കേരളത്തെ ഞെട്ടിച്ച ഒരു കൊലപാതകത്തിൽ 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടിയ പൊലീസിന് ഇപ്പോൾ വൻ കയ്യടിയാണ് ലഭിക്കുന്നത്. ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിൽ നടന്ന സംഭവമായതിനാൽ, പ്രതികളെ പിടികൂടിയില്ലങ്കിൽ രമേശ് ചെന്നിത്തല തന്നെ ഏറെ വിമർശനം കേൾക്കേണ്ടി വരുമായിരുന്ന കേസുകൂടി ആയിരുന്നു ഇത്. ഇവിടെയാണ് പൊലീസ് ഉണർന്ന് പ്രവർത്തിച്ചത് എറണാകുളം റെയ്ഞ്ച് ഡിഐജി യതീഷ് ചന്ദ്ര നേരിട്ട് തന്നെ കൊലപാതകം നടന്ന വീട്ടിൽ എത്തിയാണ് അന്വേഷണത്തിന് നേതൃത്വം കൊടുത്തത്. ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപുമായി ചേർന്ന് യതീഷ് ചന്ദ്ര നടത്തിയ നീക്കങ്ങളും, ഡിവൈഎസ്പി ടി. രാജപ്പൻ, സിഐ ബി. വിനോദ്കുമാർ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക സ്‌ക്വാഡ് ഉണ്ടാക്കിയതും പ്രതികളുടെ സകല കണക്ക് കൂട്ടലുകൾക്കും അപ്പുറമായിരുന്നു. മണിക്കൂറുകൾക്കുള്ളിലാണ് അന്വേഷണം വ്യാപിപ്പിച്ചത്.
മൊബൈൽ ഫോൺ ടവർ ലൊക്കേഷനിലെ വിവരങ്ങൾ ശേഖരിക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തതും കേസിൽ നിർണ്ണായകമായി. വനിതാ സിഐയുടെ നേതൃത്വത്തിൽ പെൺകുട്ടിയെ വിശദമായി തന്നെ ചോദ്യം ചെയ്യുകയുണ്ടായി. ആദ്യം അവർ സമർത്ഥമായി പ്രതിരോധിച്ചെങ്കിലും , തെളിവുകൾ ഹാജരാക്കിയപ്പോൾ പിടിച്ചുനിൽക്കാൻ കഴിയാതെ കുറ്റം സമ്മതിക്കുകയാണുണ്ടായത്. പ്രതികളായ 3 പേരെയും , മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൊല്ലത്തു നിന്നാണ് പിടികൂടിയിരുന്നത്. ഇവർ വിറ്റ സ്വർണം കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. ഡിഐജിയും ജില്ലാ പൊലീസ് മേധാവിയും ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ തമ്പടിച്ചാണ് അന്വേഷണത്തിനു മേൽനോട്ടം വഹിച്ചിരുന്നത്. പ്രതികൾ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചിട്ടും തന്ത്രപരമായ നീക്കത്തിലൂടെ പ്രതികളെ കുരുക്കാൻ കഴിഞ്ഞത്, കേരള പൊലീസിനെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണ്.
എസ്എച്ച്ഒമാരായ നൗഷാദ്, ഷൈജ, എസ്ഐ ശ്യാം, എഎസ്ഐമാരായ പ്രമോദ്, ഷിഹാബ്, സിപിഒമാരായ ശ്രീജിത്ത്, എ.നിഷാദ് ഹരി, പ്രദീപ്, അരുൺ, സജാദ്, രഞ്ജിത്ത് ജവാഹർ, അഖിൽ മുരളി, രഞ്ജിത്ത്, ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം അംഗങ്ങൾ, സൈബർ സെൽ ഉദ്യോഗസ്ഥരായ ഗിരീഷ്, ഷിബു എന്നിവരടങ്ങിയ വലിയ ഒരു ടീം തന്നെ ഈ സംഘത്തിൽ വിശ്രമമില്ലാതെ പ്രവർത്തിച്ചിട്ടുണ്ട്.
