PRAVASI

വിശ്വാസിയും രാഷ്ട്രീയവും (ലേഖനം)

Blog Image

(ഈ ലേഖനം “ ദൈവരാജ്യം -  ഇന്നിന്റെ വെളിച്ചവും നാളെയുടെ പ്രത്യാശയും” എന്ന Dr. Thomas V. Ambumkayathu (originally published in English: The Kingdom of God - The Light for Today and the Hope for Tomorrow. Available at Amazon.com and Barness & Noble) എഴുതിയ പുസ്തകത്തിൽ  ‘ദൈവരാജ്യത്തിന്റെ അതുല്യത’  എന്ന തലക്കെട്ടിൽ (അദ്ധ്യായം - 3) പരാമർശിച്ചിട്ടുള്ള വിഷയത്തെ സംക്ഷിപ്തമായി ക്രമീകരിച്ചിട്ടുള്ളതാണ്. ദൈവരാജ്യത്തെക്കുറിച്ച് വിശദമായ പഠനം നടത്തുന്ന ഈ പുസ്തകത്തിൻറെ കോപ്പികൾക്ക്  (215) 834-1198  എന്ന നമ്പറിലോ vathomas.pvi@gmail.com എന്ന അഡ്രസ്സിലോ ബന്ധപ്പെടാവുന്നതാണ്)

സെൻറ്  ഓഗസ്റ്റിൻ  എഴുതിയ  വളരെ പ്രസിദ്ധമായ  ‘ദൈവത്തിൻറെ നഗരം’ (The City of God)  എന്ന പുസ്തകത്തിൽ രണ്ട് നഗരങ്ങളെ ചിത്രീകരിച്ചിട്ടുണ്ട്.  ഈ നഗരങ്ങളെ താൻ  അവതരിപ്പിച്ചിരിക്കുന്നത്  ഇങ്ങനെയാണ്: “രണ്ട് നഗരങ്ങൾ, അവയ്ക്ക്  രണ്ട്  പ്രചോദനങ്ങൾ; ഭൗമികമായത്, ദൈവത്തെ വെറുക്കുവാൻ തക്ക സ്വയസ്നേഹത്താലും, ദൈവീകമായത്, സ്വയത്തെ വെറുക്കുവാൻ തക്ക ദൈവസ്നേഹത്താലും രൂപീകരിക്കപ്പെട്ടിരിക്കുന്നു.”  മറ്റൊരു വിധത്തിൽ പറഞ്ഞാൽ,  ഓഗസ്റ്റിൻ ചിത്രീകരിച്ചിരിക്കുന്നത് രണ്ട് രാജ്യങ്ങളാണ്:  ഒന്ന്,  ‘ലോകരാജ്യം;’ മറ്റേത്, ‘ദൈവരാജ്യം.’ ലോകരാജ്യം, സ്വാർത്ഥതയും,  അഹംഭാവവും നിറഞ്ഞ് ദൈവത്തോട്  മത്സരബുദ്ധി  പുലർത്തുന്നു.  എന്നാൽ,  ദൈവരാജ്യം  സ്വയത്യാഗത്തിലൂടെ ദൈവസ്നേഹം  ലോകത്തിന്  വെളിപ്പെടുത്തുന്നു.  ഇവ പരസ്പര  വിരുദ്ധവും ഒന്നിനോടൊന്ന് എതിർത്തു നിൽക്കുന്നതുമായ രണ്ട് പ്രതിഭാസങ്ങളാണ്.      
