗോസിപ്പ് എന്നോ, ഏഷണി എന്നോ, പരദൂഷണമെന്നോ ഒക്കെ അസൂയക്കാർ പറഞ്ഞെങ്കിലും, രാമൻ ചേട്ടൻ അതൊന്നും വകവെക്കാതെ നാടിനെയും നാട്ടുകാരെയും സംബന്ധിക്കുന്ന എല്ലാ വാർത്തകളും ശേഖരിച്ചുപോന്നു. ദിവസവും പത്ത് പ്രാവശ്യമെങ്കിലും രാമൻ ചേട്ടൻ കവലയ്ക്ക് പോയിരുന്നത് വെറുതെയല്ല!
ആദ്യഭർത്താവിൻറെ മരണശേഷം കാർത്ത്യായനിയമ്മ രണ്ടാമത് വിവാഹം ചെയ്തതാണ് രാമൻ ചേട്ടനെ. രാമൻ ചേട്ടൻറെ ആദ്യ വിവാഹവുമായിരുന്നത്. ആദ്യ ഭർത്താവിൽ കാർത്ത്യായനി അമ്മയ്ക്ക് രണ്ട് പെൺമക്കൾ ഉണ്ടായിരുന്നു. രണ്ടാം വിവാഹത്തിൽ രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും. രാമൻ ചേട്ടൻ ഈ അഞ്ച് മക്കളും തമ്മിൽ ഒരു വ്യത്യാസവും കാട്ടിയില്ല. സ്വന്തം മക്കളായി തന്നെയാണ് അഞ്ചുപേരെയും അദ്ദേഹം കണ്ടത്. അവരുടെ പഠനത്തിലും വിവാഹകാര്യത്തിലുമെല്ലാം അദ്ദേഹം ഏറെ ശ്രദ്ധ പുലർത്തി. കാർത്ത്യായനി അമ്മയുടെ ആദ്യവിവാഹത്തിലെ  രണ്ട് പെൺകുട്ടികളെയും നേരത്തെ വിവാഹം കഴിച്ചയച്ചു. അവരുടെ മക്കളെ ഒരു മുത്തച്ഛൻറെ എല്ലാ വാത്സല്യത്തോടെയും കൂടിയാണ് അദ്ദേഹം കണ്ടിരുന്നത്. എല്ലാ അവധിക്കും അമ്മവീട്ടിലേക്കും മുത്തച്ഛൻറെ വാത്സല്യത്തിലേക്കും ഓടിയെത്തിയിരുന്ന അവർ ഞങ്ങളുടെ കളിക്കൂട്ടുകാർ കൂടിയായിരുന്നു.
നാട്ടിലെ മുഴുവൻ വർത്തമാനങ്ങളും രാമൻ ചേട്ടൻ അറിഞ്ഞിരുന്നെങ്കിലും അവരുടെ കൊച്ചുവീടും അതിൻറെ ആഭ്യന്തര കാര്യങ്ങളും പുറംലോകത്തിന് തീരെ അറിവില്ലായിരുന്നു. ഒരു വൈകുന്നേരം അദ്ദേഹത്തിൻറെ മരുമകൾ ഒരു ഭ്രാന്തിയെപ്പോലെ അലറിക്കരഞ്ഞുകൊണ്ട് വീട്ടിൽനിന്നും ഇറങ്ങിയോടിയതിൻറെ രഹസ്യം ഇപ്പോഴും ചുരുൾ നിവർത്തിയിട്ടില്ല. പിന്നീട് ഒരു ദിവസം രാത്രി ഒരു പോലീസ് വണ്ടി രാമൻചേട്ടൻറെ വീട്ടുമുറ്റത്ത് നിർത്തിയതും, ആരെയൊക്കെയോ പോലീസ് ജീപ്പിൽ  കയറ്റി കൊണ്ടുപോയതും എന്തിനെന്ന് ആർക്കുമറിയില്ലെങ്കിലും, അതേക്കുറിച്ച് നൂറു കഥകൾ നാട്ടിൽ പ്രചരിച്ചു. അതിലൊന്നുപോലും രാമൻചേട്ടൻറെ റിപ്പോർട്ടിങ്ങിൻറെ ഏഴയലത്തുപോലും എത്തിയില്ലെന്നു മാത്രം!

ആൻസി സിറിയക് ഇലക്കാട്ട്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.