LITERATURE

(വഴിവിളക്കുകള്‍-5 )പവിത്രന്‍ ചേട്ടന്‍

Blog Image

ഓര്‍മ്മയിലെ മിഠായി മധുരമാണ് പവിത്രന്‍ ചേട്ടന്‍. വര്‍ഷങ്ങളായി കുറിച്ചിത്താനം കവലയില്‍ കച്ചവടം നടത്തിയിരുന്ന പവിത്രന്‍ ചേട്ടന്‍റെ കടയില്‍ വേറെയും ഒരുപാട് സാധാനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, ഞങ്ങള്‍ ആകെ കണ്ടിരുന്നത് നിരനിരയായി അടുക്കിവെച്ച ചില്ലുഭരണികളിലെ മിഠായികള്‍ മാത്രമായിരുന്നു. നാരങ്ങാമിഠായി, തേന്‍മിഠായി, പല്ലിമിഠായി, വെള്ള ഗ്യാസ് മിഠായി, പച്ച ഗ്യാസ് മിഠായി.
ഞങ്ങളുടെ ഒരുവിധപ്പെട്ട നടപ്പുകള്‍ എല്ലാം- സ്കൂളിലേക്ക്, പള്ളിയിലേക്ക്, തറവാടു വീട്ടിലേക്ക്- പവിത്രന്‍ ചേട്ടന്‍റെ കടയുടെ മുമ്പില്‍ കൂടിയായിരുന്നു. എത്ര ആശയടക്കിയാലും കണ്ണുകള്‍ ആ മിഠായി ഭരണികളിലുടക്കാതെ, ആ കട കടന്നുപോവുക സാധ്യമല്ലായിരുന്നു. "ഈ ചെറിയവരില്‍ ഒരുവന് ഇടര്‍ച്ച നല്‍കുന്നതിനേക്കാള്‍ നല്ലത് കഴുത്തില്‍ തിരികല്ലു കെട്ടി കടലില്‍ എറിയപ്പെടുന്നതാണ്" എന്ന ബൈബിള്‍ വചനം ഒന്നും പവിത്രന്‍ ചേട്ടന്‍ കേട്ടിട്ടുണ്ടാകാന്‍ സാധ്യതയില്ല!
 അല്ലെങ്കില്‍ എന്തിനാണ് കടയുടെ ഏറ്റവും മുന്‍നിരയില്‍ വലിയ ചില്ലുഭരണികള്‍ നിറയെ അയാള്‍ മിഠായികള്‍ നിരത്തിവച്ചത്?
കുട്ടികളായ കുട്ടികളുടെ മുഴുവന്‍ ശ്രദ്ധ ക്ഷണിച്ചത്?
ഞങ്ങളുടെ കുട്ടിക്കാല സമ്പാദ്യത്തിന്‍റെ മഹാഭൂരിപക്ഷവും പവിത്രന്‍ ചേട്ടന്‍റെ കൈകളിലാണ് ചെന്നു ചേര്‍ന്നിരുന്നത്. ഓരോ തവണയും തറവാട്ടുവീട്ടില്‍ നിന്ന് പോരുമ്പോള്‍ അപ്പച്ചന്‍ തന്നിരുന്ന 50 പൈസ, ഒരു രൂപ അല്ലെങ്കില്‍ രണ്ടു രൂപ തുട്ടുകള്‍, പവിത്രന്‍ ചേട്ടന്‍റെ കട ഒഴിവാക്കി, ആശ അടക്കി, ഇടവഴിയിലൂടെ വീട്ടിലെത്തിയ      ഒന്നോ രണ്ടോ സന്ദര്‍ഭങ്ങളില്‍ ഒഴിച്ച്, ബാക്കി എല്ലാ അവസരങ്ങളിലും പവിത്രന്‍ ചേട്ടന്‍റെ മേശവിരിപ്പില്‍ നിക്ഷേപിക്കപ്പെട്ടു. നെറ്റിയില്‍ ചന്ദനക്കുറി തൊട്ട, തുടുത്ത മുഖമുള്ള ആ കുറിയ മനുഷ്യന്‍, പത്രത്താളുകളില്‍ പൊതിഞ്ഞ്, തെളിഞ്ഞ ചിരിയോടെ ആ മിഠായികള്‍ ഞങ്ങള്‍ക്ക് നേരെ നീട്ടുമ്പോള്‍ തോന്നിയിരുന്ന സന്തോഷം, അതേ അളവില്‍ മറ്റെപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടോ എന്ന് തന്നെ സംശയമാണ്. ലിന്‍ഡും ഫെറേറോയും കാഡ്ബറിയും എല്ലാം ഓര്‍മ്മകളുടെ മധുരത്തിനു മുന്‍പില്‍ തോറ്റുപോകുന്നതെന്തേ?