ഈ വിരുദ്ധ പ്രതിഭാസങ്ങളെയാണ് വിശുദ്ധ പൗലോസ് ഫിലിപ്പിയർക്ക് എഴുതിയ  ലേഖനത്തിൽ  വെളിപ്പെടുത്തിയിരിക്കുന്നതും:  “നമ്മുടെ പൗരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു; അവിടെനിന്നു കർത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്ന് നാം കാത്തിരിക്കുന്നു.  അവൻ സകലവും തനിക്ക് കീഴ്പ്പെടുത്തുവാൻ കഴിയുന്ന തൻറെ വ്യാപാരശക്തികൊണ്ട്  നമ്മുടെ  താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വം ഉള്ള ശരീരത്തോട് അനുരൂപമായി രൂപാന്തരപ്പെടുത്തും.” (ഫിലി: 3:20-21) ഇവിടെ നാം  കാണുന്നത്,  ദൈവ രാജ്യത്തിൻറെ പ്രത്യേകതയും, അതിൻറെ ഭാഗമായി തീർന്ന ദൈവമക്കളുടെ ഭാവി പ്രത്യാശയും ആണ്.  ഇതിന് തൊട്ടു മുമ്പുള്ള വാക്യങ്ങളിൽ (3:18-19) ലോകരാജ്യത്തിന്റെ  സ്വഭാവവും അതിൻറെ പൗരന്മാരായി കഴിയുന്നവരുടെ അവസ്ഥയും വ്യക്തമാക്കുന്നുണ്ട്: “അനേകർ ക്രിസ്തുവിൻറെ  ക്രൂശിന് ശത്രുക്കളായി നടക്കുന്നു എന്ന് ഇപ്പോൾ കരഞ്ഞും കൊണ്ട് പറയുന്നു.  അവരുടെ അവസാനം നാശം; അവരുടെ ദൈവം വയറ്; ലജ്ജയായതിൽ അവർക്ക് മാനം തോന്നുന്നു; അവർ ഭൂമിയിൽ ഉള്ളത് ചിന്തിക്കുന്നു.” ഇവിടെ നാം  ഒരു ചോദ്യം നേരിടുന്നുണ്ട്: ‘ഇപ്രകാരം ഒരു  ലോകത്തിൽ ക്രിസ്തീയ  വിശ്വാസികളിൽ നിന്നും ദൈവം പ്രതീക്ഷിക്കുന്നത് എന്താണ്?’ 
  ഈ ചോദ്യമാണ്, ‘വിശ്വാസിയും രാഷ്ട്രീയവും’ എന്ന തലക്കെട്ടിൽ ഈ ലേഖനം എഴുതുവാൻ എന്നെ  പ്രചോദിപ്പിച്ചത്. ഇത് അല്പം വിവാദപരമായ  ഒരു വിഷയമാണ് എന്ന് എനിക്കറിയാം.  എന്നാൽ,  തെറ്റായ ചില ധാരണകളുടെ അടിസ്ഥാനത്തിൽ തങ്ങൾ അറിയാതെ തന്നെ ലോത്ത് സോതോം പട്ടണം നന്നാക്കാൻ ഇറങ്ങിയതു പോലെ രാഷ്ട്രീയ പ്രബുദ്ധരായി മാറി കൊണ്ടിരിക്കുന്ന ക്രിസ്തീയ വിശ്വാസികളെ തങ്ങളുടെ യഥാർത്ഥ ദൗത്യം ഒന്ന് ഓർമിപ്പിക്കുക എന്നത് മാത്രമാണ് ഈ ലേഖനത്തിലൂടെ ഞാൻ  താല്പര്യപ്പെടുന്നത്. 
