അമേരിക്കയിൽ ഇന്ന് വിവാഹങ്ങൾ കൂടുതൽ ലളിതമാകുന്ന ഒരു പ്രവണത കാണാം. അതിന്റെ ആദ്യ സൂചന തന്നെയാണ് മകൻ കായൽ പറഞ്ഞത്. " എനിക്കു സിംപിൾ കല്യാണം മതി. ഒരാൾക്കൂട്ടമൊന്നും വേണ്ട"
ഒരേയൊരു മകന്റെ കല്യാണം ഇങ്ങനെ സിമ്പിളായി നടത്താമോ?” എന്ന ചോദ്യമാണ് ആദ്യം മനസ്സിൽ വന്നത്. പിന്നീട് പ്രേമയോടു ചോദിച്ചപ്പോൾ പറഞ്ഞ മറുപടി വളരെ സാരമായിരുന്നു:
“അത് അവരുടെ ജീവിതം… അവർ രണ്ടുപേരും ആഗ്രഹിക്കുന്ന രീതിയിൽ നടക്കുന്നതാണ് ശരി. നമ്മൾ അതിനെ പിന്തുണയ്ക്കുന്നതാണ് വേണ്ടത്.”
അവിടെ നിന്നാണ് എന്റെ ചിന്തയും മാറിയത്. എന്തായാലും മാർച്ച് 28ന് എല്ലാം വളരെ മനോഹരമായി നടന്നു. ഏകദേശം 150 പേർ പങ്കെടുത്തുവെന്ന് പറഞ്ഞപ്പോൾ, വെള്ളക്കാരായ അമേരിക്കയിലെ സുഹൃത്തുക്കൾ അത്ഭുതപ്പെട്ടു
“Wow! That’s a big wedding Antony!”
എന്നായിരുന്നു അവരുടെ പ്രതികരണം. കാരണം ഇവിടെ, പ്രത്യേകിച്ചും അമേരിക്കക്കാർക്ക് ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ വിവാഹങ്ങളാണ് പതിവ്. കൂടിയാൽ അൻപതു പേർ.
ഇതിന് വിരുദ്ധമായി, നാട്ടിൽ അടുത്തിടെ കണ്ട പല വിവാഹങ്ങളും എനിക്ക് ഒരു ചിന്ത നൽകി. സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവരും പോലും കടം വാങ്ങി ആൾക്കാരെ കാണിക്കാൻ ഒന്നിലധികം ദിവസങ്ങൾ ആഘോഷിച്ചുകൊണ്ട്, ആർഭാടം കൂട്ടുന്നത് ഒരു മത്സരമായി മാറിയിരിക്കുന്നു. ഒന്ന് രണ്ടു ദിവസത്തെ ആഘോഷങ്ങൾക്കായി വർഷങ്ങളോളം ബാധ്യത ചുമക്കേണ്ടി വരുന്നത് ശരിയാണോ?
വിവാഹം ആഘോഷിക്കേണ്ട ഒരു സന്തോഷ നിമിഷമാണ്, പണമുള്ളവർ പ്രതാപമുള്ളവർ ആഘോഷിക്കട്ടെ, പക്ഷേ ഇല്ലാത്തവർക്ക് അത് സാമ്പത്തികഭാരം ആകരുത്. ആർഭാടം കുറച്ചാൽ എന്താണ് കുഴപ്പം ? ആഘോഷം കുറച്ചാൽ, പണമുള്ളവർക്ക്, അതിനു പകരം ആ പണം ഉപയോഗിച്ച്, പണമില്ലാത്തവരെ സഹായിക്കാം.