തറവാട്ടുവീട്ടിലേക്ക്, അപ്പച്ചന്‍റെ അടുത്തേക്കുള്ള, കൃത്യമായ ഇടവേളകളിലുള്ള യാത്രകള്‍, ഞങ്ങള്‍ ഒരിക്കലും മുടക്കാതിരുന്നതിന്‍റെ ഒരു കാരണം, അപ്പച്ചന്‍ പതിവായി തന്നിരുന്ന പോക്കറ്റ് മണിയാണ്. മിക്കവാറും സന്ദര്‍ഭങ്ങളില്‍ ഒരു രൂപ തുട്ടാണ് ഞങ്ങള്‍ക്ക് മൂന്നാള്‍ക്കും കിട്ടിയിരുന്നത്. അപൂര്‍വ്വം അവസരങ്ങളില്‍ അത് 50 പൈസയോ രണ്ടു രൂപയോ ആവും. ഒരിക്കല്‍ അപ്പച്ചനെ കണ്ടിറങ്ങിയ ഞങ്ങള്‍ക്ക് പതിവുപോലെ അപ്പച്ചന്‍ പോക്കറ്റ് മണി തരാന്‍ ഒരുങ്ങി. അന്ന് അപ്പച്ചന്‍റെ കൈയില്‍ ഉണ്ടായിരുന്നത് രണ്ട് ഒരു രൂപ തുട്ടുകളും ഒരു 50 പൈസ നാണയവുമാണ്. 50 പൈസ ആര്‍ക്കു കൊടുക്കണമെന്ന ആശങ്കയില്‍ നിന്ന അപ്പച്ചനോട് എന്‍റെ ഒന്നാം ക്ലാസുകാരി അനുജത്തി 50 പൈസ അവള്‍ക്ക് വേണമെന്ന് ശാഠ്യം പിടിച്ചു. ആ വാശിക്ക് പിന്നിലെ ചേതോവികാരം മനസ്സിലാകാതെ നിന്ന ഞങ്ങളെ അമ്പരപ്പിച്ചുകൊണ്ട് അവള്‍ പറഞ്ഞു: "ഒന്നിനേക്കാള്‍ വലുതാണ് അമ്പത്. ആരും എന്നെ പറ്റിക്കാന്‍ നോക്കണ്ട." ഞങ്ങള്‍ രണ്ടുപേരും അപ്പച്ചനും ചിരിച്ചു. രണ്ട് 50 പൈസ കൂടുന്നതാണ് ഒരു രൂപ എന്ന് അവളെ പറഞ്ഞു മനസ്സിലാക്കാന്‍ അപ്പച്ചന്‍ ശ്രമിച്ചെങ്കിലും അവള്‍ വഴങ്ങിയില്ല. എനിക്കറിയാം ഒന്നിനേക്കാള്‍ വലുത് 50 ആണെന്ന്. എന്‍റെ ടീച്ചര്‍ പഠിപ്പിച്ചിട്ടുണ്ട് എന്ന നിലപാടില്‍ അവള്‍ ഉറച്ചുനിന്നു. ശരി, അങ്ങനെയെങ്കില്‍ അങ്ങനെ എന്നുപറഞ്ഞ് ഞങ്ങളും തോല്‍വി സമ്മതിച്ചു. ശേഷം, കിട്ടിയ പൈസയുമായി നേരെ പവിത്രന്‍ ചേട്ടന്‍റെ കടയിലേക്ക്. അന്ന് പല്ലിമിഠായിക്ക് അഞ്ചു പൈസയും തേന്‍ മിഠായി, നാരങ്ങാമിഠായി, ഗ്യാസ് മിഠായി ഇത്യാദികള്‍ക്ക് 10 പൈസയുമാണ് വില. അതായത് ഒരു രൂപയ്ക്ക് 10 