  
ലോകത്തിൻറെ അവസ്ഥ:
 നാം ജീവിക്കുന്ന ലോകത്തിൻറെ അവസ്ഥ ഫിലിപ്പിയ ലേഖനത്തിൽ പൗലോസ് ചിത്രീകരിച്ചിരിക്കുന്ന ലോകത്തിൽ നിന്നും  ഒട്ടും മെച്ചമല്ല. “ക്രൂശിന്റെ ശത്രുക്കൾ; ലജ്ജയായതിൽ മാനം തോന്നുന്ന  സമൂഹം; ഭൂമിയിൽ ഉള്ളത് മാത്രം ചിന്തിക്കുന്നവർ; അവരുടെ ദൈവം വയറ്;  അവരുടെ അവസാനം നാശം” എന്നീ ചിത്രീകരണങ്ങൾ നമ്മുടെ തലമുറയ്ക്ക് തികച്ചും ആപേക്ഷികമാണ്.  ഇന്നലെ അയോഗ്യം എന്നും, മ്ലേച്ഛം എന്നും കണക്കാക്കപ്പെട്ടിരുന്ന ജീവിത ശൈലികൾ ഇന്ന് കേവലം സാധാരണ ജീവിത രീതികളായി മാറിയിരിക്കുന്നു.  ‘പാപം’ എന്ന  വാക്ക്  പരിഷ്കാര വിരുദ്ധമായ  ഒരു പ്രയോഗമായി മാറിയിരിക്കുന്നു.  പാപത്തെ ‘പാപം’ എന്ന് വിളിക്കുന്നതാണ് ഇന്നത്തെ പാപം.  മറ്റുള്ളവരുടെ ജീവിത സ്വാതന്ത്ര്യത്തിന് വിഘ്നം വരുത്താത്ത ഏത് ജീവിത ശൈലിയും അംഗീകാരപ്രദമായ ഒരു ലോകം! 
 ഇങ്ങനെ ഒരു അവസ്ഥയിൽ ക്രിസ്തീയ സഭയുടെ നിലപാട്  എന്ത് ആയിരിക്കണം എന്ന  ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ മറ്റു എങ്ങും പോകേണ്ടതില്ല. യേശു എന്താണ് ചെയ്തത്; എന്താണ് പഠിപ്പിച്ചത് എന്ന് മാത്രം നോക്കിയാൽ മതി. യേശു ജീവിച്ചിരുന്ന കാലത്തെ മാത്രമല്ല, എക്കാലത്തെയും  മനുഷ്യൻ  ജീവനും ആത്മാവും  മരിച്ചു, മനസ്സും മനസ്സാക്ഷിയും ജീർണ്ണിച്ച അവസ്ഥയിലാണ്.  ഇതിന് പരിഹാരമായി യേശു തിരഞ്ഞെടുത്തത്,  ഒരു സാംസ്കാരിക നവോത്ഥാനമോ, ആത്മീക  നവീകരണമോ ആയിരുന്നില്ല.  മറിച്ച്, ഒരു പുതിയ സൃഷ്ടി - ഒരു നൂതന രാജ്യത്തിൻറെ രൂപീകരണം ആയിരുന്നു. തങ്ങളുടെ പാപങ്ങളെ കുറിച്ച്  അനുതപിച്ച്,  മാനസാന്തരപ്പെടുന്ന ഏവർക്കും ഈ രാജ്യത്തിൻറെ ഭാഗമായി മാറാം. അതാണ്, ദൈവരാജ്യം! ഈ രാജ്യത്തിൻറെ  പ്രഖ്യാപനമാണ് സുവിശേഷം. ‘ലോകമെങ്ങും പോയി ഈ രാജ്യത്തിൻറെ സാക്ഷികൾ ആയിത്തീരുക’ എന്നത് ആയിരുന്നു യേശു തൻറെ ശിഷ്യന്മാർക്ക് ഏൽപ്പിച്ചു കൊടുത്ത  ദൗത്യവും.  ഈ ദൗത്യം ഏറ്റെടുത്ത ശിഷ്യന്മാരുടെ സാക്ഷ്യമാണ് ഇന്ന്  ആഗോള വ്യാപകമായി വളർന്നു കൊണ്ടിരിക്കുന്ന ക്രിസ്തീയ സഭയുടെ ചരിത്രത്തിന്റെ പിന്നിലും.

