അദ്ദേഹം കോടികൾ കൊടുത്ത് എസ്റ്റേറ്റ് വാങ്ങിയത് ഉത്തമബോധ്യത്തോടെയായിരിക്കണം. കള്ള ആധാരം ചമചമച്ചവരോടും കൂട്ടുനിന്ന ഉദ്യോഗസ്ഥരോടും ഹാരിസൺ മുതലാളിമാരോടും വനദുർഗ്ഗയ്ക്ക് ഒരു പരിഭവവുമില്ലേ?
വണ്ടിയിടിച്ചു രക്തം വാർന്നുകിടക്കുന്നവനെ ചവിട്ടി കടന്നുപോകുന്നതിൽ രസം കാണുന്നവരാണ് ചിലർ. ബിഷപ്പ് കെ പി യോഹന്നാൻറെ നിര്യാണവാർത്ത അറിഞ്ഞതുമുതൽ ഈ സൈക്കോ സംഘം ഉഷാറായിരിക്കയാണ്. ഇവർ പടച്ചുവിടുന്ന യൂട്യൂബ് വീഡിയോകളും വാട്ട്സ്ആപ്പ് പോസ്റ്റുകളും കണ്ടാൽ തോന്നും ബിലീവേഴ്‌സ് ചർച്ചിൻറെ വസ്തുവകകളും സ്ഥാപനങ്ങളുമെല്ലാം പണ്ട് ഇവരുടെ കുടുംബവകയായിരുന്നുവെന്നും, കെ പി യോഹന്നാൻ കബളിപ്പിച്ചും ഗുണ്ടാസംഘങ്ങളെയിറക്കി ഭീഷണിപ്പെടുത്തിയും അതൊക്കെ കൈക്കലാക്കിയതാണെന്നും.
ബിലീവേഴ്‌സ് ആശുപത്രിയുടെ വിളിപ്പാടകലെയാണ് ഞാൻ താമസിക്കുന്നത്. അറുപതുകളിൽ കോളജ് വിദ്യാർത്ഥികൾക്കിടയിൽ ഈ പ്രദേശം “മോസ്‌കോ” എന്നാണ് അറിയപ്പെട്ടിരുന്നത്. യാതൊരു ക്രമവും സമാധാനവുമില്ലാത്ത ഒരുവക Quasi പാർട്ടി ഗ്രാമം, അക്രമവും പിടിച്ചുപറിയും നിത്യസംഭവങ്ങൾ, “വീടെവിടെയാ ?” എന്നുചോദിച്ചാൽ സ്ഥലപ്പേരുപറയാൻ പലരും മടിച്ചിരുന്നു.
അങ്ങനെയൊരു പ്രദേശം ഇന്ന് മധ്യതിരുവിതാംകൂറിൽ വികസനത്തിൻറെ പാതയിൽ അതിവേഗം സഞ്ചരിക്കുന്ന ഒരു മേഖലയാണെങ്കിൽ ഈ മാറ്റത്തിൻറെ ക്രെഡിറ്റ് ഏതെങ്കിലും എമ്മെല്ലേക്കോ എംപിക്കോ മന്ത്രിക്കോ അവകാശപ്പെടാനാവില്ല. അത് പൂർണ്ണമായും അന്തരിച്ച ബിഷപ്പ് കെ പി യോഹന്നാന് (ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ ഡോ. മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്ത) മാത്രം അവകാശപ്പെട്ടതാണ്.
വ്യാജ പ്രകൃതിസ്നേഹികൾ സടകുടഞ്ഞെഴുന്നേറ്റ് കേസും തർക്കവുമായി ദീർഘകാലം മുടക്കിയിട്ടിരുന്ന പദ്ധതിയാണ് പിന്നീട് ആശുപത്രിയായും മെഡിക്കൽ കോളേജായും റസിഡൻഷ്യൽ സ്‌കൂളായും സെമിനാരിയായും സഭാ ആസ്ഥാനമായുമൊക്കെ പ്രവർത്തനസജ്ജമായത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രിസ്ത്യൻ ലൈബ്രറിയാണ് ഈ ക്യാംപസിൽ പ്രവർത്തിക്കുന്നത്. വിവിധ സെമിനാരികളിൽ നിന്നും യൂണിവേഴ്‌സിറ്റികളിൽ നിന്നും ഗവേഷണ വിദ്യാർത്ഥികൾ ഈ സൗകര്യം പ്രയോജനപ്പെടുത്താൻ വരാറുണ്ട്.
കുറ്റപ്പുഴയിൽ പ്രവർത്തനം തുടങ്ങിയപ്പോൾ തന്നെ അദ്ദേഹം ചെയ്ത ഒരു കാര്യം പ്രദേശവാസികളായ പാവപ്പെട്ട കുട്ടികൾക്ക് സൗജന്യ ട്യൂഷൻ നൽകാനുള്ള ക്രമീകരണമായിരുന്നു. നിരവധി കുട്ടികൾ അക്കാലത്ത് ആ സൗകര്യം പ്രയോജനപ്പെടുത്തിയിരുന്നു. കുട്ടികൾ വന്നാലുടൻ ആദ്യം തന്നെ പാലും മുട്ടയുമടങ്ങുന്ന പ്രഭാതഭക്ഷണം നൽകും, പിന്നീടാണ് പഠിപ്പിക്കലും മറ്റും. നല്ല ഭക്ഷണം കഴിക്കുന്ന കുട്ടികൾക്ക് പഠിക്കാനും മനസ്സിലാക്കാനുമുള്ള കഴിവും വർദ്ധിക്കും എന്നായിരുന്നു അദ്ദേഹത്തിൻറെ കാഴ്ചപ്പാട്.