ഒരു വിദ്യാർത്ഥിയുടെ പഠനത്തിന് കൈത്താങ്ങാകാനും, ഒരു പാവപ്പെട്ട കുടുംബത്തിന് പുതിയ ജീവിതം നൽകാനും കഴിയുന്നത് വലിയൊരു സന്തോഷമാണ്. അതുപോലെ ചില കാര്യങ്ങൾ ചെയ്യാൻ ഞങ്ങൾക്കും കഴിഞ്ഞിട്ടുണ്ട് ഒരു സ്ത്രീയുടെ ജപ്തി ഒഴിവാക്കുകയും, ഒരു എഴുത്തുകാരന്റെ മകളുടെ പഠനച്ചെലവ് വഹിക്കുകയും, വാടക കുടിശ്ശിക അടയ്ക്കുകയും ചെയ്തിട്ടുണ്ട്.
കൂടാതെ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന സമർത്ഥരായ എഞ്ചിനീയറിംഗ്, നഴ്സിംഗ് വിദ്യാർത്ഥികളുടെ പഠനത്തിനും സഹായം നൽകിയിട്ടുണ്ട്. നാലു വർഷം തുടർച്ചയായി , പൊൻകുന്നം ആര്യസമാജം സ്കൂളിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് യൂണിഫോമുകളും സംഭാവന ചെയ്തിരുന്നു.
ഈ പ്രവർത്തനങ്ങളിൽ പലതിനും ഞങ്ങളോടൊപ്പം നിന്നത് സാൻ ഫ്രാൻസിസ്‌കോയിലെ “വനിത, പുണ്ണ്യം” പോലുള്ള വിശ്വസനീയമായ നോൺ-പ്രോഫിറ്റ് സംഘടനകളാണ്. അവരുടെ മുഖാന്തിരമായും അല്ലാതെയും പലർക്കും ചികിത്സാസഹായവും എത്തിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ നേരിട്ട് പണം ട്രാൻസ്ഫർ ചെയ്യുന്നത് പലപ്പോഴും ആശയക്കുഴപ്പങ്ങളും പ്രശ്നങ്ങളും ഉണ്ടാക്കാൻ സാധ്യതയുള്ളതിനാലാണ് ഈ രീതിയിലേക്ക് മാറിയത്.
നാട്ടിൽ നിന്ന് നിരവധി സഹായ അഭ്യർഥനകൾ വരാറുണ്ട്. അതിനാൽ ഒരു കാര്യവും വ്യക്തമായി അറിയിക്കുകയാണ്. വ്യക്തിപരമായി പരിചയമില്ലാത്തവർക്കോ, വിശ്വസനീയമായ ഉറപ്പില്ലാത്തവർക്കോ നേരിട്ട് സഹായം നൽകാൻ ഇനി സാധിക്കില്ല. മുൻകാല അനുഭവങ്ങളിൽ നിന്ന് ചില അബദ്ധങ്ങൾ സംഭവിച്ചതിനാലാണ് ഈ തീരുമാനം. ഇതൊക്കെ എല്ലാവരെയും അറിയിക്കാൻ വേണ്ടിയല്ല , സന്ദർഭവശാൽ പറഞ്ഞുവെന്നേയുള്ളുവെങ്കിലും, മറ്റുള്ളവർക്കുകൂടെ ഒരു പ്രചോദനം ആകട്ടെയെന്നു കരുതി ഒരോർമ്മപെടുത്തൽ മാത്രമാണ്.
വിലകൂടിയ വിരുന്നിനേക്കാൾ വലിയ മനസാണ് സമൂഹത്തിന് ഇന്ന് കൂടുതൽ ആവശ്യം. സത്യത്തിൽ, ലളിതമായ വിവാഹങ്ങൾ ഒരു ട്രെൻഡ് മാത്രമല്ല, അത് ഒരു ഉത്തരവാദിത്തപരമായ ചിന്തയാണ്. നമ്മളിൽ നിന്ന് തുടങ്ങിയാൽ, അതൊരു നല്ല മാറ്റത്തിന് തുടക്കമാകും.
Pic. My son Kyle with Taylor during the small wedding ceremony In San Francisco, Ca


തമ്പി ആന്റണി