ക്രിസ്തീയ സഭയുടെ നിലപാട് 
വളരെ ദുഃഖത്തോടെ പ്രസ്താവിക്കട്ടെ, സുവിശേഷത്തിന്റെ വെളിച്ചത്തിലൂടെ പാപികളെ ദൈവരാജ്യത്തിലേക്ക് ആനയിക്കുക എന്ന യേശുവിൻറെ നിർദ്ദേശത്തിൽ നിന്നും  വളരെ  വിദൂരത്തിൽ ആണ് ഇന്നത്തെ ക്രിസ്തീയ സഭയുടെ യാത്ര.  പ്രത്യേകിച്ച്,  ഒരു കാലത്ത് ലോകമെമ്പാടും സുവിശേഷത്തിന്റെ ദീപം കൊളുത്തിയ അമേരിക്കൻ ക്രിസ്ത്യാനിത്വം  ഇന്ന് സുവിശേഷ വിരുദ്ധമായ ഒരു നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് എന്നു പറയാതിരിക്കുവാൻ  നിവർത്തിയില്ല.  സുവിശേഷത്തിലൂടെ പാപികളെ ദൈവരാജ്യത്തിലേക്ക്            നയിക്കുന്നതിനു പകരം, പാപത്തിന് എതിരെ നിയമങ്ങൾ പാസാക്കി അവ നടപ്പിൽ വരുത്തിയാൽ  അമേരിക്കയെ ഒരു ക്രിസ്തീയ രാജ്യമാക്കി മാറ്റുവാൻ കഴിയും എന്ന മിഥ്യാ മോഹമാണ്  ഇതിൻറെ പിന്നിൽ.  ഇതു  തന്നെയാണ്  കോൺസ്റ്റന്റീൻ ചക്രവർത്തിയുടെ കാലത്ത്  റോമൻ ക്രിസ്ത്യാനിത്വത്തിന്  സംഭവിച്ചതും. സാമ്രാജ്യത്തിന്റെ  ശക്തിയും അധികാരവും ഉപയോഗിച്ച് ലോകത്തെ ക്രിസ്തീയ സദാചാരങ്ങളും  ധാർമിക തത്വങ്ങളും അടിച്ചേൽപ്പിക്കുക -  കഴിയുമെങ്കിൽ ഒരു ക്രിസ്തീയ സാമ്രാജ്യം സ്ഥാപിക്കുക എന്നതായിരുന്നു സഭയുടെ നിലപാട്. ഈ  നിലപാടിന്റെ പരാജയം  ചരിത്രം  നമ്മെ പഠിപ്പിക്കുന്നുണ്ട്. എന്നിട്ടും മലയാളികൾ അടങ്ങുന്ന അമേരിക്കൻ ക്രിസ്തീയത ആത്മീക തിമരം ബാധിച്ച്  രാഷ്ട്രീയത്തിലൂടെ ലോകത്തെ നന്നാക്കുവാൻ ചട്ടകെട്ടി ഇറങ്ങിയിരിക്കുകയാണ് എന്നതാണ് ദുഃഖകരം.   