കേസിൽ പിടിയിലായ 4 പേരും 18നു വയസ്സിനു താഴെയുള്ളവരായതിനാൽ ബാലനീതി നിയമപ്രകാരമുള്ള നടപടികളാണ് ഇവർക്ക് എതിരെ ഇനി ഉണ്ടാകുക. ജുവനൈൽ ജസ്റ്റിസ് ബോർഡാണു വിചാരണ നടത്തുക. പൊലീസും അഭിഭാഷകരും യൂണിഫോം ഒഴിവാക്കിയും മറ്റുമാണു വിചാരണയിൽ പങ്കെടുക്കുവാൻ പോകുന്നത്. മുതിർന്നവർ സമാനമായ കുറ്റകൃത്യങ്ങൾ ചെയ്താൽ ലഭിക്കുന്നതിനേക്കാൾ ലഘുവായ ശിക്ഷയാണു ഈ പ്രതികൾക്ക് ലഭിക്കുക എങ്കിലും, പൊലീസിൻ്റെ മിന്നൽ നടപടി സമാന കുറ്റകൃതൃങ്ങൾ തടയാൻ സഹായകരമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. തടവുശിക്ഷ ലഭിക്കുന്ന കുട്ടികളെ പാർപ്പിക്കാൻ പ്രത്യേകം സംരക്ഷണ കേന്ദ്രങ്ങൾ തന്നെ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്.
അതേസമയം തന്നെ, 16–18 പ്രായപരിധിയിലുള്ളവർ ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്താൽ, അവരെ മുതിർന്നവരായി കണ്ടു വിചാരണ നടത്താൻ പൊലീസിന് ആവശ്യപ്പെടാൻ കഴിയും. ജുവനൈൽ ജസ്റ്റിസ് ബോർഡ് കുട്ടികളുടെ മാനസിക നില പരിശോധിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
കരുവാറ്റ കൊലപാതകത്തിൽ പ്രതികളായ മൂന്നു പേരെ മുതിർന്നവരായി പരിഗണിക്കണമെന്നു കാട്ടി റിപ്പോർട്ട് നൽകുമെന്നാണ് ഇപ്പോൾ പൊലീസ് അറിയിച്ചിരിക്കുന്നത്. നിലവിൽ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുൻപിൽ ഹാജരാക്കിയ 4 പ്രതികളെയും സംരക്ഷണ കേന്ദ്രത്തിലേക്ക് അയച്ചിരിക്കുകയാണ്. കരുവാറ്റയിൽ 65കാരനായ ശിവൻകുട്ടി ചെട്ടിയാരെ കൊലപ്പെടുത്തിയ കേസ്, പുതു തലമുറയിലെ ഒരു വിഭാഗത്തിൻ്റെ മാനസിക നിലകൂടിയാണ് തുറന്നുകാട്ടുന്നത്. 13കാരിയായ ബന്ധുവും ആൺസുഹൃത്തുക്കളും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തൽ. ഐഫോൺ വാങ്ങാനും ആൺസുഹൃത്തിന് ബൈക്ക് വാങ്ങാനും പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയുമാണ് ഈ പദ്ധതി തയ്യാറാക്കിയിരുന്നത്.
ശിവൻകുട്ടിയുടെ വീട്ടിൽ സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരവും പെൺകുട്ടിയാണ് സുഹൃത്തുക്കൾക്ക് കൈമാറിയതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഈ വീട്ടിൽ നിന്നും ആറു പവനോളം സ്വർണമാണ് നഷ്ടപ്പെട്ടിരുന്നത്.കൊലപാതകത്തിനായി പ്രതികൾ പല പദ്ധതികളും ആലോചിച്ചിരുന്നതായാണ് പുറത്തുവരുന്ന വിവരം. 2017ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘സ്പൈഡർ’ കണ്ടതിൽ നിന്നാണ് വീടിന്റെ മേൽക്കൂരയിലൂടെ അകത്തുകടന്ന് ആക്രമണം നടത്താനുള്ള ആശയം ഇവർക്ക് ലഭിച്ചത്.വീടിന്റെ ഓട് പൊളിച്ച് അകത്തുകടന്ന് ശിവൻകുട്ടിയുടെ തലയിൽ വലിയ കല്ലിട്ട് കൊലപ്പെടുത്താനായിരുന്നു ആദ്യ പദ്ധതി. എന്നാൽ ഓടിന് താഴെ മച്ച് പാകിയിരുന്നതിനാൽ ആ പദ്ധതി വിജയിച്ചില്ല. തുടർന്ന് വീടിന്റെ മറ്റൊരു ഭാഗത്തുകൂടി അകത്തുകയറിയാണ് പ്രതികൾ കൃത്യം നടത്തിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