കെ പി യോഹന്നാനെ പലതവണ കണ്ടിട്ടുണ്ടെങ്കിലും ഒരിക്കൽ മാത്രമേ നേരിട്ട് സംസാരിച്ചിട്ടുള്ളു. 1980-കളിലാണ്. അന്ന് അദ്ദേഹം ബിഷപ്പായിട്ടില്ല, വെറും കെ പി യോഹന്നാനാണ്, മഞ്ഞാടിയിലെ ഗോസ്പെൽ ഫോർ ഏഷ്യ (GFA) എന്ന സ്ഥാപനത്തിൻറെ തലവൻ എന്നതായിരുന്നു അദ്ദേഹത്തിൻറെ മേൽവിലാസം.
അക്കാലത്ത് GFA യുടെ നിയമോപദേശകനായിരുന്ന എൻറെ സുഹൃത്തിനൊപ്പമാണ് ഞാൻ അദ്ദേഹത്തിൻറെ മഞ്ഞാടിയിലെ വീട്ടിൽ പോകുന്നത്. ഒരു ഖദർ ഷർട്ടും മുണ്ടുമുടുത്ത് വാതിൽ തുറന്ന കെ പി യോഹന്നാനെ ആദ്യമായി അന്നാണ് കാണുന്നത്. വീട്ടിൽ മറ്റാരും ഇല്ലാഞ്ഞതിനാൽ അദ്ദേഹം തന്നെ കിച്ചണിൽ പോയി ഞങ്ങൾക്ക് നാരങ്ങാവെള്ളം കൊണ്ടുതന്നു.
GFA യുടെ പ്രവർത്തനങ്ങൾക്കായി ഇരുപതോളം പുതിയ വാനുകൾ വാങ്ങിയത് കോൺവോയ് ആയി തിരുവല്ലയിലേക്ക് വരുന്നവഴി അയൽ സംസ്ഥാനത്തെ പോലീസ് തടഞ്ഞു വച്ചിരിക്കുന്നുവത്രെ. വക്കീൽ അവിടെവരെ പോയിട്ടാണെങ്കിലും വാഹനങ്ങൾ വിട്ടുകിട്ടണം, ഇതായിരുന്നു വിഷയം.
“ശരി,ഞാൻ പോകാം, പക്ഷേ അവന്മാർക്ക് വേണ്ടത് കാശാണ്, അതിൻറെ കാര്യം എങ്ങനെ?” എന്ന് വക്കീൽ സൂചിപ്പിച്ചപ്പോൾ അദ്ദേഹത്തിൻ്റെ മറുപടി എനിക്ക് ഇന്നും അതിശയമാണ് “ഒരു രൂപ പോലും കൈക്കൂലി കൊടുത്തിട്ട് നമുക്ക് വണ്ടിവേണ്ട. പൊയ്‌ക്കോട്ടെ ! എന്നാൽ ആ പോലീസ് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാണിക്കുന്ന ഏതെങ്കിലും പാവപ്പെട്ടവന് വീടോ ചികിത്സാസഹായമോ ആവശ്യമെങ്കിൽ ഞാൻ പരിഗണിക്കാം.”
ഇതുകേട്ട പോലീസ് മേധാവി ഒന്നും ആവശ്യപ്പെടാതെ അപ്പോൾ തന്നെ എല്ലാ തടസങ്ങളും ഒഴിവാക്കി വാഹനങ്ങൾ വിട്ടുകൊടുത്തു എന്നാണ് ഞാൻ പിന്നീട് മനസ്സിലാക്കിയത്. അതാണ് ഞാനറിയുന്ന കെ പി യോഹന്നാൻ.
അടുത്തിടെ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് കണ്ടു, ചെറുവള്ളി എസ്റ്റേറ്റ് വ്യാജ ആധാരം ചമച്ചു ബിലീവേഴ്‌സ് ചർച്ചും മുഖ്യമന്തിയും ചേർന്ന് കൈക്കലാക്കി, അതിനുള്ളിൽ സ്ഥിതിചെയ്യുന്ന അഞ്ചുകുഴി പഞ്ചതീർത്ഥ പരാശക്തിയുടെ പ്രതികാരമാണ് കെ പി യോഹന്നാൻറെ ജീവനെടുത്തത്. ഒരാളുടെ കാര്യത്തിൽ തീരുമാനമായി, മറ്റേത് കാത്തിരുന്നു കാണാം…….