ക്രിസ്ത്യാനികളുടെ ന്യായീകരണം
  ജീവിതത്തിൽ ഒരിക്കലും രാഷ്ട്രീയ കാര്യങ്ങളിൽ താത്പര്യം  കാണിച്ചിട്ടില്ലാത്ത ക്രിസ്തീയ വിശ്വാസികൾ (വിശേഷിച്ച് അമേരിക്കയിലെ മലയാളികൾ) ഭൂരിഭാഗവും ഇന്ന് വളരെ  രാഷ്ട്രീയ പ്രബുദ്ധരാണ്.  അവരുടെ ന്യായീകരണം,  ക്രിസ്തീയ വിശ്വാസത്തിന് അനുഭാവം പുലർത്തുന്ന റിപ്പബ്ലിക്കൻ പാർട്ടിയെ അധികാരത്തിൽ  കൊണ്ടുവന്നാൽ ദൈവവചന വിരുദ്ധമായ ജീവിതശൈലികൾക്ക് എതിരെ നിയമങ്ങൾ പാസാക്കുവാൻ  കഴിയുമെന്നും അതിലൂടെ  അമേരിക്കയെ ഒരു ക്രിസ്തീയ രാജ്യമാക്കി നില നിർത്തുവാൻ കഴിയും എന്നതാണ്. ഈ ചിന്താഗതിയുടെ പരാജയം  ചരിത്രത്തിൻറെ അടിസ്ഥാനത്തിൽ നേരത്തെ വ്യക്തമാക്കിയല്ലോ.  ഇനിയും, വചനത്തിന്റെ അടിസ്ഥാനത്തിലുള്ള പാളിച്ചകൾ ചില  ചോദ്യങ്ങളിലൂടെ നിങ്ങളെ ചിന്തിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു: 1) രക്ഷ സാമൂഹികം ആണോ?  അതോ, വ്യക്തിപരം ആണോ? 2) ക്രിസ്തീയ ജീവിതനിലവാരം  അടിച്ചേൽപ്പിക്കുന്നതാണോ?  അതോ, രക്ഷിക്കപ്പെട്ട ഒരു വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന  പരിവർത്തനമാണോ? 3) ‘ഭ്രൂണഹത്യ’ (abortion), ‘സ്വവർഗ സംഭോഗം’ (homosexuality) എന്നീ രണ്ട് പാപങ്ങൾക്കെതിരെ നിയമങ്ങൾ പാസാക്കിയതു കൊണ്ട് ഇവയിൽ നിന്നു വ്യക്തികളോ സമൂഹമോ വിമുക്തമാകും എന്ന് ചിന്തിക്കുന്നുണ്ടോ? ‘ഇല്ല’  എന്നു തന്നെയാണ്  സ്ഥിതിവിവര കണക്കുകൾ വ്യക്തമാക്കുന്നത്. 4) അഥവാ,  അത് സാധിച്ചാൽ തന്നെ, ഇവ മാത്രമാണ് പാപങ്ങൾ എന്ന് നിങ്ങൾ ചിന്തിക്കുന്നുവോ? മറ്റു പാപങ്ങൾക്കുള്ള പരിഹാരമാർഗ്ഗം എന്താണ്? 5)  അഥവാ സകല പാപങ്ങൾക്കും നിയന്ത്രണം വരുത്തുന്ന നിയമങ്ങൾ പാസാക്കിയാൽ കൂടി, ദൈവരാജ്യ സംബന്ധമായി എന്താണ്  നാം നേടിയെടുക്കുന്നത്? 
  ഒരുപക്ഷേ നിങ്ങൾ ചോദിച്ചേക്കാം,  ‘നാം ജീവിക്കുന്ന സമൂഹത്തിലെ മ്ലേച്ഛതകളെ മാറ്റിയെടുക്കുവാൻ  ലഭിക്കുന്ന രാഷ്ട്രീയ സ്വാധീനം  ഉപയോഗിക്കുന്നതിൽ തെറ്റുണ്ടോ?’ എന്ന്.  വിശദമായ ഒരു ഉത്തരത്തിന് ഇവിടെ സാവകാശം ഇല്ല.  