നാരങ്ങാ മിഠായിയോ 10 ഗ്യാസ് മിഠായിയോ ഒക്കെ നമുക്ക് കിട്ടും. ഞങ്ങള്‍ തമ്മിലുള്ള അലിഖിതമായ ധാരണ പ്രകാരം മൂന്നുപേരും മൂന്നുതരം മിഠായികള്‍ വാങ്ങി പങ്കുവയ്ക്കണം. ഒരു രൂപയ്ക്ക് തേന്‍മിഠായി വാങ്ങിയ ചേട്ടന് പത്തെണ്ണവും, ഒരു രൂപയ്ക്ക് നാരങ്ങാമിഠായി വാങ്ങിയ എനിക്ക് 10 എണ്ണവും, 50 പൈസയ്ക്ക് ഗ്യാസ് മിഠായി വാങ്ങിയ അനുജത്തിക്ക് 5 എണ്ണവും കിട്ടി. മിഠായി എണ്ണി നോക്കിയപ്പോള്‍ കരച്ചിലിന്‍റെ വക്കോളം എത്തി അവള്‍. 50 പൈസ ഞാന്‍ കൊടുത്തിട്ട് എനിക്ക് പവിത്രന്‍ ചേട്ടന്‍, കുറച്ച് മിഠായിയേ തന്നുള്ളൂ എന്ന് പറഞ്ഞപ്പോഴേക്കും അവള്‍ പൊട്ടിക്കരഞ്ഞുപോയി. അവളെ സമാധാനിപ്പിക്കാന്‍ പവിത്രന്‍ ചേട്ടന്‍ ആ ചില്ലുഭരണി തുറന്ന് 5 മിഠായി കൂടി എടുത്ത് അവള്‍ക്ക് നല്‍കി. എണ്ണി നോക്കി, തനിക്കും 10 മിഠായികള്‍ ഉണ്ട് എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് അവള്‍ കരച്ചില്‍ നിര്‍ത്തിയത്.
അടുത്ത നാളില്‍ എവിടെയോ നടന്ന ഒരു എക്സിബിഷനില്‍, പഴയകാല രുചികള്‍ എന്ന പേരില്‍, ഒരു സ്റ്റാളില്‍ ചില്ലുഭരണികളില്‍ നിരത്തിവെച്ചിരുന്ന തേന്‍മിഠായിയും നാരങ്ങാമിഠായിയും ഗ്യാസ് മിഠായിയും കണ്ടപ്പോള്‍ പവിത്രന്‍ ചേട്ടന്‍റെ തേന്‍മിഠായി പോലെ തുടുത്ത മുഖം മനസ്സില്‍ തെളിഞ്ഞു.
നന്ദി പവിത്രന്‍ ചേട്ടാ, മിഠായി മധുരമുള്ള ഒരു ബാല്യത്തിനും ഉറുമ്പരിക്കാത്ത കുറേ ഓര്‍മ്മകള്‍ക്കും!

(ആന്‍സി സിറിയക് ഇലക്കാട്ട് (കോട്ടയം ബിസിഎം കോളജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക) രചിച്ച്, മഷിക്കൂട്ട് പബ്ലീഷേഴ്സ് പ്രസിദ്ധീകരിച്ച, നാട്ടുവഴിയിലെ വിളക്കുമരങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.