തിരുവല്ല / ഡാളസ്: തിരുവല്ല കിഴക്കുംമുറി കീഴ്ശാന്തി മഠത്തിൽ വേണുഗോപാൽ (വേണു മാഷ്) അന്തരിച്ചു. കാൽ വഴുതി വീണതിനെ തുടർന്ന് തലയ്ക്കേറ്റ ഗുരുതരമായ പരിക്കിനെ തുടർന്ന് പരുമല ആശുപത്രിയിലും, തുടർന്ന് വൈക്കം ഇൻഡോ-അമേരിക്കൻ ആശുപത്രിയിലും ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു (നവംബർ 27) അന്ത്യം.
പരേതന്റെ സഹോദരിയാണ് ഡാളസിലെ പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ. അംബിക എസ്. നായർ
നാട്ടിലെ നിരവധി വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിയ അധ്യാപകൻ എന്ന നിലയിൽ പ്രായഭേദമന്യേ ഏവർക്കും പ്രിയങ്കരനായ ‘വേണു മാഷ്’ ആയിരുന്നു അദ്ദേഹം. മികച്ച പൊതുപ്രവർത്തകനും സഹകാരിയുമായിരുന്ന അദ്ദേഹം, കാവുംഭാഗം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടി വിജയിച്ചിട്ടുണ്ട്. അധികാര സ്ഥാനങ്ങളോട് അകലം പാലിച്ചുകൊണ്ട് സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ നിസ്വാർത്ഥമായ സേവനമാണ് അദ്ദേഹം കാഴ്ചവെച്ചത്.
അമേരിക്ക ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും, എന്നും ലാളിത്യവും എളിമയും മുറുകെപ്പിടിച്ചിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. പരേതന്റെ സംസ്കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
വാർത്ത അറിയിച്ചത്: ജോൺസൺ വർഗീസ് തിരുവല്ല
വേണു ഗോപാൽ മാഷ്