ചുരുക്കത്തിൽ പറയുവാൻ കഴിയുന്ന ഉത്തരം  ഇതാണ്: ക്രിസ്തീയ സഭ ( വിശ്വാസികൾ) ഈ തകർന്ന ലോകത്തിലെ ജീർണിച്ച രാഷ്ട്രീയത്തിന്റെ ഭാഗമായി തീരുമ്പോൾ       കളങ്കം ഏൽക്കുന്നത്  ദൈവരാജ്യത്തിന്റെ അതുല്യ മൂല്യതയ്ക്ക് ആണ്. മാത്രമല്ല, ഒരു പ്രത്യേക രാഷ്ട്രീയ  പ്രസ്ഥാനത്തിൻറെ പ്രതിനിധി  ആകുന്ന ക്രിസ്തീയ വിശ്വാസി, സകല മനുഷ്യരോടും സുവിശേഷം അറിയിക്കുവാൻ ഉള്ള തൻറെ അവസരം പരിമിതപ്പെടുത്തുകയാണ്. ഈ യാഥാർത്ഥ്യങ്ങൾ മാറ്റി  നിർത്തിയാൽ പോലും, വീണ്ടും ജനനം എന്ന  ആത്യന്തിക  ലക്ഷ്യം സാധിക്കുന്നില്ലെങ്കിൽ  നാം എത്ര തന്നെ ഈ ലോകത്തെ  മെച്ചപ്പെടുത്തിയാലും സാധിച്ച് എടുക്കുന്നത് എന്താണ്? ഒരു മെച്ചപ്പെട്ട ലോകത്തിൽ നിന്നും  മനുഷ്യരെ നരകത്തിലേക്ക് യാത്ര അയയ്ക്കുക  എന്നത് മാത്രമല്ലേ?  ഇത്തരുണത്തിൽ,  Dr. Adrian Rogers - ന്റെ വാക്കുകൾ ഞാൻ ഓർത്തു പോവുകയാണ്: “രാഷ്ട്രീയ സ്വാധീനത്തിലൂടെയും സാമൂഹിക പരിഷ്കാരത്തിലൂടെയും ലോകത്തെ നന്നാക്കുവാൻ  ഇറങ്ങി പുറപ്പെടുന്നവർ ചെയ്യുന്നത്, ടൈറ്റാനിക്ക് പോലെ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിന്റെ deck - ലെ കസേരകൾ ഭംഗിയായി  ക്രമീകരിച്ചിടുക മാത്രമാണ്.” നാം ജീവിക്കുന്ന ഈ ലോകം  അനു നിമിഷം മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കപ്പൽ ആണ്.  ഇവിടെ, ഒരു ക്രിസ്ത്യ വിശ്വാസിയുടെ അടിയന്തര ദൗത്യം, ദൈവം ഒരുക്കിയിരിക്കുന്ന രക്ഷാ തോണിയിലേക്ക് ആവുന്നത്ര  ആത്മാക്കളെ ആനയിക്കുക  എന്നതാണ്. അതിന് പകരം നാം ചെയ്യുന്ന സകല ശ്രമങ്ങളും നമുക്ക് ലഭിച്ചിട്ടുള്ള സമയത്തിന്റെയും അവസരങ്ങളുടെയും ദുർവിനിയോഗം മാത്രമാണ്. 

(Dr. Thomas Ambumkayathu (V.A. Thomas) “ദൈവരാജ്യം - ഇന്നിന്റെ വെളിച്ചവും നാളെയുടെ പ്രത്യാശയും” എന്ന പുസ്തകത്തിൻറെ രചയിതാവാണ്. പല പ്രസിദ്ധീകരണങ്ങളിലായി നിരവധി ലേഖനങ്ങൾ  എഴുതുകയും ചില പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്റർ ആയി ചുമതല വഹിക്കുകയും ചെയ്തിട്ടുള്ള ഈ ദൈവ ദാസൻ ഒരു എഴുത്തുകാരൻ എന്നതിലുപരി, മിഷനറി, സുവിശേഷകൻ, അധ്യാപകൻ, കൗൺസിലർ, കൺവെൻ പ്രസംഗകൻ എന്നീ നിലകളിൽ കർത്താവിൻറെ മഹത്വമേറിയ ശുശ്രൂഷ ചെയ്യുന്നു. അമേരിക്കയിലുള്ള Pilgrims Vision International സഭകളുടെയും ഇന്ത്യയിൽ Pilgrims Vision India എന്ന പ്രസ്ഥാനത്തിന്റെയും സ്ഥാപകനും ഓവർസിയറും ആണ്.  
  

Dr.Thomas V Ambumkayathu  

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.