“യോഹന്നാൻ അല്ല പിണറായി വന്നാൽ പോലും തലപ്പാറ മലദൈവങ്ങളോടും അഞ്ചുകുഴി അമ്മയോടും അയ്യപ്പ സ്വാമിയോടും ഒരു കളിയും നടക്കില്ല…” എന്ന ഭീഷണിയോടെയാണ് കുറിപ്പ് അവസാനിക്കുന്നത്….. എന്താ പറയുക ?
വ്യാജ ആധാരം തയ്യാറാക്കിയത് ആരാണെന്നും അതിനു കൂട്ടുനിന്നവരെപ്പറ്റിയും ഹൈക്കോടതിയിൽ നിലവിലിരിക്കുന്ന വ്യവഹാരത്തെപ്പറ്റിയുമൊക്കെ ഇദ്ദേഹം പറയുന്നുണ്ട്. അപ്പോൾ അവരോടല്ലേ പ്രതികാരം തോന്നേണ്ടത് ? പാവം കെ പി യോഹന്നാൻ എന്തുപിഴച്ചു ? അദ്ദേഹം കോടികൾ കൊടുത്ത് എസ്റ്റേറ്റ് വാങ്ങിയത് ഉത്തമബോധ്യത്തോടെയായിരിക്കണം. കള്ള ആധാരം ചമചമച്ചവരോടും കൂട്ടുനിന്ന ഉദ്യോഗസ്ഥരോടും ഹാരിസൺ മുതലാളിമാരോടും വനദുർഗ്ഗയ്ക്ക് ഒരു പരിഭവവുമില്ലേ?
ഞാൻ മിക്ക ദിവസവും നടക്കാൻ പോകുന്നത് ബിലീവേഴ്‌സ് ആശുപത്രിക്കു മുന്നിലൂടെ ബെഥേൽ പടിയിലേക്കും തിരിച്ചുമാണ്. ആശുപത്രി കവാടത്തിൽ കാത്തുകിടക്കുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർക്കിടയിൽ ഒരു സാധാരണക്കാരനെപ്പോലെ നാട്ടുവർത്തമാനങ്ങൾ പറഞ്ഞുനിൽക്കുന്ന ബിഷപ്പിനെ ഞാൻ കണ്ടിട്ടുണ്ട്. ആ ചുറ്റുവട്ടത്തുള്ള എത്രയോ പേർ ആ സ്ഥാപങ്ങളിൽ ജോലിചെയ്‌ത് കുടുംബം പുലർത്തുന്നു. നാട്ടുകാർക്ക് അദ്ദേഹം ബിഷപ്പോ മെത്രാപ്പോലീത്തായോ അല്ല, വെറും കെ പി യാണ്. സ്വകാര്യസംഭാഷണങ്ങളിൽ അവർ അങ്ങനെയേ പറയൂ.
ഇവിടെ ആരെയും മതം മാറ്റാൻ അദ്ദേഹം ശ്രമിച്ചതായി ഞാൻ കേട്ടിട്ടില്ല. ആരുടെയും വസ്‌തുവിൻറെ അതിരുമാന്തിയതായും കേട്ടിട്ടില്ല. അദ്ദേഹം ആർഭാട ജീവിതം നയിച്ചുവെന്നോ സ്വന്തക്കാർക്കായി എല്ലാം സ്വരൂപിച്ചു വച്ചെന്നോ, അതും കേട്ടിട്ടില്ല. പിന്നെയെന്താണിത്ര കലിപ്പ് ? അമേരിക്കയിൽ നിന്നും സമ്പാദിച്ചതാണോ പ്രശ്നം? അതിന് ? എല്ലാ രാഷ്ട്രീയപാർട്ടികളും നേതാക്കളും മത മേലധ്യക്ഷൻമാരും ആളില്ലാ സംഘടനകളും സ്വകാര്യവ്യക്തികളും പലപ്പോഴായി അതിൻറെ പങ്കുപറ്റിയവരല്ലേ ?. ചിലതൊക്കെ എനിക്കും നേരിട്ട് ബോധ്യമുള്ളതാണല്ലോ. അന്നൊന്നും ആർക്കും കയ്ച്ചില്ലല്ലോ. അല്ലെങ്കിൽ തന്നെ ഇലക്ടറൽ ബോണ്ട് മുതൽ ബക്കറ്റ് പിരിവുവരെയുള്ള നമ്മുടെ ദേശീയ പിഴിച്ചിൽ മാമാങ്കങ്ങളിൽ പണം വന്ന വഴി പരിശോധിച്ചിട്ടാണോ സ്വീകരിക്കാറ് ……… എന്തൊരു പ്രഹസനമാ സജീ !!
എന്തായാലും തിരുവല്ലയുടെ സമഗ്ര വികസനത്തിന് പുതിയൊരു മാതൃക സൃഷ്ടിച്ച മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയോട് ഈ പ്രദേശവാസികൾ എന്നും കടപ്പെട്ടിരിക്കും. അദ്ദേഹത്തിൻറെ സ്മരണകൾക്ക് മുൻപിൽ ശിരസ്സ് നമിക്കുന്നു !!
അഡ്വ. കുരുവിള വർഗീസ്