കൊലപാതകം നടത്തുന്നതിനായി പല മാർഗങ്ങളും കൗമാര സംഘം ചർച്ച ചെയ്തിരുന്നു. വിഷം നൽകി കൊല്ലുക, വാഹനമിടിപ്പിച്ച് കൊലപ്പെടുത്തുക തുടങ്ങിയ ആലോചനകളും 13കാരിയും ആൺസുഹൃത്തും തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശങ്ങളിൽ ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്.കൊലപാതകവുമായി ബന്ധപ്പെട്ട ചാറ്റുകൾ പ്രതികൾ മായ്ച്ചുകളയാതിരുന്നതും, അന്വേഷണത്തിൽ ഏറെ നിർണായകമായിട്ടുണ്ട്. പിടിക്കപ്പെടില്ലെന്ന അമിത ആത്മവിശ്വാസമാണ് ഡിജിറ്റൽ തെളിവുകൾ അവശേഷിപ്പിച്ചതെന്നാണ് പൊലീസിൻ്റെ വിലയിരുത്തൽ.ശിവൻകുട്ടിയുടെ വീട്ടിലേക്കുള്ള വഴി ഉൾപ്പെടെയുള്ള വിവരങ്ങൾ 13കാരി ആൺസുഹൃത്തിന് കൈമാറിയതായും ഫോൺ പരിശോധനയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. വീട്ടിൽ ആരൊക്കെയുണ്ട് ? എപ്പോൾ വീട്ടിൽ ആളുണ്ടാകില്ല ? തുടങ്ങിയ വിവരങ്ങളും പ്രതികൾ പരസ്പരം കൈമാറിയിരുന്നോയെന്നതടക്കം പൊലീസ് പരിശോധിച്ചിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം പ്രതികൾ പെൺകുട്ടിയെ വീഡിയോ കോളിലൂടെ ബന്ധപ്പെടുകയും, സംഭവത്തിന്റെ ദൃശ്യങ്ങൾ കാണിച്ചുകൊടുക്കുകയും ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.ഭാര്യയും മകളും ആശുപത്രിയിലായിരുന്നതിനാൽ ശിവൻകുട്ടി വീട്ടിൽ ഒറ്റയ്‌ക്കായിരുന്ന സമയത്താണ് സംഘം കൃത്യം നടത്തിയിരിക്കുന്നത്. വീടിന്റെ പിന്നിലൂടെ അകത്തുകയറിയ പ്രതികൾ മോഷണശ്രമത്തിനിടെ ശിവൻകുട്ടിയെ കീഴ്പ്പെടുത്തുകയായിരുന്നു. ശിവൻകുട്ടിയുടെ കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. കഴുത്തിൽ തുണികൊണ്ട് മുറുക്കിയ പാടുകളും ശരീരത്തിലുണ്ടായിരുന്നു. മുളകുപൊടി ഉപയോഗിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകത്തിന് പിന്നാലെ 13കാരിയുടെ പെരുമാറ്റത്തിലും ചില അസ്വാഭാവികതകൾ അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. സംഭവത്തെക്കുറിച്ചുള്ള ആദ്യ ചോദ്യംചെയ്യലിൽ സ്വാഭാവികമായ മറുപടികളാണ് നൽകിയതെങ്കിലും, ഫോൺ പരിശോധനയിൽ ലഭിച്ച തെളിവുകളാണ് നിർണായകമായത്. സമർത്ഥമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഒരു സീരിയസ് ക്രൈം, ഏറ്റവും വേഗത്തിൽ പിടിക്കാൻ കഴിഞ്ഞു എന്നതിൽ, അന്വേഷണത്തിന് മേൽ നോട്ടം വഹിച്ച ഡിഐജിക്കും എസ്പിക്കും , ഈ ടീമിലെ മുഴുവൻ പൊലീസ് ഉദ്ദ്യോഗസ്ഥർക്കും ഒരു ബിഗ് സല്യൂട്ട് തന്നെ നൽകുകയാണ്.

