പലപ്പോഴും വീടുകൾ പണിയുമ്പോൾ രണ്ടും മൂന്നും നിലയുമൊക്കെ പണിയും. വീട്ടിൽ ഉള്ള മക്കൾക്കും അവരുടെ മക്കൾക്കും വേണ്ടിയൊക്കെ അഞ്ചും ആറും ബെഡ് റൂം പണിയും. വീട്ടിൽ നിറയെ ഫർണിച്ചർ.മക്കൾ ഒക്കെ ഒരു പ്രായം കഴിഞ്ഞാൽ വീട് വിടും. പിന്നീട് വീട് കിളികൾ ഒഴിഞ്ഞ കൂടു പോലെയാണ്.
പലപ്പോഴും വീടുകൾ പണിയുമ്പോൾ രണ്ടും മൂന്നും നിലയുമൊക്കെ പണിയും. വീട്ടിൽ ഉള്ള മക്കൾക്കും അവരുടെ മക്കൾക്കും വേണ്ടിയൊക്കെ അഞ്ചും ആറും ബെഡ് റൂം പണിയും. വീട്ടിൽ നിറയെ ഫർണിച്ചർ.മക്കൾ ഒക്കെ ഒരു പ്രായം കഴിഞ്ഞാൽ വീട് വിടും. പിന്നീട് വീട് കിളികൾ ഒഴിഞ്ഞ കൂടു പോലെയാണ്.
പക്ഷെ കുറെ വർഷങ്ങൾ കഴിയുമ്പോൾ മിക്കവാറും പേര് രണ്ടാം നിലയിൽ പോലും കേറില്ല. മിക്കവാറും ഫർണിച്ചർ ഉപയോഗിക്കില്ല. പത്തു ലക്ഷത്തിന്റ ഫർണിച്ചർ ഒക്കെ വാങ്ങിയാൽ അതിൽ പലപ്പോഴും പത്തു പ്രാവശ്യം പോലും വർഷത്തിൽ ഇരിക്കില്ല.
ആകെ ഉപയോഗിക്കുന്നത് സിറ്റ് ഔട്ട്. അല്ലെങ്കിൽ ഒന്നോ രണ്ടോ മുറി. ആകെ ഉപയോഗിക്കുന്നത് ഒരു കട്ടിലും ഒന്നോ രണ്ടോ കസേരയും അല്ലെങ്കിൽ മേശയും.ഒരു ടോയ്ലെറ്റും
ഒരു പ്രായം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രയാസം വലിയ വീടുകൾ വൃത്തിയാക്കാനാണ്.
ചിലരൊക്ക ഒന്നും രണ്ടുംമൂന്നും കോടി വീട് പണിതു അവിടെ വർഷത്തിൽ താമസിക്കുന്നത് രണ്ടാഴ്ച്ച. പലപ്പോഴും റിട്ടയർ ഒക്കെ കഴിഞ്ഞു അവിടെ താമസിക്കാം എന്ന് വിചാരിച്ചാണ് പണിയുന്നത്. പക്ഷെ പലർക്കും അതു പോലും പറ്റില്ല. പിള്ളേർ എല്ലാം വിദേശത്താകുമ്പോൾ വലിയ വീട്ടിൽ ഒരു മുറിയിൽ തനിച്ചാകും. അല്ലെങ്കിൽ തട്ടി പോകും. പിന്നെ പിള്ളേർ കിട്ടിയ വിലക്ക് വീട് വിൽക്കാൻ നോക്കും. വാങ്ങാൻ ആള് കുറവ്.
വലിയ വീട് പണിതു അടച്ചു പൂട്ടി സർവെലിൻസ് ക്യാമറയും നോക്കി ഇരിക്കും. ഇടക്ക് ക്ളീൻ ചെയ്യാൻ ഏർപ്പാട് ചെയ്യണം. പലപ്പോഴും വീടുകൾ പണിയുന്നത് ആവശ്യത്തെക്കാൾ അധികം മറ്റുള്ളവരെ കാണിക്കാനുള്ള ഒരു സ്റ്റാറ്റസ് സിംബൽ മാത്രം എന്നു തോന്നിയിട്ടുണ്ട്.
ഞാൻ എന്തായാലും പുതിയ വീട് വക്കാത്തതിന്റെ ഒരു കാരണമതാണ്. അമ്പത്തി അഞ്ചു വർഷം മുമ്പ് അച്ഛനും അമ്മയും വച്ച കുടുംബ വീട് തന്നെ മെയിൻടൈൻ ചെയ്യുന്ന പാട് അറിയാം.അവിടെ ഞങ്ങൾ ആകെ ഉപയോഗിക്കുന്നത് രണ്ടു മുറി മാത്രം. ചുരുക്കം ഫർണിച്ചർ മാത്രം. അതും മാസത്തിൽ ചില ആഴ്ചകൾ / ദിവസങ്ങൾ മാത്രം.
സത്യത്തിൽ രണ്ടോ മൂന്നോ മുറിയുടെ ആവശ്യമേയുള്ളൂ. അങ്ങനെ എനിക്കു ഇഷ്ട്ടപെട്ട ഒരു വീടാണ് എന്റെ സുഹൃത്തു Murali Vettath ത്തിന്റ വീട്. ആവശ്യത്തിന്നു മാത്രമുള്ള വീട്
നേരത്തെ തിരുവനന്തപുരത്തു വീട് വയ്ക്കാൻ സ്ഥലമൊക്കെ വാങ്ങി.വീട് വച്ചിട്ട് കാര്യം ഇല്ലന്നു തോന്നി പക്ഷെ ഇപ്പോൾ മൂന്നു റൂമുള്ള ഫ്ലാറ്റ് തന്നെ അധികമെന്ന് തോന്നും
വീട് വയ്ക്കുമ്പോഴും എന്ത് ചെയ്യുമ്പോഴും പത്തു അല്ലെങ്കിൽ പതിനഞ്ചു വർഷം കഴിഞ്ഞുള്ള അവസ്ഥ നോക്കണം. എന്നിട്ട് അത്യാവശ്യവും ആവശ്യവും അനാവശ്യവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുക.എന്നിട്ട് തീരുമാനിക്കുക.
കേരളത്തിൽ പലരും അവരുടെ വരുമാനത്തിന്റ 80-90% വലിയ വീട് വക്കാനാണ് ഉപയോഗിക്കുന്നത്. പലരും വീട് വച്ചു കടക്കാരാകും. ആവശ്യത്തിനു മാത്രം രണ്ടോ മൂന്നോ മുറിയുള്ള വീട് വച്ചാൽ ബാക്കി കാശ് കൊണ്ടു ഇഷ്ട്ടമുള്ള പലതും ചെയ്യാം
എന്തായാലും പുതിയ ജനറേഷൻ വീട് വച്ചു കാശ് കളയുന്നത് കുറഞ്ഞിട്ടുണ്ട്.
ജീവിതത്തിൽ എല്ലാറ്റിനോടും ഒരു functional approach നോടാണ് എനിക്കു താല്പര്യം തോന്നിയിട്ടുള്ളത്
ജെ എസ് അടൂർ